സെലിബ്രിറ്റികൾക്ക് മാത്രമുള്ളതല്ല ഈ ‘സംസാരിക്കുന്ന വീടുകള്‍’;വരും നാളുകളില്‍ നമ്മുടെ വീടുകളെയും സ്മാര്‍ട്ട് ഹോം ട്രെന്‍ഡ് മാറ്റിമറിക്കും.

0
194

മാധ്യമ രംഗത്തെ ചക്രവര്‍ത്തിനിയായ ഒപ്രാ വിന്‍ഫ്രീ തന്റെ ഹൈടെക് വീടിനായി ചെലവഴിച്ചത് 14 മില്യണ്‍ ഡോളറാണ്. വീട്ടിലേക്ക് ആരെങ്കിലും വന്നാല്‍ ഡ്രൈവ് വേ സെന്‍സറുകള്‍ തനിയെ പ്രവര്‍ത്തിച്ച് വഴിയിലെ മഞ്ഞുരുക്കുന്നു. സ്മാര്‍ട്ട്‌ഫോണിലൂടെ വിദൂരത്തിരുന്ന് വീട്ടിലെ ചെടി നനയ്ക്കുക പോലും ചെയ്യാനാകും.

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമുള്ള വീടിന്റെ വിശേഷങ്ങളെക്കുറിച്ചുള്ള ഫേസ്ബുക്ക് വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. നടനായ മോര്‍ഗന്‍ ഫ്രീമാന്റെ ശബ്ദത്തില്‍ തയാറാക്കിയിരിക്കുന്ന പ്രത്യേക ആപ്ലിക്കേഷനാണ് സിലിക്കണ്‍ വാലിയിലുള്ള അദ്ദേഹത്തിന്റെ വീട് മുഴുവന്‍ നിയന്ത്രിക്കുന്നതിനായി ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

ശബ്ദത്തോടും ടെസ്റ്റ് മെസേജുകളോടും പ്രതികരിക്കുന്ന സംവിധാനമാണിത്. ലൈറ്റുകള്‍, വാതിലുകള്‍, ഊഷ്മാവ് തുടങ്ങിയവയൊക്കെ ഇതില്‍ നിയന്ത്രിക്കുന്നു. വീട്ടിലുള്ളവരുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സംവിധാനം. അദ്ദേഹത്തിന് പ്രിയപ്പെട്ട പ്രഭാതക്ഷണം പോലും ഒരുക്കുന്നു. ഉറക്കമുണര്‍ന്ന് സുക്കര്‍ബെര്‍ഗ് നേരെ അടുക്കളയിലേക്ക് പോയി ടോസ്റ്ററില്‍ നിന്ന് ടോസ്റ്റ് എടുത്ത കഴിക്കുന്ന ദൃശ്യം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ബില്‍ ഗേറ്റ്‌സ് 20 വര്‍ഷം മുമ്പേ തന്നെ തന്റെ ഭവനം സ്മാര്‍ട്ട് ആക്കിയിരുന്നു. വാഷിംഗ്ടണിലുള്ള വീട് ഏഴ് വര്‍ഷമെടുത്ത് 63 മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ഒരുക്കിയിരിക്കുന്നത്. വീട്ടില്‍ താമസിക്കാനെത്തുന്ന അതിഥികള്‍ക്ക് വെയറബിള്‍ ഡിവൈസുകള്‍ നല്‍കുന്നു. അവര്‍ വീട്ടിലൂടെ നടക്കുന്നത് അനുസരിച്ച് ഓരോ മുറിയും അതിഥിയുടെ താല്‍പ്പര്യം മനസിലാക്കി സ്വയം ക്രമീകരിക്കുന്നു. ഇതെല്ലാം 20 വര്‍ഷം മുമ്പേ അദ്ദേഹം ഒരുക്കിയെന്നതാണ് ഇതിന്റെ സവിശേഷത.

ഇതൊന്നും സെലിബ്രിറ്റികളുടെ വീട്ടില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സവിശേഷതകളല്ല. ലോകം മുഴുവന്‍ സ്മാര്‍ട്ട് ഹോം എന്ന ട്രെന്‍ഡിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. വിദേശരാജ്യങ്ങളില്‍ ഇവയുടെ ഉപയോഗം 40-50 ശതമാനമാണ് കൂടിക്കൊണ്ടിരിക്കുന്നത്. 2020 ആകുമ്പോഴേക്കും സ്മാര്‍ട്ട്‌ഹോം ഓട്ടോമേഷന്റെ ആഗോള വിപണി 21 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്ക്. ഇന്ത്യയില്‍ ഈ മേഖല ശൈശവദശയിലാണ്.

2024ഓടെ അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ പിന്‍ബലത്തോടെ ഇന്ത്യയിലെ ഓട്ടോമേഷന്‍ വിപണി മൊത്തത്തില്‍ 50,000 കോടി രൂപയിലെത്തുമെന്നാണ് കണക്ക്. നിരവധി ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. നാം ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത തരത്തിലുള്ള സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ കൊണ്ടുവരാന്‍ ആ യുവമനസുകള്‍ മല്‍സരിക്കുകയാണ്.

എന്താണ് സ്മാര്‍ട്ട് ഹോം? ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വീട്ടിലുള്ള ഉപകരണങ്ങളെയും വിവിധ വസ്തുക്കളെയും വിദൂരത്തിരുന്ന് കൊണ്ടുപോലും ശബ്ദം കൊണ്ടും ടെക്‌സ്റ്റ് മെസേജുകൊണ്ടും എന്തിന് ആംഗ്യം കൊണ്ട് പോലും നിയന്ത്രിക്കാനാകുന്ന സംവിധാനമാണിത്.

സ്മാര്‍ട്ട് സ്പീക്കറുകള്‍ക്ക് സ്‌കില്ലുകള്‍ കൂടും

ഓട്ടോമേറ്റഡ് ഉപകരണങ്ങള്‍ നേരത്തെ മുതലേയുണ്ടെങ്കിലും സ്മാര്‍ട്ട് ഹോം യഥാര്‍ത്ഥത്തില്‍ ആരംഭിച്ചത് സ്മാര്‍ട്ട് സ്പീക്കറുകളുടെ വരവോടെയാണെന്ന് പറയാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ഹോം, ആമസോണ്‍ ഇക്കോ, ആപ്പിള്‍ ഹോംപോഡ് തുടങ്ങിയ സ്മാര്‍ട്ട് സ്പീക്കറുകള്‍ ഇന്ന് ആഗോളവിപണിയില്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഈ വോയ്‌സ് കണ്‍ട്രോള്‍ഡ് സ്മാര്‍ട്ട് സ്പീക്കറുകളുടെ വില്‍പ്പന ആഗോളതലത്തില്‍ 44 ശതമാനമാണ് വര്‍ധിക്കുന്നത്. കേരളത്തിലും സ്മാര്‍ട്ട് സ്പീക്കറുകള്‍ക്ക് നല്ല ഡിമാന്റുണ്ട്.

എന്താണ് ഇവയുടെ പ്രത്യേകത? സാധാരണ സ്പീക്കറുകള്‍ ശബ്ദം പുറപ്പെടുവിക്കുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ നാം പറയുന്നത് ശ്രദ്ധിക്കുകയും അതിന് മറുപടി പറയുകയും ആജ്ഞകള്‍ അനുസരിക്കുകയും ചെയ്യുന്നവയാണ് സ്മാര്‍ട്ട് സ്പീക്കറുകള്‍. വിളിച്ചാല്‍ വിളി കേള്‍ക്കുക, ആവശ്യപ്പെടുന്ന പാട്ട് കേള്‍പ്പിക്കുക, ടാക്‌സി, വിമാനടിക്കറ്റ് ബുക്ക് ചെയ്യുക, കോള്‍ ചെയ്യുക… തുടങ്ങി ഒന്നു പറഞ്ഞാല്‍ നിരവധി കാര്യങ്ങള്‍ ചെയ്തുതരാന്‍ കഴിവുള്ള ഉപകരണമാണിത്. ഇവയുമായി ഗൃഹോപകരണങ്ങള്‍ ബന്ധിപ്പിച്ചാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ശബ്ദം വഴി ഉപകരണങ്ങള്‍ നിയന്ത്രിക്കാം.

സ്മാര്‍ട്ട് സ്പീക്കറുകളുമായി ബന്ധിപ്പിക്കാവുന്ന സ്മാര്‍ട്ട് ബള്‍ബ്, സ്മാര്‍ട്ട് സ്വിച്ചുകള്‍ തുടങ്ങിയവയ്‌ക്കൊക്കെ ഓണ്‍ലൈന്‍ വിപണിയില്‍ മികച്ച ഡിമാന്റുണ്ട്. സ്മാര്‍ട്ട് സ്പീക്കറുകളിലേക്ക് കൂടുതല്‍ ആപ്പുകള്‍ ചേര്‍ത്ത് അവയുടെ കഴിവ് കൂട്ടാനാകും. ഇതിന് സ്‌കില്ലുകള്‍ ചേര്‍ക്കുകയെന്നാണ് പറയുന്നത്. വരും നാളുകളില്‍ കൂടുതല്‍ സ്‌കില്ലുകളുള്ള സ്മാര്‍ട്ട് സ്പീക്കറുകള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

സംരംഭകര്‍ക്ക് അവസരങ്ങളേറെ

ഈ രംഗത്ത് സംരംഭകര്‍ക്ക് മികച്ച സാധ്യതകള്‍ കൂടിയാണ് ഒരുങ്ങുന്നത്. സാധാരണഗതിയില്‍ 35-38 വയസോടെയാണ് പലരും വീട് സ്വന്തമാക്കുന്നത്. ഈ പ്രായത്തിലുള്ളവര്‍ സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നവരായതിനാല്‍ അവര്‍ വീടിന്റെ ബജറ്റിന്റെ ഒരു ഭാഗം സ്മാര്‍ട്ട് ഡിവൈസുകള്‍ക്കായി മാറ്റിവെക്കാം. ഇത്തരം സ്മാര്‍ട്ട് ഹോമുകളുടെ ലക്ഷ്യം പ്രധാനമായും ജീവിതം എളുപ്പമാക്കുക തന്നെയാണ്.

എന്നാല്‍ അതിനൊപ്പം സുരക്ഷിതത്വം ഉറപ്പാക്കുക എന്നൊരു വലിയ ഉദ്ദേശ്യം കൂടി ഇതിനുണ്ട്. ഇപ്പോഴത്തെ തലമുറയിലെ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നവരായതിനാല്‍ വീട്ടില്‍ കുട്ടികളും പ്രായമായവരും തനിച്ചായിരിക്കും. ഈ സാഹചര്യത്തില്‍ അവരുടെ സുരക്ഷിതത്വത്തിന് സ്മാര്‍ട്ട് ഹോം ഏറെ സഹായകരമാണ്.

ഇവയുടെ ഡിമാന്റ് കൂടുന്നതോടെ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകും. എന്തായാലും വരും നാളുകളില്‍ നമ്മുടെ വീടുകളെയും സ്മാര്‍ട്ട് ഹോം ട്രെന്‍ഡ് മാറ്റിമറിക്കും എന്നുറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here