Categories: Ireland

ഡബ്ലിനിൽ മാലാഖയായി മലയാളി നഴ്സ്; കേൾക്കാം ഒരു നന്മയുടെ കഥ

ഡബ്ലിൻ: ആരാണ് നല്ല അയല്‍ക്കാരന്‍? ആരാണ് നമ്മുടെ സ്‌നേഹിതന്‍? വേദപാഠ ക്ലാസില്‍ പഠിച്ച ഒരു കഥയിലെ ചോദ്യത്തിന് റിന്‍സി ബാബു എന്ന മല്ലപ്പള്ളിക്കാരിയായ യുവതി ഉത്തരം കണ്ടെത്തിയത് അയര്‍ലൻഡ് തലസ്ഥാനമായ ഡബ്ലിന്‍ നഗരത്തിലെ ആളൊഴിഞ്ഞ ഒരു വഴിയിലാണ്.

തൊട്ടു മുമ്പിലായി ഒരു വളര്‍ത്തു നായയുമായി നടന്നു പോവുകയായിരുന്ന മനുഷ്യന്‍ മുൻപോട്ട് ആഞ്ഞ് മുഖം കുത്തി നിലത്തു വീണത് പെട്ടെന്നായിരുന്നു. മുഖം നിലത്ത് അമര്‍ത്തി മണ്ണില്‍ ഒട്ടിച്ചേർന്ന സാമാന്യം വലിയ ശരീരമുള്ള ആ ഐറിഷ്‌കാരന് ഒന്നനങ്ങാന്‍ പോലും ആവുന്നില്ലെന്ന് റിന്‍സി ഞെട്ടലോടെ കണ്ടു. അടുത്തേയ്ക്ക് ഓടിച്ചെന്ന് അയാളെ പിടിച്ചുയര്‍ത്തണം എന്നുണ്ടായിരുന്നു. പക്ഷെ വീണു കിടക്കുന്ന ആളുടെ തൊട്ടടുത്തുള്ള വളര്‍ത്തുനായയുടെ വന്യമായ നോട്ടം അതിൽ നിന്നു പിന്തിരിപ്പിച്ചു.

ഓടി ചെന്നു വീണയാളെ സഹായിക്കണം എന്നു കരുതിയെങ്കിലും അതിനു തന്നെ കൊണ്ട് തനിയെ ആവില്ലെന്നു മനസിലായി. ആശിച്ചു കാത്തിരിക്കുന്ന പന്ത്രണ്ട് ആഴ്ച പ്രായമുള്ള കുഞ്ഞുവാവ ഇതൊന്നും അറിയാതെ ഉദരത്തില്‍ ഉണ്ട്. ഒന്ന് ഉച്ചത്തില്‍ വിളിച്ച് ആരോടെങ്കിലും സഹായം ചോദിക്കണമെന്ന് വച്ചാലും ലോക്ക്‌ഡൗണ്‍ ആയതിനാല്‍ ഒരൊറ്റ മനുഷ്യരെയും പരിസരത്തെങ്ങും കാണാനുമില്ല.

ഏഴരയ്ക്ക് ഡ്യൂട്ടിക്കു കയറേണ്ടതാണ്,. ലൂക്കന്‍ എയില്‍സ്ബറിയിലെ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ബസ് കിട്ടാന്‍ വൈകി. ഹൂസ്റ്റണ്‍ സ്റ്റേഷനില്‍ ഇറങ്ങി അതിവേഗം ലുവാസ് ലൈനിനു സമീപത്ത് കൂടി നടക്കുകയായിരുന്നു റിന്‍സി. അയര്‍ലൻഡിലെ സെന്റ് ജെയിംസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന മല്ലപ്പള്ളി നൂറോമ്മാവ് പാറയ്ക്കല്‍ കുടുംബാംഗം റിന്‍സി ബാബുവിന്സ്വന്തം മുന്‍പില്‍ പിടഞ്ഞു വീണ ഒരു മനുഷ്യശരീരത്തെ കണ്ടപ്പോള്‍ പക്ഷെ ജോലിക്കു പോകുന്നത് വൈകിയാണെന്ന ചിന്തയൊന്നും വന്നില്ല.

ആര്‍ യൂ ഓ കെ എന്നു പലവട്ടം വിളിച്ചു ചോദിച്ചെങ്കിലും യാതൊരു മറുപടിയും കിട്ടിയില്ല. സമയം കടന്നു പോകുകയാണ്. നിര്‍ണ്ണായകമായ അര മിനിട്ടോളം കടന്നു പോയി. നായയെ അവഗണിച്ച് അയാളുടെ അടുത്തേയ്ക്ക് ചെല്ലാന്‍ തീരുമാനിച്ചപ്പോഴേയ്ക്കുമാണ് ഒരു ആംബുലന്‍സ് ദൂരെ നിന്നും പാഞ്ഞു വരുന്നത് റിന്‍സി കണ്ടത് .

രണ്ടും കല്‍പ്പിച്ച് റോഡിന്റെ നടുവിലേക്ക് കയറി നിന്ന് രണ്ടു കൈകളും ഉയര്‍ത്തി. ഭാഗ്യത്തിന് ആംബുലന്‍സ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി വന്നു. തൊട്ടടുത്തുള്ള സെന്റ് പാട്രിക്സ് മെന്റല്‍ ഹോസ്പിറ്റലില്‍ നിന്ന് ഒരു രോഗിയെ എടുക്കാന്‍ വന്നതായിരുന്നു അയാള്‍. ഓടി വീണു കിടക്കുന്ന ആളുടെ അടുത്തെത്തി,രണ്ടു പേരും ചേര്‍ന്ന് നേരെയാക്കി, തറയില്‍ കിടത്തി. പള്‍സ് നോക്കി. ജീവന്റെ തുടിപ്പ് അവശേഷിക്കുന്നില്ലെന്നാണ് ഒറ്റനോട്ടത്തില്‍ തോന്നിയത്. 999 ലേയ്ക്ക് വിളിച്ച് പറഞ്ഞതോടൊപ്പം നഴ്‌സ് ആണെന്ന് പറഞ്ഞതോടെ സിപിആര്‍ കൊടുക്കാമോ എന്നു ഡ്രൈവര്‍ ചോദിച്ചു. അയാളും കൂടി. മിനിട്ടുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ നിരാശയായിരുന്നു ഫലം.

999 ല്‍ നിന്നും വിളിച്ച ആംബുലന്‍സ് വന്നിട്ടില്ല.എപ്പോള്‍ വരുമെന്ന് അറിയില്ല. വന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് മറ്റൊരു രോഗിയെ അടിയന്തരമായി കൊണ്ടുപോകേണ്ടതാണ്. എങ്കിലും ആ ആംബുലന്‍സില്‍ ഉണ്ടായിരുന്ന എഇഡി മെഷീന്‍ എടുത്ത് ഷോക്ക് കൊടുത്ത് അവസാന ശ്രമം നടത്തിയത് വിജയിച്ചു.രണ്ട് മിനിറ്റുകൾക്കു ശേഷം പള്‍സ് തിരിച്ചെത്തിയിരിക്കുന്നു. മുട്ടുകുത്തി നിലത്തിരിക്കുകയായിരുന്ന റിന്‍സി അതോടെ എഴുന്നേറ്റു. അപ്പോഴേയ്ക്കും ആംബുലന്‍സിന്റെ സൈറണും കേള്‍ക്കാമായിരുന്നു. ഇതിനിടെ ആ വഴി നടന്നു പോവുകയായിരുന്ന സെന്റ് ജയിംസിലെ തന്നെ മറ്റൊരു സീനിയര്‍ നഴ്സും സഹായത്തിനെത്തി. എല്ലാവരും ചേര്‍ന്ന് അജ്ഞാതനായ ആ മനുഷ്യനെ ആംബുലന്‍സിലേയ്ക്ക് കയറ്റുമ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ റിന്‍സിയോട് നന്ദി അറിയിച്ചു. ഒരു ജീവന്‍ വീണ്ടെടുത്തതിന്. ഇനി ഞങ്ങള്‍ നോക്കി കൊള്ളാം.

യാതൊരു അസുഖവും തോന്നിക്കാത്ത വിധത്തില്‍ ഒരു പത്തടി മുമ്പിലാണ്. സ്പീഡിലായി അദ്ദേഹം നടന്നിരുന്നത്.റിന്‍സി ഓര്‍മ്മിച്ചെടുത്തു. കോവിഡ് 19 ന്റെ പേടിയില്‍ ലോകജനത പരസ്പരം സംശയദൃഷ്ടിയോടെ നോക്കി നില്‍ക്കുന്ന കാലത്താണ് റിന്‍സി ബാബുവിന്റെ സാഹസം ചര്‍ച്ചയാവുന്നത്. ‘കോവിഡ് രോഗികള്‍ പെട്ടെന്ന് വീണു മരിക്കുന്ന സംഭവങ്ങളൊക്കെ വായിച്ചിട്ടുണ്ട്. യാതൊരു സുരക്ഷയുമില്ലാതെയാണ് സിപിആര്‍ കൊടുത്തത്. പക്ഷെ അതൊന്നും ഓര്‍ക്കാനുള്ള സമയം അല്ലായിരുന്നു അത്. ഞാന്‍ അയാളെ ഒഴിവാക്കി കടന്നു പോയാല്‍ അയാള്‍ക്ക് ഈ ലോകത്തിലേയ്ക്ക് ഇനി തിരിച്ചെത്താന്‍ കഴിയില്ലെന്ന് എനിക്ക് ഒറ്റ നോട്ടത്തില്‍ മനസിലായിരുന്നു, ഞാന്‍ ദൈവത്തിന് നന്ദി പറയുന്നത് ആ നിമിഷത്തില്‍ തന്നെ അയാളെ സഹായിക്കാന്‍ എന്നെ അനുവദിച്ചതിനാണ്.’ .–റിന്‍സി പറഞ്ഞു.

പത്തനംതിട്ട മല്ലപ്പള്ളി നൂറോമ്മാവ് പാറയ്ക്കല്‍ അനുപ് തോമസാണു റിന്‍സിയുടെ ഭര്‍ത്താവ്. ദുബായിയില്‍ സിവില്‍ എഞ്ചിനിയര്‍ ആയിരുന്ന അനൂപ് ഒരു മാസം മുമ്പാണ് അയര്‍ലണ്ടില്‍ എത്തിയത്. ‘വഴിയില്‍ ആംബുലന്‍സ് തടയാനുള്ള ധൈര്യമൊക്കെ എങ്ങനെ കിട്ടിയെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഒരു ജീവന്‍ രക്ഷിക്കാന്‍ അത്രയ്ക്കെങ്കിലും ചെയ്യാനായല്ലോ എന്ന സന്തോഷമുണ്ട്.’ ഡല്‍ഹിയിലെ ഫരീദാബാദില്‍ ജനിച്ചു വളര്‍ന്ന റിന്‍സി പറഞ്ഞു.

Newsdesk

Recent Posts

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

11 hours ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

12 hours ago

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…

15 hours ago

ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അയർലണ്ടിന്റെ (GRMAI) ആദ്യ യോഗം ഡബ്ലിനിൽ നടന്നു

ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…

16 hours ago

Abel’s Garden Open House; ഉദ്ഘാടനം ജനുവരി 25ന്

കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…

16 hours ago

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

2 days ago