Categories: India

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്; പ്രതിപക്ഷനിരയിലെ പ്രഗത്ഭരുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ തേടണമെന്നു രഘുറാം രാജന്‍

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നതെന്നും ഈ വിഷമഘട്ടം തരണം ചെയ്യുന്നതിന് പ്രതിപക്ഷനിരയിലെ പ്രഗത്ഭരുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ തേടണമെന്നു മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജന്‍ . ”കഴിവുള്ളവര്‍ക്ക് ഇന്ത്യയില്‍ ക്ഷാമമില്ല. എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിന് ചെയ്യാനാവില്ല. കഴിവുറ്റവരെ പുറത്തു നിന്നും കൊണ്ടുവരണം. ബിജെപിയില്‍ തന്നെ കഴിവു തെളിയിച്ച മുന്‍ ധനമന്ത്രിമാരുണ്ട്. ഇവരുടെ ഉപദേശം ചെവിക്കൊളളണം.” ദ വയറില്‍ കരണ്‍ താപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് രഘുറാം രാജന്‍ ഈ നിരീക്ഷണങ്ങള്‍ മുന്നോട്ടു വെച്ചത്.

യശ്വന്ത് സിന്‍ഹയേയും ചിദംബരത്തേയും പോലുള്ളവരുടെ സഹായം തേടണമെന്നാണോ ഉദ്ദേശിച്ചതെന്ന ചോദ്യത്തിന് രാജന്റെ മറുപടി ഇതായിരുന്നു:  ”ഈ ഘട്ടത്തില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നോട്ടുള്ള യാത്രയ്ക്ക് വിഘാതമാവരുത്. ””വൈറസിനെ നേരിടുന്നതിനൊപ്പം തന്നെ സുപ്രധാനമാണ് സമ്പദ് മേഖലയുടെ പുനരുജ്ജീവനവും. വൈറസ് വരുന്നതിനു മുമ്പു തന്നെ ഇന്ത്യന്‍ സാമ്പത്തിക രംഗം തളരുകയായിരുന്നുവെന്ന് മറക്കരുത്. ഏതു തരത്തിലുള്ള ഉത്തേജനമാണ് ഈ ഘട്ടത്തില്‍ വേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ വേണം.”ഒരുപാട് തമോഗര്‍ത്തങ്ങള്‍ സാമ്പത്തിക മേഖലയിലുണ്ട്. വെറുതെ പണം ഇറക്കിയാല്‍ ചോര്‍ന്നു പോവുന്നതറിയില്ല. ഈ തമോഗര്‍ത്തങ്ങള്‍ അടയ്ക്കണം. സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍ ആദ്യം തന്നെ അംഗീകരിക്കണം. യാഥാര്‍ത്ഥ്യ ബോധത്തില്‍ അടിയുറച്ചുള്ള  സമീപനമാണ് വേണ്ടത്.”

കുടിയേറ്റ തൊഴിലാളികളുള്‍പ്പെടെയുള്ള ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് അടിയന്തരമായി പണം കൈമാറേണ്ടതുണ്ടെന്ന നിലപാട് രഘുറാം രാജന്‍ ആവര്‍ത്തിച്ചു. കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാരുടെ ദുരിതം ലഘൂകരിക്കുമെന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അവകാശവാദത്തോട് രാജന്‍ വിയോജിച്ചു.  ”ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയതുകൊണ്ടു മാത്രം ഇവരുടെ പ്രശ്നങ്ങള്‍ തീരുന്നില്ല. പച്ചക്കറികളും പാചകത്തിനുള്ള  എണ്ണയും മറ്റും വാങ്ങാന്‍ ആളുകള്‍ക്ക് പണം വേണം. പ്രായമായവരെ പരിപാലിക്കുന്നതിനും പണം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ പണം നേരിട്ട് കൈമാറണമെന്നത് ഈ ഘട്ടത്തില്‍ അടിയന്തര പ്രാധാന്യമുള്ള സംഗതിയാണ്. ജനങ്ങളുടെ പട്ടിണി മാറ്റുകയാണ് കൂടുതല്‍ പ്രധാനം. 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ വളരെ വലിയ തുകയൊന്നും ഇതിനായി വേണ്ടി വരില്ല.”

തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതാവശ്യമാണെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കണം സര്‍ക്കാര്‍ ഈ നടപടികളുമായി മുന്നോട്ടടപോകേണ്ടതെന്നും രാജന്‍ വ്യക്തമാക്കി.” തൊഴിലാളികള്‍ക്കും വ്യവസായ സംരംഭകര്‍ക്കും ഒരുപോലെ പ്രയോജനകരമാവുന്ന പരിഷ്‌കാരങ്ങളാണ് നടപ്പാക്കേണ്ടത്. കരാര്‍ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടണം. ഏകപക്ഷീയമായല്ല തൊഴില്‍ നിയമങ്ങള്‍ തിരുത്തേണ്ടത്. ഇടയ്ക്കിടയ്ക്ക് നിയമങ്ങള്‍ മാറ്റുന്നത് ഒരു വിഭാഗത്തിനും ഗുണം ചെയ്യില്ല.”ചെറുകിട, ഇടത്തരം വ്യവസായ ശാലകള്‍ക്കായി മൂന്നു ലക്ഷം കോടി രൂപയുടെ വായ്പകള്‍ ലഭ്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയും ലക്ഷ്യം കാണണമെന്നില്ലെന്ന് രാജന്‍ ചൂണ്ടിക്കാട്ടി. ”ഇപ്പോള്‍ തന്നെ ഈ സംരംഭകര്‍ വലിയ കടത്തിലാണ്. അവരുടെ കടം വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണുണ്ടാവുകയെന്നാലോചിക്കേണ്ടതുണ്ട്.

നേരത്തെ ഈ മേഖലയില്‍ നല്‍കിയ വായ്പകള്‍ ഭൂരിഭാഗവും നിഷ്‌ക്രിയ ആസ്തിയായി മാറുന്ന കാഴ്ചയാണ് കണ്ടത്. നിലവിലുള്ള കടങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള വഴികളാണ് അന്വേഷിക്കേണ്ടത്. ഇവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കപ്പെടണം. ഡിമാന്റ് വര്‍ദ്ധനവാണ് അതിനു വേണ്ടത്. അതിനുള്ള ഇടപെടലാണ് സര്‍ക്കാര്‍ കൂടുതലായി ചെയ്യേണ്ടത്.”അടിത്തട്ടില്‍ കാര്യങ്ങള്‍ ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരുകളെ ഓരോ കാര്യത്തിലും കൈപിടിച്ചു നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് രാജന്‍ പറഞ്ഞു. ” മൈക്രോ മാനേജ്മെന്റ് സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്നതാണ് എന്തുകൊണ്ടും നല്ലത്. ”

കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലിടങ്ങളില്‍ കൂടുതല്‍ സുരക്ഷയും സൗകര്യങ്ങളും ഏര്‍പ്പെടുത്തണം.  ഒരു പ്രതിസന്ധിയില്‍ ഇവര്‍ക്ക് പണമെത്തിക്കാനുള്ള സംവിധാനം ഇപ്പോഴില്ല. ഇതിനുള്ള നടപടികള്‍ ഇനിയും വൈകരുത്. ചെറുകിട, ഇടത്തരം വ്യവസായ മേഖലയുടെ പുനരുജ്ജീവനത്തിന് ഈ നടപടികള്‍ അനിവാര്യമാണെന്നും രാജന്‍ ചൂണ്ടിക്കാട്ടി. ചെയ്യേണ്ട കാര്യങ്ങള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നില്ലെങ്കില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ഭാവി തീര്‍ത്തും അനിശ്ചിതത്വത്തിലാവുമെന്നും പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമായിരിക്കും നമ്മള്‍ കാണാന്‍ പോവുന്നതെന്നും രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കി.

Newsdesk

Recent Posts

കനത്ത മഴയ്ക്ക് സാധ്യത; വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…

7 hours ago

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം, തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് ചരിത്ര ജയം

സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…

9 hours ago

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ?

ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…

17 hours ago

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്‌

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…

1 day ago

‘റൺ മാമാ റൺ’- സുരാജ് വെഞ്ഞാറമൂട് നായകൻ

ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…

1 day ago

ഡബ്ലിനിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾക്ക് തീപിടിച്ചു

തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…

2 days ago