മുസ്ലിം പള്ളിയിലെ വാങ്ക് വിളി, തിരുഹൃദയ ദേവാലയത്തിലെ സ്തോത്രഗീതങ്ങൾ, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സുപ്രഭാത കീർത്തനം, ത്രിത്വത്തിൽ ഏകത്വമായി മൂന്നു മതങ്ങളുടെയും പ്രാർത്ഥനാമന്ത്രങ്ങൾ ഏകസ്വരമായി എന്റെ കാതുകളെ, മനസ്സിനെ മെല്ലെ തലോടി. തൊടിയിൽ ഇടതൂർന്നു നിൽക്കുന്ന മരച്ചില്ലകളിൽ നിന്നുയർന്ന കിളിപ്പാട്ടുകളും കൂടിയായപ്പോൾ കൺപോളകളിൽ കനം തൂങ്ങിയ ഉറക്കം പൂർണ്ണമായും വിട്ടൊഴിഞ്ഞു. എത്രകാലം കൂടിയാണ് ഈയൊരു അനുഭൂതിയിൽ ഉറക്കമുണരുന്നത്!
ഞാൻ ജനാലകൾ പതുക്കെ തുറന്നിട്ടു. വൃശ്ചികക്കുളിരിന്റെ നനവുള്ള കാറ്റ് എന്നെ വാരിപ്പുണർന്നു കൊണ്ട് മുറിക്കകത്തു വട്ടം ചുറ്റി. രാത്രിയുടെ കറുപ്പു മാറിവരുന്നതേയുണ്ടായിരുന്നുള്ളൂ.
പന്ത്രണ്ടു വർഷം മുമ്പ് അച്ഛൻ മരിച്ചപ്പോൾ മുതൽ എന്നോടൊപ്പം അയർലണ്ടിലേക്കു വരാൻ ഞാൻ അമ്മയെ നിർബന്ധിക്കുന്നതാണ്. പക്ഷേ, അച്ഛന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന വീടും പരിസരവും വിട്ട് എങ്ങോട്ടും വരില്ലെന്ന് അമ്മ തീർത്തു പറഞ്ഞു. പകരം കുടുംബത്തോടൊപ്പം വീട്ടിൽ വന്നു നിൽക്കാൻ അമ്മ എപ്പോഴും നിർബന്ധിച്ചു കൊണ്ടിരുന്നു. നാട്ടിലെ സാഹചര്യങ്ങളോടു മല്ലടിച്ചു ജീവിക്കാൻ ഭാര്യയ്ക്കും മക്കൾക്കും താല്പര്യമില്ലത്രേ. നാട്ടിൽ ജീവിക്കണമെങ്കിൽ സ്വാതന്ത്ര്യം പണയപ്പെടുത്തണമെന്നാണ് അവരുടെ പക്ഷം, പ്രത്യേകിച്ച് മക്കളുടെ. ഇഷ്ടമുള്ള ഭാഷയും വേഷവും ഭക്ഷണവുമൊക്ക ഈ പണയപ്പെടുത്തലിന്റെ ഭാഗമാകുമെന്ന് അവർ ഭയക്കുന്നു. പുറത്തേക്കിറങ്ങിയാൽ കണ്ണുകൾ കൊണ്ടു ബലാത്സംഗം ചെയ്യുന്ന ആണുങ്ങളെയാണ് മൂത്ത മകൾക്കു പേടി. അവരുടെ സ്വാതന്ത്ര്യത്തിൽ അമിതമായി ഇടപെടാൻ എനിക്കും താല്പര്യമില്ലാത്തതു കൊണ്ട് ആണ്ടിലൊരിക്കൽ വന്നു പോകുന്നു, അച്ഛന്റെ ശ്രാദ്ധത്തിന്. ഒരു വഴിപാടു മാത്രം. സാഹചര്യങ്ങളോട് അമ്മ പൊരുത്തപ്പെട്ടു കഴിഞ്ഞു. വകേലൊരു ആയമ്മ കൂട്ടിനായി എപ്പോഴും വീട്ടിൽത്തന്നെയുണ്ട്. വേറെ ചില കൂട്ടുകാരുമുണ്ട് അമ്മയ്ക്ക്. പുഷ്പിക്കുന്ന ചെടികളും, ഫലം തരുന്ന മരങ്ങളും, കൂടുകളിൽ വളർത്തുന്ന വിവിധ തരം പക്ഷികളുമൊക്കെ അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാർ. രമണിടീച്ചർ എന്ന് അമ്മയെ പേരുചൊല്ലി വിളിക്കുന്ന തത്തയും മാടത്തയും മൈനയും, കൂട്ടിലടച്ചതു കൊണ്ടു കൂകാത്ത കുയിലും, പല വർണ്ണങ്ങളിലുള്ള സൗന്ദര്യപ്പക്ഷികളും പലപല കൂടുകളിൽ കലപില കൂട്ടുന്നു. രാവിലെ ഉണർന്നാലുടനെ ഈ പക്ഷിമിത്രങ്ങളുമൊത്തുള്ള അര മണിക്കൂർ നേരത്തെ സല്ലാപത്തോടെയാണ് അമ്മയുടെ ദിനചര്യ ആരംഭിക്കുന്നത്.
ഒരാഴ്ച്ചത്തേക്കു നീ തനിച്ചെങ്കിലും എന്നോടൊപ്പം വന്നു താമസിക്കണമെന്ന അമ്മയുടെ അപേക്ഷാരൂപത്തിലുള്ള വാക്കുകൾ എനിക്കു നിരസിക്കാനായില്ല. ജീവിതത്തെ തളർത്തുകയും ഉണർത്തുകയും ചെയ്തിട്ടുള്ള നിരവധി അനുഭവങ്ങൾക്കു സാക്ഷ്യം നിന്ന ഈ വീടിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും അമ്മയുടെ വിളി കേട്ടു, “മോനേ ഹരിക്കുട്ടാ, നീ ഉണർന്നെങ്കിൽ മുഖമൊക്കെ കഴുകി വാ, ഞാൻ ചായ ഉണ്ടാക്കിത്തരാം”.
“ഞാൻ വരുന്നു അമ്മേ”, ഹരിക്കുട്ടൻ എന്ന് അമ്മ വിളിക്കുന്ന, ഹരി എന്ന് അച്ഛൻ വിളിച്ചിരുന്ന, ഹരിയേട്ടൻ എന്ന് ഭാര്യ വിളിക്കുന്ന, ഹരീന്ദ്രൻ എന്ന ഞാൻ മറുപടി നൽകി.
പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞു വന്നപ്പോഴേക്കും അമ്മ ചായയും, പഴുത്ത ചക്ക കൊണ്ടുള്ള അടയുമുണ്ടാക്കി എന്നെ കാത്തു നിന്നു.
“ചായ കുടിച്ചിട്ടു വാ, നമുക്കിവറ്റകളോട് ഇത്തിരി സ്വകാര്യം പറയാം” പക്ഷികളെ ചൂണ്ടി അമ്മ പറഞ്ഞു.
ഞാൻ ചായയും പലഹാരവും കഴിച്ചിട്ട് അമ്മയോടൊപ്പം പക്ഷിക്കൂടുകൾക്ക് അടുത്തു ചെന്നിരുന്നു. അമ്മ ഓരോന്നിനെയും പേരു ചൊല്ലി എനിക്കു പരിചയപ്പെടുത്തി. എല്ലാ പക്ഷികൾക്കും അമ്മയുടെ വക ഓരോ പേരുണ്ട്. സംസാരിക്കുന്ന തത്തയും മാടത്തയും മൈനയും രമണിടീച്ചർ എന്ന് അവരുടെ ഭാഷയിൽ വായിട്ടലച്ച് പ്രത്യഭിവാദ്യം ചെയ്തു.
“ഇവന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാനാണ് ഞാൻ നിന്നെ നിർബന്ധിച്ചു വിളിച്ചു വരുത്തിയത്”, ഒരു കൂട്ടിൽ കുറുമ്പു കാണിച്ചു പിണങ്ങി നിൽക്കുന്ന മറ്റൊരു തത്തയെ ചൂണ്ടിക്കാട്ടി അമ്മ പറഞ്ഞു.
“ഒരു തത്തയുടെ കാര്യത്തിൽ ഞാനെന്തു തീരുമാനമെടുക്കാനാണ്, എല്ലാ പക്ഷികളും അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരല്ലേ?” ഞാൻ ചോദിച്ചു.
“അല്ല, ഇവനെന്റെ ശത്രുവാണിപ്പോൾ. ഉടനെ ഒരു തീരുമാനമെടുത്തില്ലെങ്കിൽ ഇതിന്റെ പേരിൽ ഇവിടെയൊരു വർഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടേക്കും”.
“ഒരു തത്തയുടെ പേരിൽ എന്തു വർഗ്ഗീയ ലഹള”, ഞാൻ സംശയം പ്രകടിപ്പിച്ചു.
“ഇതിനെ എനിക്കു കിട്ടിയിട്ടു മൂന്നു നാലു മാസങ്ങളായി. ഫുട്ബോളിന്റെ ആകൃതിയിലുള്ള ചെറിയൊരു ഐസ്ക്രീം ബോളിനകത്തു തല കുടുങ്ങി എവിടെ നിന്നോ, എങ്ങനെയൊക്കെയോ പറന്നു വന്നു നമ്മുടെ തൊടിയിൽ ചിറകടിച്ചു കിടന്ന ഇതിനെ ഞാൻ പിടിച്ചു പ്രത്യേക കൂട്ടിലാക്കി പരിപാലിച്ചു. ആദ്യമൊക്കെ കൊടുക്കുന്നതൊന്നും കൊത്തിപ്പെറുക്കാതെ അത് ഉണ്ണാവ്രതമിരുന്നു. പിന്നെപ്പിന്നെ ചിലതൊക്കെ തിന്നു തുടങ്ങി. ഞാനതിനെ പലതും ചൊല്ലിപ്പഠിപ്പിക്കാൻ ശ്രമിച്ചു. രമണിടീച്ചർ എന്നു പറഞ്ഞു കൊടുക്കുമ്പോൾ അതു തിരിഞ്ഞിരുന്നു ഗോഷ്ടി കാണിക്കും. പക്ഷേ, സംസാരിക്കാൻ കഴിവുള്ള തത്തയാണെന്ന് എനിക്കു മനസ്സിലായി. കാരണം, പലപ്പോഴും ഉമ്മച്ചി,അയിഷാക്കാ എന്നൊക്കെ പറയുന്നതു ഞാൻ കേട്ടു. ഒരു മുസ്ലിം വീട്ടിൽ വളർന്ന തത്തയാണെന്നു മനസ്സിലാക്കാൻ പ്രത്യേക അറിവൊന്നും വേണ്ടിയിരുന്നില്ല”.
“ഇതിലെന്താണ് ഒരു വർഗ്ഗീയ ലഹളയ്ക്കു സ്ഥാനം”, ഞാൻ വീണ്ടും സംശയം പ്രകടിപ്പിച്ചു.
“നീ മുഴുവൻ കേട്ടിട്ട് അഭിപ്രായം പറഞ്ഞാൽ മതി”, അമ്മ ദേഷ്യം അടക്കിക്കൊണ്ടു സംസാരം തുടർന്നു.
“ഇബ്രാഹിംകുട്ടിയെ നിനക്കറിയാമല്ലോ. നിങ്ങളൊരുമിച്ചു കളിച്ചു വളർന്നവരല്ലേ. എന്റെ ചോറു തിന്നല്ലേ അവനും വളർന്നത്. എന്റെ കാശു കൊണ്ടല്ലേ അവൻ മീൻകച്ചവടം തുടങ്ങിയത്. തലയിൽ മീൻകുട്ട ചുമന്നുകൊണ്ടു കച്ചവടം തുടങ്ങിയവന് പിന്നീടു സൈക്കിളായി, പെട്ടിവണ്ടി ആയി, ഇപ്പോൾ വലിയ ടെമ്പോ വാനിലായി കച്ചവടം. സമൂഹത്തിൽ വലിയ പ്രമാണിയുമായി. എനിക്കതിൽ സന്തോഷമേയുള്ളൂ. പക്ഷേ, തിന്ന ചോറിനു നന്ദി കാട്ടണം. നന്ദി കാട്ടിയില്ലെങ്കിലും നന്ദികേടു കാട്ടരുത്. അതവൻ ചെയ്തു”.
“ഇബ്രാഹിംകുട്ടി എന്തു ചെയ്തെന്നാണ് അമ്മ പറയുന്നത്”?
“ഇവിടെ ഇങ്ങനെയൊരു തത്തയുള്ള കാര്യം അവനറിയാം. പക്ഷേ, ആരുടേതെന്നോ, ഏതു ദേശത്തു നിന്നു വന്നെന്നോ അവനോ എനിക്കോ അറിയില്ലായിരുന്നു. കഴിഞ്ഞൊരു ദിവസം പള്ളിയിലെ മുക്രിയെയും കമ്മിറ്റിക്കാരെയും, ദേശത്തെ കുറെ മുസ്ലിംകളെയും കൂട്ടി അവൻ ഇവിടെ വന്നു. തത്തമ്മയുടെ അവകാശം സ്ഥാപിച്ച് അവന്റെ ആളെക്കൂട്ടിയുള്ള വരവ് എനിക്കു തീരെ പിടിച്ചില്ല. തനിയെ വന്ന് യഥാർത്ഥ കാര്യം ബോധിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവനില്ലായിരുന്നോ?
ഞാൻ വിട്ടു കൊടുത്തില്ല.
ഇതെന്റെ തത്തയാണ്. ചാകാൻ കിടന്നതിനെ രക്ഷിച്ചു കൂട്ടിലിട്ടു വളർത്തിയതു ഞാനാണ്. ഇതിനെ മറ്റാർക്കും ഞാൻ വിട്ടു കൊടുക്കില്ല. ബലം പ്രയോഗിച്ചു കൊണ്ടുപോകാൻ ശ്രമിച്ചാൽ കൊന്നു കളയും ഞാനതിനെ”.
അപ്പോൾ ആൾക്കൂട്ടത്തിലൊരാൾ കലി തുള്ളിക്കൊണ്ട് എന്നോടു പറഞ്ഞു,
“എങ്കിൽ ടീച്ചറും ഈ പുരയും നിന്നു കത്തുന്നതു കാണേണ്ടി വരും നാട്ടുകാർക്ക്”.
“ഇതറിഞ്ഞു പിറ്റെ ദിവസം കരയോഗക്കാരും കരപ്രമാണിമാരും പകരം ചോദിക്കാനുള്ള കരുത്തു തങ്ങൾക്കുണ്ടെന്നു പറഞ്ഞു വന്നു. നിങ്ങളിതിൽ ഇടപെടേണ്ടതില്ലെന്നും, പ്രശ്നം തീർക്കാൻ എനിക്കറിയാമെന്നും പറഞ്ഞ് ഞാനവരെ മടക്കി അയച്ചു. അതുകൊണ്ടാണ് ഞാൻ നിന്നെ വിളിച്ചു വരുത്തിയത്”.
“അമ്മ സമാധാനമായിട്ടിരിക്ക്. ഞാൻ ഇബ്രാഹിംകുട്ടിയെക്കണ്ടു സംസാരിച്ചിട്ടു മതി ബാക്കി കാര്യങ്ങൾ”.
ഇബ്രാഹിംകുട്ടിയെക്കണ്ടപ്പോൾ അവൻ എന്റെ മുന്നിൽ നിന്നു തേങ്ങിക്കരഞ്ഞു കൊണ്ടു പറഞ്ഞു,
“ഹരിക്കുട്ടാ, നമ്മൾ ഒരുമിച്ചു വളർന്നതല്ലേ. ടീച്ചർ മനസ്സറിഞ്ഞു തന്ന ചോറും കാശുമല്ലേ എന്നെ വളർത്തിയതും വലുതാക്കിയതും. ഞാൻ നന്ദികേടു കാട്ടുമെന്നു ഹരിക്കുട്ടൻ കരുതുന്നുണ്ടോ? പക്ഷേ, എനിക്കൊരു അബദ്ധം പിണഞ്ഞതു സത്യമാണ്. എന്റെ അറിവില്ലായ്മയാണത്.
ഒരുദിവസം പള്ളിയിലെ നിസ്കാരത്തിനു ശേഷം പൊതുവായൊരറിയിപ്പായി ഒരു തത്തയുടെ കാര്യം പറഞ്ഞപ്പോൾ ഞാനാണ് ടീച്ചറുടെ വീട്ടിൽ ഈ തത്തയുള്ള കാര്യം അറിയിച്ചത്. ഉടനെ തന്നെ എല്ലാവരും കൂടി ഇറങ്ങി പുറപ്പെട്ട് ഇത്ര വലിയ പ്രശ്നം സൃഷ്ടിക്കുമെന്നു ഞാൻ കരുതിയില്ല. എനിക്കവരെ തടയാനുമായില്ല. എന്നോടു ക്ഷമിക്കണം”.
തത്തയുടെ യഥാർത്ഥ ഉടമകളെയും കൂട്ടി വീട്ടിലേക്കു വരാൻ ഇബ്രാഹിംകുട്ടിയോടു പറഞ്ഞിട്ട് ഞാൻ അമ്മയോടു നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചു.
“ഒരു മുസ്ലിം വീട്ടിൽ വളർന്ന തത്തമ്മ അപകടത്തിൽപ്പെട്ട് അമ്മയ്ക്കു കിട്ടിയതുകൊണ്ട് അതു നമ്മുടെ സ്വന്തമാകില്ലല്ലോ. പക്ഷിയാണെങ്കിലും അതു വളർന്ന അന്തരീക്ഷമാണ് അതിന്റെ ലോകം. ആ സ്വാതന്ത്ര്യം തട്ടിപ്പറിച്ചെടുക്കാൻ മറ്റാർക്കുമാവില്ല. ഇവിടെ മുസ്ലിം വീട്ടിൽ വളർന്നതോ, ഹിന്ദു വീട്ടിൽ വളരുന്നതോ അല്ല പ്രശ്നം. പക്ഷിയായാലും മൃഗമായാലും മനുഷ്യനായാലും അവർക്ക് അവരുടെ ഇഷ്ടമനുസരിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുകയാണു വേണ്ടത്. മനുഷ്യനെയും മനുഷ്യനെയും തമ്മിൽ സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ കാണാച്ചരടുകൾ കൊണ്ടു ബന്ധിപ്പിക്കുന്നതിനു പകരം അർത്ഥരഹിതമായ ആശയങ്ങൾ കൊണ്ടു സമൂഹത്തിലെ സ്വച്ഛാന്തരീക്ഷം മലിനപ്പെടുത്താൻ എന്തെളുപ്പം, അല്ലേ?”
“നമുക്കിതിനെ തിരിച്ചു കൊടുത്തേക്കാം. തത്തമ്മ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന ഉമ്മച്ചിയും അയിഷാക്കയും, അവരാണ് ഇതിന്റെ യഥാർത്ഥ അവകാശികൾ”.
സമ്മതഭാവത്തിൽ അമ്മ തലയാട്ടി. ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു കവിളിൽ ചുംബിച്ചു.
– രാജൻ വയലുങ്കൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…