സച്ചിൻ തെണ്ടുൽക്കർ, ഈ ഒരു പേരിൽ ഇന്ത്യൻ ക്രിക്കറ്റ് പൂർണം. ഇന്ത്യയിൽ ക്രിക്കറ്റ് ജ്വരം പടർത്തിയതും ലോകത്തിന്റെ നെറുകയിലേക്ക് രാജ്യത്തെ തോളിലേറ്റിയതും ആ പേരുകാരൻതന്നെ. കാൽനൂറ്റാണ്ടോളം പകർന്നാടിയ ക്രിക്കറ്റ് വേഷം 2013 നവംബറിൽ അഴിച്ചുവച്ചെങ്കിലും സച്ചിൻ തെണ്ടുൽക്കറിലൂടെ ഇന്ത്യയെ തേടിയെത്തുന്ന കീർത്തിക്ക് ഏറ്റവും ഒടുവിലത്തെ നേർസാക്ഷ്യമാണ് കായിക ലോകത്തെ ഓസ്കർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്കാരലബ്ധി.
ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ ജർമൻ തലസ്ഥാനമായ ബെർലിനിൽവച്ചായിരുന്നു ക്രിക്കറ്റ് ഇതിഹാസമായ സച്ചിന് ലോറസ് പുരസ്കാരം ലഭിച്ചത്. ലോറസ് പുരസ്കാരത്തിന്റെ 20-ാം വാർഷികവേളയിൽ കഴിഞ്ഞ രണ്ട് ദശകത്തിലെ മികച്ച കായിക നിമിഷത്തിനുള്ള അംഗീകാരം സച്ചിൻ തെണ്ടുൽക്കറെ തേടിയെത്തി.
പുരസ്കാര പ്രഖ്യാപന ചടങ്ങിൽ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കറാണ് വോട്ടിംഗിൽ വിജയിയായി സച്ചിൻ തെണ്ടുൽക്കറിന്റെ പേര് വെളിപ്പെടുത്തിയത്. ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം സ്റ്റീവ് വോയാണ് പുരസ്കാരം സച്ചിനു കൈമാറിയത്.
2011 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയശേഷം സച്ചിൻ തെണ്ടുൽക്കറെ തോളിലേറ്റി ടീം അംഗങ്ങൾ സ്റ്റേഡിയം വലംവച്ചതാണ് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും മികച്ച കായിക മുഹൂർത്തമായി തെരഞ്ഞെടുക്കപ്പെട്ടത്. സഹതാരങ്ങൾ സച്ചിനെ തോളിലേറ്റി നടക്കുന്ന ചിത്രം ’ഒരു രാജ്യത്തിന്റെ തോളിലേറി’ എന്ന അടിക്കുറിപ്പോടെയാണ് ലോറസ് അക്കാദമി മികച്ച മുഹൂർത്തത്തിനായുള്ള വോട്ടിംഗിനായി ഉൾപ്പെടുത്തിയത്.
2011ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പ് സച്ചിൻ പങ്കെടുക്കുന്ന ആറാമത് ലോകകപ്പ് ആയിരുന്നു. 1983ൽ ലോകകപ്പ് കിരീടം നേടിയശേഷം നീണ്ട കാലത്തെ ഇന്ത്യയുടെയും സച്ചിന്റെയും കാത്തിരിപ്പിനായിരുന്നു 2011ൽ പര്യവസാനമായത്. സ്വന്തം മണ്ണിൽനടന്ന ലോകകപ്പ് ആദ്യമായായി ആയിരുന്നു ഇന്ത്യ അന്ന് സ്വന്തമാക്കിയത്.
ലോറസ് പുരസ്കാരം നേടുന്ന ആദ്യ ക്രിക്കറ്റ് താരവും ഇന്ത്യക്കാരനുമെന്ന നേട്ടവും ഇതോടെ സച്ചിൻ സ്വന്തമാക്കി. ടെസ്റ്റിലും ഏകദിനത്തിലുമായി 100 സെഞ്ചുറി നേടുന്ന ആദ്യ താരം, ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരം, ഏറ്റവും കൂടുതൽ റണ്‍സ് തുടങ്ങിയ നിരവധി റിക്കാർഡുകൾ സച്ചിന്റെ പേരിലുണ്ട്.
‘10-ാം വയസിൽ തുടങ്ങിയ യാത്ര’
തന്റെ പത്താം വയസിലാണ് ക്രിക്കറ്റ് ലോകകപ്പ് കിരീടമെന്ന തന്റെ സ്വപ്നയാത്ര ആരംഭിച്ചതെന്ന് ലോറസ് പുരസ്കാരം സ്വീകരിച്ചശേഷം നടത്തിയ മറുപടി പ്രസംഗത്തിൽ സച്ചിൻ തെണ്ടുൽക്കർ വെളിപ്പെടുത്തി.
1983ൽ വെറും പത്ത് വയസുള്ളപ്പോഴാണ് എന്റെ യാത്ര ആരംഭിക്കുന്നത്. 1983നെ കുറിച്ച് പറയുന്നതെന്തിനെന്നാൽ, ക്രിക്കറ്റ് ഫോളോ ചെയ്യാത്തവർക്കുപോലും 1983ൽ ഇന്ത്യ ലോകകപ്പ് ജയിച്ചവരാണ്. പത്ത് വയസുള്ളപ്പോൾ ലോകകപ്പ് ജയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയില്ലായിരുന്നു.
എല്ലാവരും ആഘോഷിക്കുന്നതിനൊപ്പം ഞാനും ചേർന്നു. രാജ്യത്ത് എന്തോ പ്രത്യേക കാര്യം സംഭവിച്ചിട്ടുണ്ടെന്ന് മാത്രം അറിയാമായിരുന്നു. ഒരു ദിവസം എനിക്കും അത് അനുഭവിക്കണമെന്ന് അന്ന് തോന്നി. അവിടെനിന്നാണ് എന്റെ യാത്ര തുടങ്ങുന്നത്. 22 വർഷം പിന്തുടർന്ന് ആ സുന്ദരമായ ട്രോഫി കൈയിൽ പിടിച്ച നിമിഷം ഞാൻ പിന്മാറിയില്ല, പ്രതീക്ഷ കൈവിട്ടുമില്ല.
എന്റെ രാജ്യത്തെ ജനങ്ങൾക്കു വേണ്ടി ആ ട്രോഫി ഉയർത്താൻ സാധിച്ചത് എനിക്ക് ഏറെ സംതൃപ്തി നൽകിയ കാര്യമാണ്. ലോകകപ്പ് ട്രോഫിക്കൊപ്പം എന്റെ കൈകളിൽ ത്രിവർണ പതാകയുണ്ടായിരുന്നു, അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം. ഇന്ത്യക്കായി 24 വർഷം ക്രിക്കറ്റ് കളിക്കാൻ സാധിച്ചത് എന്നെ സംബന്ധിച്ചിടത്തോളം സ്വപ്ന സാക്ഷാത്കാരമാണ്. ഇതിൽകൂടുതൽ എനിക്ക് എന്താണ് വേണ്ടത്- സച്ചിൻ പറഞ്ഞു.
ലോകകപ്പ് വിജയം വ്യത്യസ്ത അഭിപ്രായങ്ങളില്ലാതെ ഒരു രാജ്യം മുഴുവൻ ഒന്നിച്ചിരുന്ന് ആഘോഷിച്ച നിമിഷമായിരുന്നു. സ്പോർട്സിന്റെ ശക്തി എന്താണെന്നും അത് നമ്മുടെയെല്ലാം ജീവിതത്തിൽ വരുത്തുന്ന അദ്ഭുതം എന്താണെന്നതിന്റെയും ഓർമപ്പെടുത്തലായിരുന്നു അതെന്നു പറഞ്ഞ സച്ചിൻ, നെൽസണ്‍ മണ്ടേലയെ കണ്ടതും അദ്ദേഹത്തിന്റെ വാക്കുകൾ എങ്ങനെ സ്വാധീനിച്ചെന്നും വെളിപ്പെടുത്തി.
പത്തൊന്‍പത് വയസുള്ളപ്പോഴാണ് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസണ്‍ മണ്ടേലയെ കാണാനുള്ള ഭാഗ്യം സിദ്ധിച്ചത്. അദ്ദേഹത്തിന് നേരിടേണ്ടിവന്ന പ്രതിസന്ധികളൊന്നുംതന്നെ അദ്ദേഹത്തിന്റെ നായകത്വത്തെ ബാധിച്ചിരുന്നില്ല.
മണ്ടേല നൽകിയ നിരവധി വലിയ സന്ദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി തോന്നിയത് ഇതാണ്, ‘സ്പോർട്സിന് എല്ലാവരെയും ഒരുമിപ്പിക്കാനുള്ള കരുത്തുണ്ട്’- സച്ചിൻ പറഞ്ഞു നിർത്തി.
സച്ചിനെ പ്രശംസിച്ച് പ്രമുഖർ
ലോറസ് പുരസ്കാരം സ്വന്തമാക്കിയ സച്ചിൻ തെണ്ടുൽക്കറെ പ്രശംസിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, കുൽദീപ് യാദവ്, മായങ്ക് അഗർവാൾ, ഉമേഷ് യാദവ്, പരിശീലകൻ രവി ശാസ്ത്രി, മുൻ താരം സുരേഷ് റെയ്ന, ആർ.പി. സിംഗ്, പ്രഗ്യാൻ ഓജ, സച്ചിന്റെ കളിക്കൂട്ടുകാരനും മുൻതാരവുമായ വിനോദ് കാംബ്ലി, വനിതാ ഹോക്കി താരം റാണി രാംപാൽ തുടങ്ങിയ നിരവധിപ്പേർ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പങ്കുവച്ചു. മലയാളികളുടെ സ്വന്തം നടൻ മോഹൻലാലും ട്വിറ്ററിലൂടെ സച്ചിനെ പ്രശംസിച്ചു.
ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്സ് ഓൺ…