Categories: KeralaTop News

അനില്‍ നമ്പ്യാര്‍ ചാനലിന്റെ ചുമതലകളില്‍നിന്ന് മാറുന്നു

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് മൊഴിയെടുത്ത മാധ്യമപ്രവർത്തകനും ജനം ടിവി കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററുമായ അനില്‍ നമ്പ്യാര്‍ ചാനലിന്റെ ചുമതലകളില്‍നിന്ന് മാറുന്നു. അനില്‍ നമ്പ്യാര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ കസ്റ്റംസിന് മുമ്പാകെ ഹാജരായി മൊഴി കൊടുക്കുകയാണ് ചെയ്തതെന്നും ഒളിച്ചോടിയിട്ടില്ലെന്നും അനില്‍ നമ്പ്യാര്‍ കുറിപ്പില്‍ പറയുന്നു. ‘ഇതില്‍ ഒളിച്ചുവെക്കാനൊന്നുമില്ല. ആരെയും സംരക്ഷിക്കാനുമില്ല.’- അനിൽ നമ്പ്യാർ കുറിച്ചു.

കള്ളക്കടത്തുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിന്റെ വിശദീകരണം തേടാന്‍ മാത്രമാണ് സ്വപ്നയെ വിളിച്ചതെന്നും അനില്‍ നമ്പ്യാര്‍ വ്യക്തമാക്കുന്നു. തന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ദുരീകരിക്കപ്പെടുന്നത് വരെ ജനം ടിവി ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അനില്‍ നമ്പ്യാരുടെ ഫേസ്ബുക്ക് കുറിപ്പ്

കഴിഞ്ഞ കുറെ മണിക്കൂറുകളായി വെറുമൊരു കാഴ്ചക്കാരനായിരിക്കുക യായിരുന്നു ഞാന്‍. ഓണം ഷൂട്ടിംഗിന്റെ തിരക്കുമായി ബന്ധപ്പെട്ട് കൊച്ചിയിലായതിനാലാണ് ഈ കുറിപ്പ് വൈകിയത്. സഹപ്രവര്‍ത്തകരുടെ കൂരമ്പുകളേറ്റ് എന്റെ പ്രതികരണശേഷിക്കോ പ്രജ്ഞക്കോ എന്തെങ്കിലും ചെറിയൊരു പോറല്‍ പോലും ഏറ്റിട്ടില്ല.

നിങ്ങള്‍ വര്‍ദ്ധിത വീര്യത്തോടെ വ്യാജ വാര്‍ത്തകളുമായി പൊതുബോധത്തില്‍ പ്രഹരമേല്‍പ്പിക്കുന്നത് തുടരുക.
ആത്യന്തിക സത്യം അധികകാലം ഒളിച്ചിരിക്കില്ല.
കെട്ടുകഥകള്‍ക്ക് അല്‍പ്പായുസ്സേയുള്ളൂ. എന്നെ മനസ്സിലാക്കിയവര്‍ക്ക്, എന്നെ അടുത്തറിയുന്നവര്‍ക്ക് ഒരു പഠനക്ലാസ് അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ പുകമറക്കുള്ളില്‍ നിന്ന് കള്ളക്കഥകളും കുപ്രചരണങ്ങളും മെനയുന്നവര്‍ സത്യം പുറത്തു വരുന്ന കാലം അതിവിദൂരമല്ലെന്ന് തിരിച്ചറിയുക.

സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസിന് മുന്നില്‍ ഹാജരായി ഇന്നലെ ഞാന്‍ മൊഴി കൊടുത്തു. ക്യാമറകള്‍ക്ക് മുന്നിലൂടെ ഒരു സാധാരണക്കാരനായി നടന്നുപോയാണ് അവരുടെ ചോദ്യങ്ങള്‍ക്ക് അക്കമിട്ട്മറുപടി നല്‍കിയത്. ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ ഇതില്‍ ഒളിച്ചുവെക്കാനൊന്നുമില്ല. ആരെയും സംരക്ഷിക്കാനുമില്ല.

പക്ഷെ ഒരു രാജ്യദ്രോഹിയായി എന്നെ ചിത്രീകരിച്ചു കൊണ്ട് ഇകഴ്ത്തലുകളുടെ ഘോഷയാത്രയുമായി എന്റെ സഹപ്രവര്‍ത്തകര്‍ കഴിഞ്ഞ വാര്‍ത്താദിവസം ആഘോഷിച്ചു.
കഥയറിയാതെ ആട്ടം നടത്തിയവരോട് ഒന്നും പറയാനില്ല.
റേറ്റിങ്ങിനായുള്ള അഭ്യാസമെന്നതിലുപരിയായി ഈ ആട്ടക്കഥയെ ഞാന്‍ കാണുന്നുമില്ല.

ജൂലൈ അഞ്ചാം തീയ്യതിയിലെ ഫോണ്‍ കോളിനെക്കുറിച്ച് വ്യക്തത വരുത്തുകയായിരുന്നു കസ്റ്റംസിന്റെ ഉദ്ദേശ്യം.
ഒരന്വേഷണ ഏജന്‍സി എന്ന നിലയില്‍ അവരുടെ ഉത്തരവാദിത്വം അവര്‍ നിര്‍വ്വഹിച്ചു. എനിക്ക് പറയാനുള്ളത് ഞാന്‍
പറഞ്ഞു. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിച്ചു.
കൃത്യസമയത്ത് തന്നെ ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. ഞാന്‍ ഒളിച്ചോടിയില്ല. നീതിക്ക് നിരക്കാത്തതോ നിയമവിരുദ്ധമായതോ ഒന്നും ചെയ്യാത്തിടത്തോളം കാലം ഒരന്വേഷണത്തെയും ഞാന്‍ ഭയക്കുന്നില്ല.

കഴിഞ്ഞ ഒരു വര്‍ഷത്തെ കോള്‍ ഡീറ്റയില്‍സ്
റെക്കോഡ് പരിശോധിച്ചാല്‍ ഞാന്‍ ഈ സ്ത്രീയെ വിളിച്ചത് ഒരേ ഒരു തവണയാണ്. ആ വിളി യുഎഇ കോണ്‍സുലേറ്റിന്റെ വിശദീകരണം തേടാന്‍ മാത്രമായിരുന്നു. കോണ്‍സുല്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി എന്ന നിലയിലും (അവര്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച കാര്യം എനിക്കറിയില്ലായിരുന്നു) എനിക്ക്പരിചയമുള്ള ഒരു വ്യക്തിയെന്ന നിലയിലും ഫോണില്‍ വിളിച്ച് നിജസ്ഥിതി മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. നയതന്ത്ര ബാഗേജിനെക്കുറിച്ച് അന്വേഷിക്കാന്‍ വിളിച്ച ഞാന്‍ തന്നെ അവരോട് അതല്ലെന്ന് പറയാന്‍ നിര്‍ദ്ദേശിച്ചെന്ന മൊഴിയുടെ സാംഗത്യവും
മനസ്സിലാകുന്നില്ല.

യുഎഇ കോണ്‍സുലേറ്റിന്റെ വിശദീകരണം പ്രാധാന്യത്തോടെ രണ്ട് മണിയുടെ വാര്‍ത്താ ബുള്ളറ്റിനില്‍ കൊടുക്കുകയും ചെയ്തിരുന്നു. സ്വപ്നയെ ഉപദേശിക്കുകയോ അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ എന്റെ ജോലിയല്ല. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് പോലുള്ള ഒരു കണ്‍സള്‍ട്ടന്‍സി കൈയിലുള്ളപ്പോള്‍ അവര്‍ എന്നെപ്പോലുള്ള ഒരാളെ സമീപിക്കേണ്ട കാര്യവുമില്ല.

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിലെ നന്മമരങ്ങളോട് മാത്രമേ സംവദിക്കാവൂ എന്ന് എവിടെയും എഴുതി വെച്ചിട്ടില്ലല്ലോ. ഞാന്‍ അവരെ വിളിക്കുമ്പോള്‍ അവര്‍ സംശയത്തിന്റെ നിഴലില്‍ പോലുമില്ലായിരുന്നു. 2018 ല്‍ പരിചയപ്പെടുന്നവര്‍ നാളെ സ്വര്‍ണ്ണക്കടത്തുകാരോ കൊലപാതകികളോ ആയി മാറുമെന്ന് കവടി നിരത്തി പറയാനാവില്ലല്ലോ.

സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ഇവരാണെന്നറിഞ്ഞിട്ടും ഒളിവില്‍ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ ഒരു ചാനലിലെത്തിയ കാര്യം എല്ലാവര്‍ക്കുമറിയാമല്ലോ. പക്ഷെ ആര് എത്തിച്ചുവെന്ന് ആരും തിരക്കുന്നില്ല ! സ്വപ്നയുമായി ടെലിഫോണില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകന്‍ ഞാന്‍ മാത്രമാണോയെന്ന് ആരും അന്വേഷിക്കുന്നില്ല ! അവരുമായി അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകര്‍ ആരൊക്കെയാണെന്ന് ആര്‍ക്കും അറിയേണ്ട !

അതായത് സ്വര്‍ണ്ണക്കടത്തുമായി എനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം വ്യക്തമാണ്. ഞാന്‍ വഴി ജനം ടിവിയിലൂടെ ബിജെപിയുടെ ഉന്നതരെ അടിക്കുകയാണ് ഉദ്ദേശ്യം. സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയ ജൂലൈ അഞ്ച് മുതല്‍ ഇതു സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളും സമഗ്രമായും വസ്തുനിഷ്ഠമായും ജനം ടിവി അവതരിപ്പിക്കുന്നുണ്ട്. അത് തുടര്‍ന്നും ശക്തിയുക്തം മുന്നോട്ട് പോകണം. ചാനലിലെ എന്റെ സാന്നിദ്ധ്യം വാര്‍ത്തകളുടെ ഒഴുക്കിന് പ്രതിബന്ധമാകുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഈ വിഷയത്തില്‍ എന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ദുരീകരിക്കപ്പെടുന്നത് വരെ
ജനം ടിവി ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ നിന്നും ഞാന്‍ മാറി നില്‍ക്കുന്നു.

Newsdesk

Recent Posts

€1,800 സോളാർ പാനൽ ഗ്രാന്റ് 2026ലും തുടരും

റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…

3 hours ago

മീത്തിൽ ബസും ട്രക്കും കാറും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മീത്തിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഗോർമാൻസ്റ്റണിലെ…

6 hours ago

ബോളിവുഡ് ഇതിഹാസ നടൻ ധര്‍മേന്ദ്ര അന്തരിച്ചു

ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. വാര്‍ത്ത സ്ഥിരീകരിച്ച് സംവിധായകൻ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. 89ാം വയസിൽ മുംബൈയിലെ…

6 hours ago

കാട്ടാളനിലെ സാഹസ്സിക രംഗങ്ങൾ ലൊക്കേഷൻ കാഴ്ച്ചകളായി പ്രേക്ഷകർക്ക് മുന്നിൽ

ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രം സാഹസ്സികതയുടെ ഒരുപെരുമഴക്കാലം…

7 hours ago

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

2 days ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

2 days ago