Categories: Kerala

സ്പോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം

കൊച്ചി: സ്പോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം. 

മെയ്‌ 27നാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച  പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് കാട്ടാന ചരിഞ്ഞത്. സൈലന്‍റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാര്‍ പുഴയിലാണ് സംഭവം. സ്ഫോടകത്തില്‍ നാക്കും വായും ഗുരുതരമായി പരിക്കേറ്റ കാട്ടാന ഏറെ ദിവസങ്ങള്‍ പട്ടിണി കിടന്നലഞ്ഞ ശേഷമാണ് ചെരിഞ്ഞത്.

വനാതിര്‍ത്തിയില്‍ കാട്ടുപന്നിയ്ക്കായി വച്ച സ്ഫോടക വസ്തുവാണ് ആന ഭക്ഷിച്ചത്. വായ പൂര്‍ണമായും തകര്‍ന്ന ആന ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ ഒടുവില്‍ ജനവാസകേന്ദ്രത്തിലെത്തി പുഴയില്‍ സ്ഥാനം പിടിക്കുകയായിരുന്നു. 

രണ്ട് കുംകിയാനകളെ സ്ഥലത്തെത്തിച്ച് കാട്ടാനയെ കരയ്ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മോഹന്‍ കൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. 

ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ആന ചരിഞ്ഞത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 15 വയസുണ്ടായിരുന്ന ആന ഗര്‍ഭിണിയാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വ്യക്തമായത്. സംഭവത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി തക്ക ശിക്ഷ നല്‍കുമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 

മോഹന്‍ കൃഷ്ണന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം: 

മാപ്പ്… സഹോദരീ .. മാപ്പ് …
അവൾ ആ കാടിന്റെ പൊന്നോമനയായിരുന്നിരിക്കണം. അതിലുപരി അവൾ അതിസുന്ദരിയും സൽസ്വഭാവിയും നന്മയുളളവളും ആയിരിക്കണം. അതുകൊണ്ടാണല്ലോ ചെറുപ്രായത്തിൽ തന്നെ അവിടത്തെ ആണാനകളുടെ സ്നേഹ പരിലാളനകൾക്ക് അവൾ പാത്രമായത് .തന്റെ അകകാമ്പിലെവിടെയോ അനുഭവപ്പെട്ട തലമുറ മാറ്റത്തിന്റെ ചെറിയ അനക്കങ്ങളും ശാരീരികപൂർണ്ണതയിലെ മാറ്റങ്ങളും അവൾക്ക് ആരോഗ്യവതിയായിരിക്കേണ്ടതിന്റെ സൂചനകൾ നൽകിയിരിക്കണം. അതാണ് അവൾ ഭക്ഷണം തേടി കാടായി കിടക്കുന്ന നാട്ടിലേക്കിറങ്ങി വന്നത്. പക്ഷെ അവിടെ സ്വാർത്ഥനായ മനുഷ്യൻ എന്തിനും തയ്യാറായി നിൽക്കുന്നത് അവൾ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാൽ തന്നെ ഇരട്ട ജീവനുമായി നടക്കുന്ന തന്നെ ഒഴിവാക്കും എന്ന് അവൾ കരുതി കാണും. അവൾ എല്ലാരെയും വിശ്വസിച്ചു. ഭക്ഷണമായി കഴിച്ച പൈനാപ്പിളോ മറ്റേതോ പഴമോ പടക്കത്തിന്റെ രൂപത്തിൽ പൊട്ടിതെറിച്ചപ്പോൾ അവൾ ഞെട്ടിയത് തന്നേ കുറിച്ചോർത്തായിരിക്കില്ല. പതിനെട്ടോ ഇരുപതോ മാസങ്ങൾക്കു ശേഷമുണ്ടാകാൻ പോകുന്ന പുതു പിറവിയെ കുറിച്ചോർ ത്തായിരിക്കും.

പടക്കത്തിന്റെ ഗാംഭീര്യത്തിൽ വായും നാവും തകർന്ന അവൾ ഭക്ഷണം കഴിക്കാനാകാതെ വിശന്ന് അവിടമാകെ ഓടി നടന്നു. തന്റെ വിശപ്പിനെക്കാളധികം അവളെ വേവലാതിപ്പെടുത്തിയത് അകകാമ്പിലെ ഇളക്കത്തിന്റെ ആരോഗ്യമായിരിക്കും. ഭക്ഷണം തേടി ആ ഗ്രാമത്തിലെ വീടുകൾക്കിടയിലൂടെ പ്രാണവേദനയോടെ ഓടിയപ്പോഴും ഒരു മനുഷ്യ ജീവിയെപ്പോലും അവൾ ഉപദ്രവിച്ചില്ല. ഒരു വിടു പോലും അവൾ തകർത്തില്ല. അതാ തുടക്കത്തിൽ അവൾ നന്മയുള്ളവളാണ് എന്ന് ഞാൻ പറഞ്ഞത്. സൂരജും ജോളിയും ശരണ്യയും ഒക്കെ ഉള്ളത് നമുക്കിടയിലാണല്ലോ.
ഞാൻ അവളെ കാണുമ്പോൾ അവൾ വെള്ളിയാർ പുഴയിൽ മുഖവും തുമ്പിയും താഴ്ത്തി നിൽക്കുകയാണ്. വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി … മുഖത്തെ മുറിവിൽ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവൾ വെള്ളത്തിൽ തല താഴ്ത്തി നിന്നത്.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്ന നിലക്ക് അവളെ കരക്ക് കയറ്റി ചികിൽസ നൽകേണ്ടത് ഞങ്ങളുടെ കടമയാണ്. കഴിവും തന്റേടവുമുള്ള ഞങ്ങളുടെ മേലുദ്യോഗസ്ഥന്റെ ശ്രമഫലമായി ഒരു രാത്രി കൊണ്ട് അവളെ കരക്ക് കയറ്റാൻ പദ്ധതി തയ്യാറായി. പുഴയിൽ നിന്ന് അവളെ ആനയിക്കാൻ കുങ്കികൾ എന്നറിയപ്പെടുന്ന അവളുടെ വർഗ്ഗക്കാരായ സുരേന്ദ്രനും നീലകണ്ഠനുമെത്തി..RRT ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലക്ക് പുഴയിൽ നിന്ന് അവളെ കയറ്റുന്ന പ്രവൃത്തിയുടെ ചുമതലക്കാരൻ ഞാനായി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പക്ഷെ അവൾക്കെന്തോ ആറാം ഇന്ദ്രിയം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഞങ്ങളെ ഒന്നിന്നും സമ്മതിക്കാതെ 27/5 ന് വൈകിട്ട് 4 മണിക്ക് ആ പുഴയിൽ നിന്ന നിൽപിൽ അവൾ ജലസമാധിയായി. എല്ലാവരും ഞെട്ടിപ്പോയി. കുങ്കികൾ ക്ക് എത്ര പെട്ടന്നാണ് കാര്യം മനസ്സിലായത് എന്ന് ഞാൻ ആലോചിച്ചു. അവരതാ കണ്ണീർ വാർക്കുന്നു.കണ്ണീർ വീണ് പുഴതിളക്കുന്നതായി എനിക്ക് തോന്നി. മനുഷ്യന്റെ സ്വാർത്ഥതക്ക് മുമ്പിൽ പുഴയുടെ പ്രതിഷേധം.

ഇനി അവൾക്ക് അർഹിക്കുന്ന യാത്രയയപ്പ് നൽകണം. അതിനായി അവളെ ലോറിയിൽ കയറ്റി വനത്തിനുള്ളിൽ എത്തിച്ചു. ബാല്യ കൗമാരങ്ങളിൽ ഓടികളിച്ച മണ്ണിൽ വിറങ്ങലിച്ച് അവൾ കിടന്നു.
ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കൂടെ നിന്ന എന്നോട് ഒരു ഗദ്ഗദം പോലെ പറഞ്ഞു അവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം എനിക്ക് മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം എനിക്ക് പിടികിട്ടി.

ഞാൻ നിർത്തുകയാണ്. അവിടെ തന്നെ ചിതയൊരുക്കി അവളെ ഞങ്ങൾ സംസ്കരിച്ചു. അഗ്നി എറ്റുവാങ്ങുമ്പോഴും അവളുടെ അമ്മ മനസ്സിനെ ഞാൻ മനസ്സാ നമിച്ചു. സൂക്ഷ്മാണു വായ കൊറോണയുടെ മുമ്പിൽ പോലും പകച്ചു നിൽക്കേണ്ടി വരുന്ന മനുഷ്യ വർഗ്ഗത്തിൽപ്പെട്ട ഒരാളെന്ന നിലക്ക് എനിക്കൊന്നേ എല്ലാവർക്കുമായി അവളോട് പറയാനുള്ളൂ …. സഹോദരീ ….. മാപ്പ്


Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

19 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

19 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

22 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

23 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago