Categories: Kerala

മാധ്യമ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മാധ്യമ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണിനും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്കിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമസ്വാതന്ത്ര്യം തടയുന്നത് ജനാധിപത്യ നിഷേധമാണെന്നും ഭയപ്പെടുത്തി ചൊൽപ്പടിക്ക് നിർത്തുക എന്ന തന്ത്രമാണ് ഇതിന് പിന്നിലെന്നും പിണറായി വിജയൻ ഫേസ്ബുക്കില്‍ കുറിച്ചു.

ഡെല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് മലയാളം ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമാണ്.മുഖം മോശമായതിനു കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്‍റേത്. ഇത് വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയുള്‍ക്കൊള്ളുന്ന നടപടിയാണ്; അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുന്നു; മര്യാദയ്ക്കു പെരുമാറിക്കോളണം എന്ന ഭീഷ ണിയുമാണ്.

സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിനെതിരായ പരിധി ലംഘിച്ചുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തിയിട്ടുള്ളത്. ആര്‍എസ്എസിനെ വിമര്‍ശിച്ചാല്‍, സംഘപരിവാറിനെ വിമര്‍ശിച്ചാല്‍ പാഠം പഠിപ്പിക്കും എന്ന ഭീഷണിയാണ് ഉണ്ടായിട്ടുള്ളത്. ഇത് നാളെ സകല ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളെയും ഗ്രസിക്കുന്ന വിധത്തില്‍ പടരും എന്നതു തിരിച്ചറിയണം. ജനാധിപത്യപരമായ ജാഗ്രത പാലിക്കുകയും വേണം. ഭയപ്പെടുത്തി ചൊല്‍പ്പടിക്കു നിര്‍ത്തുക എന്ന തന്ത്രമാണ് ഇതിനു പിന്നില്‍. അത്തരം സമീപനം തുടര്‍ച്ചയായി പാര്‍ലമെന്‍റിലും ഭരണഘടനാ സ്ഥാപനങ്ങളിലും ജുഡീഷ്യറിയിലും പ്രയോഗിക്കുന്നത് സമീപ നാളുകളില്‍ കണ്ടു.

സത്യസന്ധമായ റിപ്പോര്‍ട്ടില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുകയും യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ മറച്ചു പിടിക്കുകയുമാണ് സംഘപരിവാറിന്‍റെ അജണ്ട. ഭരണഘടനാ സ്ഥാപനങ്ങളുടെ ഇടപെടല്‍ ശേഷി നശിപ്പിക്കുകയോ അതല്ലെങ്കില്‍ അവയെ വരുതിയില്‍ നിര്‍ത്തുകയോ ചെയ്യുക എന്ന തന്ത്രം സംഘപരിവാര്‍ ഭരണത്തില്‍ വന്നതുമുതല്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്‍റെ തുടര്‍ച്ചയായാണ് മാധ്യമങ്ങള്‍ക്കുമേല്‍ കൈവെയ്ക്കുന്നത്.

ആര്‍എസ്എസിനെയും ഡെല്‍ഹി പൊലീസിനെയും വിമര്‍ശിച്ചു എന്നതാണ് വിലക്കിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആരും വിമര്‍ശനത്തിന് അതീതരല്ല. ആര്‍എസ്എസിനെ വിമര്‍ശിക്കുന്നത് എങ്ങനെയാണ് നിയമവിരുദ്ധമാവുക? ഏതൊരു പൗരനും സ്വന്തം അഭിപ്രായം നിര്‍ഭയമായി പ്രകടിപ്പിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ആര്‍എസ്എസ് വിശുദ്ധ സംഘടനയാണ് എന്ന് ഏതു നിയമ പുസ്തകത്തിലാണ് പറഞ്ഞിട്ടുള്ളത്?

പേടിപ്പിച്ച് വരുതിയില്‍ കൊണ്ടുവരാനുള്ള നീക്കം മാധ്യമങ്ങളെ ലക്ഷ്യമിട്ട് സംഘപരിവാര്‍ നടത്തുന്നത് ഇതാദ്യമല്ല. മാധ്യമങ്ങളെ പലതരത്തില്‍ ആക്രമിക്കുന്ന പ്രവണത അടിക്കടി ഉണ്ടാകുന്നുണ്ട്. ഇവിടെ രണ്ടു ചാനലുകള്‍ക്ക് വിലക്ക് വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ പ്രതിഷേധിച്ചിട്ടുണ്ട്. എന്നാല്‍, ഉടമകള്‍ അടങ്ങുന്ന സംഘടനകളുടെ പ്രതിഷേധസ്വരം പൊതുവേദിയില്‍ ഉയര്‍ന്നു കേട്ടില്ല. സാധാരണനിലയില്‍ പല കാര്യങ്ങളിലും ആവേശപൂര്‍വ്വം പ്രതികരിക്കാറുള്ള ഈ സംഘടനകള്‍ ഇക്കാര്യത്തില്‍ പാലിച്ച മൗനം ശരിയായോ എന്ന് അവര്‍ തന്നെ ആലോചിക്കേണ്ടതാണ്.

രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശവും ചുമതലയും മാധ്യമങ്ങള്‍ക്കുമുണ്ട്. ഇതു രണ്ടും വിലക്കപ്പെടുന്നത് ഏതു തരത്തിലായാലും ജനാധിപത്യ നിഷേധമാണ്. അതുകൊണ്ട് ഇത്തരം തെറ്റായ നടപടികള്‍ പുനഃപരിശോധിക്കുകയും മാധ്യമങ്ങളെ സ്വതന്ത്രവും നീതിപൂര്‍വകവുമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്യേണ്ടതുണ്ട്.

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

14 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

14 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

14 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

17 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

19 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

20 hours ago