വാഷിംഗ്ടൺ ഡി.സി: ഇറാന് മേൽ അമേരിക്ക യുദ്ധമുൾപ്പടെയുള്ള സൈനികനടപടികളെടുക്കുന്നതിന് പരിധികൾ നിശ്ചയിക്കുന്ന പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. ജനപ്രതിനിധിസഭയിൽ വിശദമായ ചർച്ചകൾക്ക് ശേഷമാകും വോട്ടെടുപ്പ് നടക്കുക. ഒരു ആലോചനയുമില്ലാതെ, ജനപ്രതിനിധികളോടോ സെനറ്റിനോടോ യുഎസ് കോൺഗ്രസിനോടോ ചർച്ച ചെയ്യാതെ ട്രംപ് നടത്തിയ ഈ നീക്കം അമേരിക്കയെ അപകടത്തിൽ കൊണ്ടു ചാടിച്ചെന്ന് സ്പീക്കർ നാൻസി പെലോസി വിമർശിച്ചു.
ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനും അമേരിക്കയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നീക്കങ്ങൾ ഉണ്ടാകാതിരിക്കാനും ഈ പ്രമേയം പാസ്സാകേണ്ടത് അത്യാവശ്യമാണെന്നും പെലോസി വ്യക്തമാക്കി. 2002-ൽ ഇറാഖിൽ സൈനിക നടപടി നടത്തുന്നതിന് അംഗീകരിച്ച്, അമേരിക്ക പാസ്സാക്കിയ പ്രമേയം അനുസരിച്ച്, ഇറാനിലെ ഉന്നത സൈനിക കമാൻഡർ കാസിം സൊലേമാനിയെ വധിക്കാൻ പ്രസിഡന്‍റ് ട്രംപിന് കഴിയുമോ എന്നതാകും സഭ പ്രധാനമായും ചർച്ച ചെയ്യുക. ഇതനുസരിച്ച്, ട്രംപിന്‍റെ തീരുമാനത്തിന് നിയമപരിരക്ഷ കിട്ടുമോ എന്നതും ചർച്ചയ്ക്ക് വിധേയമാകും.
ഇറാഖിൽ ഐസിസിനെതിരെ ഒബാമ ഭരണകൂടം നടപ്പിലാക്കിയ സൈനിക നീക്കങ്ങൾ ഉയർത്തിക്കാട്ടിയാകും റിപ്പബ്ലിക്കൻ പാർട്ടി പ്രതിരോധിക്കുക. അമേരിക്കയുടെ സുരക്ഷ ഇറാഖിലെ ശക്തികൾ ചേർന്ന് പ്രതിരോധത്തിലാക്കിയാൽ രാജ്യത്തിന് തിരിച്ചടിക്കാൻ അവകാശമുണ്ടെന്നാണ് അന്ന് ഒബാമ വാദിച്ചത്. അതേവാദം ഇവിടെ ട്രംപിനും ഉന്നയിക്കാൻ അവകാശമുണ്ടെന്ന് റിപ്പബ്ലിക്കൻ പാർട്ടിക്കാർ വാദിക്കും. എന്നാൽ സൊലേമാനി അമേരിക്കയുടെ മുന്നിൽ ഒരു വലിയ ഭീഷണിയായിരുന്നു എന്നതിനും, വലിയൊരു ആക്രമണം അവർ ആസൂത്രണം ചെയ്തിരുന്നു എന്നതിനും എന്താണ് തെളിവ് എന്നായിരിക്കും ഡെമോക്രാറ്റുകൾ ചോദിക്കുക. എന്തുകൊണ്ട് ഈ സമയത്ത് ആക്രമണം നടത്തി, എന്താണതിന് ആധാരം, പുതിയ തെളിവുകളെന്ത് എന്ന ചോദ്യങ്ങളും ഡെമോക്രാറ്റുകൾ ഉന്നയിക്കും.
എന്നാൽ ഈ പ്രമേയം ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസ് ഓഫ് റെപ്രസന്‍റേറ്റീവ്സിൽ പാസ്സായേക്കാമെങ്കിലും, സെനറ്റിൽ പാസ്സാകാൻ സാധ്യത തീരെക്കുറവാണ്. അവിടെ ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം എന്നതുതന്നെയാണ് കാരണം. ഇറാനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിനെതിരെ രൂക്ഷവിമർശനവുമായി റിപ്പബ്ലിക്കൻ സെനറ്റർമാർ രംഗത്തുവന്നു. ‘ഒരു സൈനികനടപടിയുമായി ബന്ധപ്പെട്ട് എന്‍റെ രാഷ്ട്രീയജീവിതത്തിൽ കണ്ട ഏറ്റവും മോശം വാർത്താസമ്മേളനമായിരുന്നു ഇത്’, എന്നാണ് റിപ്പബ്ലിക്കൻ സെനറ്റർ മൈക്ക് ലീ പ്രതികരിച്ചത്. അമേരിക്കയിലെ യുറ്റ സ്റ്റേറ്റില്‍ നിന്നുള്ള ജനപ്രതിനിധിയാണ് മൈക്ക് ലീ. ഇറാനിൽ ഒരു സൈനികനടപടിയുണ്ടാകണമെങ്കിൽ അത് യുഎസ് കോൺഗ്രസിന്‍റെ അനുമതിയോടെ വേണമെന്നും മൈക്ക് ലീ പറഞ്ഞു.
റിപ്പബ്ലിക്കൻ സെനറ്ററായ റാൻഡ് പോളും ട്രംപിനെതിരെ വിമർശനവുമായി രംഗത്തുവന്നു. ജനപ്രതിനിധിസഭയിൽ ഇറാനിലെ അമേരിക്കൻ സൈനിക ഇടപെടലുകൾക്ക് പരിധി നിശ്ചയിക്കുന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് ഇരുവരും റിപ്പബ്ലിക്കൻ സെനറ്റർമാരായ ഇരുവരും വ്യക്തമാക്കുകയും ചെയ്തു. വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളുയർന്നപ്പോൾ, മുഴുവൻ മറുപടി നൽകാതെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധസെക്രട്ടറി മാർക്ക് എസ്പറും ഇറങ്ങിപ്പോയതിനെതിരെയും ഇരുവരും വിമർശനമുയർത്തി. 97 സെനറ്റർമാരുണ്ടായിരുന്നതിൽ 15 പേരെങ്കിലും തുടർച്ചയായി ചോദ്യങ്ങളുന്നയിച്ചിരുന്നു. മറുപടി പറയാൻ കഴിയാതായതോടെ വാർത്താസമ്മേളനം നിർത്തി ഇറങ്ങിപ്പോകുന്നത് ജനാധിപത്യമര്യാദയല്ലെന്നും ഇരുവരും വിമർശിച്ചു. ട്രംപിന്‍റെ വാദങ്ങൾ അംഗീകരിക്കാനാവുന്നതല്ലെന്ന് വിമർശിച്ച്, ഡെമോക്രാറ്റുകൾ നേരത്തേ വാർത്താസമ്മേളനം ബഹിഷ്കരിച്ചിരുന്നു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…