ജൂലൈ 15, പ്രിയപ്പെട്ട കഥാകാരൻ എംടിയുടെ ജന്മദിനം. 2009-ൽ ‘മലയാളം’ സംഘടനയുടെ ക്ഷണപ്രകാരം അയർലണ്ടിൽ എത്തിയതിനു ശേഷം എല്ലാ വർഷവും മുടങ്ങാതെ ഈ ദിവസം ഞാനും ഭാര്യയും അദ്ദേഹത്തെ വിളിച്ചിരുന്നു. പിറന്നാൾ ആശംസകൾ നേരുക, ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുക, അത്ര മാത്രം. ആ ദിവസം കൂടുതൽ വിവരങ്ങളൊന്നും ഞങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നില്ല, ബോധപൂർവം തന്നെ. അതിനപ്പുറം തിരിച്ചും ഉണ്ടായിരുന്നില്ല. വളരെ ചുരുങ്ങിയ വാക്കുകൾ. “സന്തോഷം, രാജനും മോനിക്കും സുഖം തന്നെയല്ലേ, മക്കൾ സുഖമായിരിക്കുന്നോ”. അവിടം കൊണ്ടു തീരുന്നു അദ്ദേഹത്തിന്റെ വാർത്തമാനങ്ങൾ. ഇന്നത്തെ ദിവസവും ഞങ്ങളുടെ വിളി കേട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. എങ്ങനെ കേൾക്കാൻ? രംഗബോധമില്ലാതെ കടന്നു വന്ന മരണമെന്ന ആ കോമാളി, ഈ വാക്കുകളുടെ ഉടമസ്ഥനെയും കൂട്ടിക്കൊണ്ടു പോയില്ലേ?
“അറിയാത്ത അത്ഭുതങ്ങൾ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രത്തേക്കാൾ അറിയുന്ന നിളാനദിയാണ് എനിക്കിഷ്ടം” എന്ന് എം ടി പറഞ്ഞതു പോലെ, ആൾക്കൂട്ടത്തിന്റെ പിന്നാമ്പുറത്തു നിന്ന്, ഞാനറിഞ്ഞ എംടി എന്ന മഹാത്ഭുതത്തെക്കുറിച്ച് ഓർക്കാതിരിക്കാൻ ഈ ജന്മദിനത്തിലും എനിക്കു കഴിയുന്നില്ല.
തങ്ങൾക്കു പ്രിയപ്പെട്ട എംടിയെ ഒരു പ്രാവശ്യമെങ്കിലും നേരിട്ടുകാണാൻ, ഒരു വാക്കെങ്കിലും സംസാരിക്കാൻ, അദ്ദേഹത്തിന്റെ കഥകളെക്കുറിച്ച്, കഥാപരിസരങ്ങളെക്കുറിച്ച്, കണ്ടും വായിച്ചും പരിചയപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ച് സംവദിക്കാൻ കൊതിച്ചിരുന്ന അസംഖ്യം ജനങ്ങൾ കേരളത്തിനകത്തും പുറത്തും ഇന്നും ഉണ്ടെന്നുള്ള വസ്തുത എന്നെപ്പോലെ പലർക്കും അറിയാം. അങ്ങനെയുള്ള ആളിന്റെ ഹൃദയത്തിനുള്ളിൽ എനിക്കും കുടുംബത്തിനും എങ്ങനെ ഒരിടം കിട്ടി എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. തൊണ്ണൂറാം പിറന്നാളിനും പതിവു പോലെ ഞാനും മോനിയും അദ്ദേഹത്തെ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നു, ആയുരാരോഗ്യ സൗഖ്യം നേർന്നു. തൊണ്ണൂറ്റിയൊന്നാം പിറന്നാളിനും വിളിച്ചെങ്കിലും അദ്ദേഹം പങ്കെടുത്ത എറണാകുളത്തെ ചടങ്ങിൽ വ്യാപൃതനായതു കൊണ്ട് സംസാരിക്കാൻ കഴിഞ്ഞില്ല.
എം ടി സാറിനെ ആദ്യമായി പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്, സംവിധാനം ചെയ്‌തതും തിരക്കഥയൊരുക്കിയതുമായ അനേകം സിനിമകളിലൂടെ. അദ്ദേഹത്തിന്റെ കയ്യൊപ്പു പതിഞ്ഞ ഒരു സിനിമയുണ്ടെങ്കിൽ തീർച്ചയായും അതിലൊരു പുതുമയുണ്ടാകുമെന്നും, ഒരു എംടി ടച്ച് ഉണ്ടാകുമെന്നുമുള്ള സാമാന്യബോധം പലരെയും പോലെ എന്നിലും നിറഞ്ഞു നിന്നു. പിന്നീട് വളരെ മുതിർന്നതിനു ശേഷം വായനയുടെ രണ്ടാമൂഴത്തിലാണ് ഭയഭക്തി ബഹുമാനത്തോടെ അദ്ദേഹത്തിന്റെ രചനകളെ സമീപിക്കുന്നത്. ഒട്ടുമുക്കാലും വായിച്ചു കഴിഞ്ഞു. രണ്ടാം വട്ടവും, മൂന്നാം വട്ടവുമുള്ള വായനയിലൂടെ അതിന്നും തുടരുന്നു. സമ്പൂർണ്ണ തിരക്കഥകൾ ഉൾപ്പെടെ അദ്ദേഹം കയ്യൊപ്പിട്ടു തന്ന മിക്കവാറും എല്ലാ പുസ്‌തകങ്ങളും എന്റെ ഗ്രന്ഥശേഖരത്തിലുണ്ട്.
എംടിയുടെ രചനാവൈഭവത്തെക്കുറിച്ചോ, കഥാമൂല്യങ്ങളെക്കുറിച്ചോ പറയാനല്ല ഞാനിവിടെ ശ്രമിക്കുന്നത്. അതിനുള്ള ഭാഷാപരിജ്ഞാനമോ, വിമർശനബുദ്ധ്യാ സമീപിക്കാനുള്ള ഉൾക്കരുത്തോ എനിക്കില്ല. എത്രയോ മഹത്തുക്കൾ അതൊക്കെ രേഖപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു.
1994-ലാണ് എംടിയെ ആദ്യമായി നേരിട്ടു കാണാനുള്ള ഭാഗ്യമുണ്ടായത്. മുട്ടത്തുവർക്കി അവാർഡ് സമ്മേളനം. ജനകീയ എഴുത്തുകാരനായിരുന്ന ആരാധ്യനായ മുട്ടത്തുവർക്കിയുടെ പേരിലുള്ള മൂന്നാമതു നോവൽ പുരസ്കാരം എംടിയുടെ ‘രണ്ടാമൂഴ’ത്തിനു കോട്ടയത്തു വെച്ചു നൽകപ്പെട്ടു. മുട്ടത്തുവർക്കി ഫൗണ്ടേഷൻ കമ്മിറ്റിയുടെ ഭാഗമായിരുന്നതു കൊണ്ടാണ് എംടിയെ കാണാനും പരിചയപ്പെടാനുമുള്ള അവസരമുണ്ടായത്.
പിന്നീട് 2005-ൽ എൻ്റെ ബാങ്ക് ജോലിയും, ഭാര്യയുടെ നഴ്സിംഗ് കോളേജ് ലെക്ചറർ ജോലിയും ഉപേക്ഷിച്ച് ഞങ്ങൾ അയർലണ്ടിലെ ഡബ്ലിനിലേക്കു കുടിയേറി. അപ്പോഴും, പ്രവാസത്തിന്റെ്റെ മഞ്ഞുപെയ്യുന്ന വാർത്തമാനത്തിലിരുന്നു വാതിൽ തുറക്കുമ്പോൾ ചെന്നെത്തുന്നത് പഴയ മൺവഴികളിലും, പാടവരമ്പുകളിലും, എംടിയെപ്പോലുള്ള എഴുത്തുകാരുടെ എണ്ണമറ്റ കഥാപാത്രങ്ങളിലേക്കുമാണ്.
2009 സെപ്റ്റംബർ മാസത്തിലാണ് എം ടി അയർലണ്ടിലെത്തിയത്. മലയാളം സംഘടന നടത്തിയ വിദ്യാരംഭ ചടങ്ങിലും, ഓണാഘോഷത്തിലും പങ്കെടുക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ഇവിടെയെത്തിയത്. രണ്ടാഴ്ചക്കാലം അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ നൽകിയ പരിമിതമായ സൗകര്യങ്ങളിൽ എംടി തൃപ്തനായിക്കണ്ടു. ഞങ്ങളോടൊപ്പം താമസം, ഞങ്ങളോടൊപ്പം ഭക്ഷണം. വൈകുന്നേരങ്ങളിൽ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ വീട്ടിൽ സുഹൃത്തുക്കൾ സമ്മേളിച്ചു. കഥകൾ, സിനിമകൾ, നടീനടന്മാർ, സന്ദർശിച്ചിട്ടുള്ള ലോകരാജ്യങ്ങൾ, അവിടങ്ങളിലെ സംസ്‌കാരങ്ങൾ, അങ്ങനെ പലതും സംസാര വിഷയങ്ങളായി. ഇടക്കിടക്ക് അദ്ദേഹം തന്നെ നാട്ടിൽ നിന്നു കൊണ്ടു വന്ന ബീഡി കത്തിക്കുകയും, പലപ്പോഴും കെടുകയും, വീണ്ടും വീണ്ടും കത്തിക്കുകയും ചെയ്‌തു കൊണ്ടിരുന്നു.
പൊതുവെ പടമെടുക്കാൻ വിമുഖത കാണിക്കാറുള്ള എംടി, അദ്ദേഹം അറിഞ്ഞും അറിയാതെയും എന്റെ സുഹൃത്തും കലാകാരനുമായ അജിത് കേശവൻ നൂറു കണക്കിനു പടങ്ങളും ചെറു വീഡിയോകളും എടുത്തു. അദ്ദേഹം ഒരു ചെറുപുഞ്ചിരിയെങ്കിലും സമ്മാനിച്ച എത്രയോ പടങ്ങൾ അജിത്തിന്റെ ക്യാമറയിൽ പതിഞ്ഞു.
ഓരോ ദിവസം കഴിയുന്തോറും അദ്ദേഹം ഞങ്ങൾക്ക് അച്ഛനായും, ഗുരുനാഥനായും, വഴികാട്ടിയായും, എന്റെ മകൾക്ക് മുത്തച്ഛനായും വളരുകയായിരുന്നു. ഓരോ ദിവസം കഴിയുന്തോറും അദ്ദേഹത്തിന്റെ ഹൃദയത്തോടു കൂടുതൽ കൂടുതൽ ഞങ്ങളെ ചേർത്തു പിടിച്ചു. ചിക്കു എന്നു വിളിപ്പേരുള്ള ഞങ്ങളുടെ മകളെ ആദ്യമാത്രയിൽ കണ്ടപ്പോൾത്തന്നെ നിഷയെന്ന് അദ്ദേഹം വിളിക്കുന്ന നഖക്ഷതങ്ങളിലെ മോനിഷയെപ്പോലെ ഉണ്ടെന്നു പറഞ്ഞു. അവൾ അദ്ദേഹത്തിനൊരു ഊന്നുവടിയായി എപ്പോഴും നിലക്കൊണ്ടു.
തിരികെപ്പോകുന്നതിൻ്റെ തലേ ദിവസം ഞങ്ങൾക്കും മകൾക്കും മലയാളം സംഘടനക്കും പ്രത്യേകം പ്രത്യേകം അദ്ദേഹത്തിന്റെ്റെ കൈപ്പടയിൽ ഓരോ ചെറിയ ബുക്കിൽ കുറിപ്പുകൾ എഴുതിത്തന്നു. അവയൊക്കെയും ഞങ്ങൾക്കു ജീവിതത്തിൽ കിട്ടിയിട്ടുള്ള അമൂല്യമായ ബഹുമതിപ്പത്രങ്ങളായി കണക്കാക്കി ഇന്നും സൂക്ഷിക്കുന്നു. കൂടാതെ, നാഷണൽ ഫിലിം അവാർഡ് സ്വീകരിക്കാൻ ഡൽഹിയിൽ പോയപ്പോൾ അദ്ദേഹത്തിനു ലഭിച്ച വിലപിടിപ്പുള്ള കോട്ട് (blazer) മകൾക്കു സമ്മാനിക്കുകയും ചെയ്‌തു. പിന്നീട്, യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിലെ ബിരുദദാന ചടങ്ങിൽ അവൾ പങ്കെടുത്തതും ഈ കോട്ട് ധരിച്ചാണ്. ഒന്നുകൂടി പറയട്ടെ, 2014-ൽ അവളുടെ വിവാഹച്ചടങ്ങുകളിൽ സംബന്ധിക്കാൻ മൂന്നു ദിവസം ചങ്ങനാശ്ശേരിയിൽ വന്നു താമസിച്ചതും, അദ്ദേഹത്തിന്റെ കാൽക്കൽ നമസ്‌കരിച്ചു ദക്ഷിണ കൊടുത്തനുഗ്രഹം വാങ്ങി വിവാഹത്തിനു പുറപ്പെടാൻ അവൾക്കു സാധിച്ചതും ഞങ്ങൾക്ക് ജീവിതത്തിലൊരിക്കലും മറക്കുക വയ്യ.
അതിനു ശേഷം പല തവണ അദ്ദേഹത്തെ കണ്ടു. കോഴിക്കോട്ടെ ‘സിതാര’യിൽ പോയും അല്ലാതെയും. 2015-ലെ വിഷു നാളിൽ ഞാനും ഭാര്യയും എംടി സാറിനെ നേരിൽ കാണുകയും, അദ്ദേഹം ഞങ്ങൾക്കു രണ്ടു പേർക്കും 1000 രൂപയുടെ ഒരു നോട്ടുവീതം വിഷുക്കൈനീട്ടം തരികയും ചെയ്തു. 1000 രൂപയുടെ നോട്ടുകൾ പിന്നീട് സർക്കാർ നിരോധിച്ചെങ്കിലും അവയിന്നും ഞങ്ങൾ സൂക്ഷിക്കുന്നു, അദ്ദേഹത്തിന്റെ ഓർമ്മക്കായ്.
ഞങ്ങൾ അദ്ദേഹത്തിനു നൽകിയ സ്നേഹവും കരുതലും എത്രത്തോളം ആയിരുന്നുവോ, അതിൻ്റെ പതിൻമടങ്ങ് അദ്ദേഹം ഞങ്ങൾക്കു തിരികെത്തന്നു. ഞങ്ങൾക്കു ലഭിച്ച സുകൃതം, അല്ലാതെന്തു പറയാൻ. പ്രിയപ്പെട്ട എംടിയുടെ പിറന്നാളിൻ്റെ ഓർമ്മക്കായ് സ്നേഹപൂർവ്വം ഈ കുറിപ്പ് സമർപ്പിക്കുന്നു.
രാജൻ ദേവസ്യ വയലുങ്കൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…