” ബ്ലാക് പാന്തര്‍ ” ഹോളിവുഡ് നടന്‍ ചാഡ്‌വിക് ബോസ്മാന്‍ അന്തരിച്ചു

0
152

ജനഹൃദയങ്ങളില്‍ ബ്ലാക് പാന്തറായി അവതരിച്ച പ്രസിദ്ധ ഹോളിവുഡ് നടന്‍ ചാഡ്‌വിക് ബോസ്‌മെന്‍ അന്തരിച്ചു. നാല്‍പത്തിമൂന്നുകാരനായ ചാഡ്‌വിക് കഴിഞ്ഞ നാലുവര്‍ഷക്കാലത്തോളമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. മാര്‍വ്വല്‍ സ്റ്റുഡിയോസിന്റെ ബ്ലാക് പാന്തറില്‍ അഭിനയിക്കുന്നതിന് മുന്‍പ് പ്രസിദ്ധ അമേരിക്കല്‍ ബേസ്‌ബോള്‍ താരമായ ജാക്കി റൂസ്‌വെല്‍ട്ട് റോബിന്‍സണ്‍ന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച 42 എന്ന ഹോളിവുഡ് സ്‌പോട്‌സ് സിനിമയിലൂടെയാണ് ചാഡ്‌വിക് ലോക ശ്രദ്ധപിടിച്ചു പറ്റുന്നത്.

തുടര്‍ന്ന് അമേരിക്കയിലെ തന്നെ പ്രസിദ്ധനായ പോപ് സിംഗറായ ജെയിംസ് ബ്രൗണിന്റെ ജീവിതകഥയെ ആസ്പദമാക്കിയെടുത്ത മ്യൂസിക്കല്‍-ഡ്രാമ-ബയോപിക് സിനിമയായ ഗറ്റ് ഓണ്‍ അപ് എന്ന സിനിമയില്‍ അഭിനയിച്ചു. അതോടെ ഹോളിവുഡിലെ തിരക്കുപിടിച്ച നടനായി ചാഡ്‌വിക് മാറി. തുടര്‍ന്നാണ് 2018 ലെ ബ്ലാക് പാന്തറായി വേഷമിടുന്നത്. എന്‍.എ.എ.സി.പി ഇമേജ് അവാര്‍ഡ്, സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗ്വില്‍ഡ് അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ അമേരിക്ക-സിവില്‍ വാര്‍, അവഞ്ചേഴ്‌സ് സിവില്‍ വാര്‍, അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം, 21 ബ്രിഡ്ജസ്, ഡാ 5 ബ്ലഡ്‌സ് (2020) എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങള്‍. മലദ്വാരത്തില്‍ വന്ന ക്യാന്‍സറായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തില്‍ വില്ലനായി അവതരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here