Ireland

ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതം പറഞ്ഞു ശ്രീ. ഗോപിനാഥ് മുതുകാട് ഒരുക്കിയ “വിസ്മയ സാന്ത്വനം ” ആസ്വാദക ഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ച് അവിസ്മരണീയമായി!

“ജീവിതം ഒരു മാജിക് അല്ല; ജീവിതം ഒരു  യാഥാർഥ്യമാണ്”. ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി ശേഷിച്ച  ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന പ്രശസ്ത മജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാടിൻറെ വാക്കുകൾ ആണിത്. ഇന്നലെ യുകെ യിലും അയർലണ്ടിലുമായി  ഓൺലൈനിലൂടെ അവതരിപ്പിക്കപ്പെട്ട “വിസ്മയ  സാന്ത്വനം”  എന്ന പരിപാടി ആ പേരിനെ അന്വർത്ഥമാക്കുന്ന  തരത്തിൽ ഒരേ സമയം വിസ്മയവും  സാന്ത്വനവും ആയിരുന്നു.

ശ്രീ ഗോപിനാഥ് മുതുകാട് എന്ന മനുഷ്യന്റെ ഇച്ഛശക്തിയും സമർപ്പണവും ഈ പരിപാടി കണ്ട ഏതൊരാൾക്കും ബോധ്യപെടുന്നതാണ്. വളരെ മനോഹരമായി അടുക്കും ചിട്ടയോടും കൂടിയാണ് ഓരോ പരിപാടികളും അവതരിപ്പിക്കപ്പെട്ടത്. അതിനിടയിൽ അദ്ദേഹം പറയുന്ന ജീവിതഗന്ധിയായ അനുഭവങ്ങളും സംഭവങ്ങളും ഏതൊരു മനുഷ്യന്റെ കണ്ണുകളിലും സ്നേഹത്തിന്റെ നനവ്  പടർത്തുന്നതായിരുന്നു.

ഒരു പ്രൊഫഷണൽ സ്റ്റേജ് പ്രോഗ്രാമിന്റെ മികവോടെ അവതരിപ്പിക്കപ്പെട്ട  ഈ പരിപാടിയിൽ ആയിരം കാതങ്ങൾക്കുമിപ്പുറം നിന്നുയർന്ന കൈയ്യടികൾ കേൾക്കാൻ അവർക്കു സാധിക്കാതെപോയി എന്നത് മാത്രമായിരുന്നു പരിമിതി. യുക്മയും, Indians in Ireland  ഉം ആയിരുന്നു ഈ  ഓൺലൈൻ ഷോയുടെ സംഘാടകർ. Different Art Center(DAC) ൽ മാജിക്, നൃത്തം, സംഗീതം, മിമിക്രി, താളവാദ്യങ്ങൾ, ചിത്രരചനാ തുടങ്ങിയ വിവിധ ഇനങ്ങളിൽ പരിശീലനം നേടുന്ന ഭിന്നശേഷിക്കാരായ കുട്ടികളാണ് പ്രധാനമായും പരിപാടികൾ അവതരിപ്പിച്ചത്. ശ്രീ ഗോപിനാഥും അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരും ഇല്ല്യൂഷൻ പോലുള്ള മനോഹരവും വിസ്മയകരവുമായ മാജിക്കുകളും  അവതരിപ്പിച്ചു.

അസാധ്യമെന്നു കരുതുന്ന കാര്യങ്ങൾ സാധ്യമാവുന്ന കാഴ്ചയാണ് കണ്ടത്. കുറവുകളേയും പരിമിതികളെയും അതിജീവിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെങ്ങനെയെന്ന് ഈ കുട്ടികളിൽ നിന്ന് കണ്ടുപഠിക്കേണ്ടതുണ്ട്.  ഇവരുടെ മാതാപിതാക്കളെയും ഇവരെ പരിശീലിപ്പിക്കുന്ന അധ്യാപകരെയും കൂടി ഈ ഷോയിൽ പരിചയപ്പെടുത്തി . തിരുവനന്തപുരത്തു ശ്രീ .മുതുകാട്  സ്ഥാപിച്ചിരിക്കുന്ന “മാജിക് പ്ലാനറ്റ്” എന്ന സ്ഥാപനം ഈ കുട്ടികൾക്കും അവരുടെ അമ്മമാർക്കും എത്രമാത്രം സാന്ത്വനവും ആത്മവിശ്വാസവും നൽകുന്നതാണെന്നും വ്യക്തമാക്കുന്നതായിരുന്നു ഈ പരിപാടി. 100 കുട്ടികളാണ് ഇപ്പോൾ ഇവിടെ ഉള്ളത്.  ഈ കുട്ടികളുടെ അമ്മമാർക്ക് തൊഴിലും അതോടൊപ്പം ചെറിയ  വരുമാനവും നേടാനുള്ള “കരിഷ്മാ” എന്ന സ്ഥാപനവും ഇതോടൊപ്പം ഉണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക്  തൊഴിൽ നൽകുക എന്ന ഉദ്ദേശത്തോടെ പണിതുടങ്ങിയ യൂണിവേഴ്സൽ മാജിക് പദ്ധതി കോവിട് മൂലം നിർത്തിവച്ചിരിക്കുകയാണ്. സ്വപ്‌നങ്ങൾ കാണാനും, കാണുന്ന സ്വപനങ്ങൾ   യാഥാർഥ്യമാക്കാനും കഴിവുള്ള ഒരു മനുഷ്യനാണ് ഇവയുടെയെല്ലാം തലപ്പത്തു ഉള്ളത്. പക്ഷെ ഇത് ഒരു ഗോപിനാഥ് മുതുകാടിന്റെ മാത്രം ചുമതലയല്ല. സമൂഹത്തിലെ  ഓരോരുത്തരും കൈകോർത്താൽ ഈ വലിയ മനുഷ്യന്റെ സ്വപ്ങ്ങളും അതോടൊപ്പം പലവിധ പരിമിതികൾ അനുഭവിക്കുന്ന ആ കുട്ടികളുടെയും അവരുടെ അമ്മമാരുടെയും  പ്രതീക്ഷകളും പൂവണിയും.

അയര്‍ലണ്ടിലെ കൗണ്‍സിലറായ ബേബി പെരേപ്പാടന്‍,യുക്മ ദേശീയ സമിതി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവർ ശ്രീ ഗോപിനാഥൻ മുതുകാടിന് പ്രത്യേക നന്ദി രേഖപ്പെടുത്തി. അതുപോലെ ഈ മഹത്തായ ജീവകാരുണ്യ  പ്രവർത്തനത്തിൽ ശ്രീ. ഗോപിനാഥ് മുതുകാടിനെ  സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള ലിങ്ക് വഴി സഹായങ്ങൾ ചെയ്യാവുന്നതാണ്. 

https://www.differentartcentre.com/

നമ്മുടെ മനസ്സിന്റെ കൊച്ചു  നന്മകൾ വലിയ മാറ്റങ്ങൾക്കു കാരണമാകട്ടെ ..! അങ്ങനെ ഈ ലോകം കുറച്ചുകൂടി സുന്ദരമാകട്ടെ..!!

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

6 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

6 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

6 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

9 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

11 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

12 hours ago