Crime

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ വ്യാപക അക്രമം; പത്തുപേരെ ചുട്ടുകൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ വ്യാപക അക്രമം. ബിര്‍ഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തില്‍ അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചതിനെ തുടര്‍ന്ന് പത്ത് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. അഗ്നിക്കിരയായ ഒരു വീട്ടില്‍നിന്ന് മാത്രം ഏഴുപേരുടെ മൃതദേഹങ്ങളാണ് അഗ്നിരക്ഷാസേന കണ്ടെടുത്തത്. പ്രദേശത്തെ പന്ത്രണ്ടോളം വീടുകള്‍ അക്രമികള്‍ തീവെച്ച് നശിപ്പിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബര്‍ഷാല്‍ ഗ്രാമത്തിലെ തൃണമൂല്‍ നേതാവും ബോഗ്ത്തൂയിലെ താമസക്കാരനുമായ ബാദു ഷെയ്ഖ് തിങ്കളാഴ്ചയുണ്ടായ ബോംബേറില്‍ കൊല്ലപ്പെട്ടിരുന്നു. ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് ബാദു ഷെയ്ഖിന് നേരേ ആക്രമണം നടത്തിയത്. തൃണമൂല്‍ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് മേഖലയില്‍ അക്രമസംഭവങ്ങള്‍ ഉടലെടുത്തത്. ഗ്രാമത്തിലെ നിരവധി വീടുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. ഇതിനുപിന്നാലെയാണ് പന്ത്രണ്ടോളം വീടുകള്‍ക്ക് തീവെച്ചത്. താമസക്കാരെ വീടിനകത്ത് പൂട്ടിയിട്ട ശേഷമാണ് വീടുകള്‍ക്ക് തീകൊളുത്തിയതെന്നാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയെ പ്രദേശത്ത് തടയുകയും ചെയ്തു. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് അഗ്നിരക്ഷാസേനയ്ക്ക് സംഭവസ്ഥലത്ത് എത്താനായത്. കണ്ടെടുത്ത മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് നേതാവിന്റെ കൊലപാതകത്തിലേക്കും തീവെപ്പിലേക്കും നയിച്ചതെന്നാണ് വിവരം. അതേസമയം, ബീര്‍ഭൂമിലെ അക്രമസംഭവങ്ങള്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പ്രതികരിച്ചു. ഗ്രാമത്തിലെ ജനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്നും ഇതിന് രാഷ്ട്രീയ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ബാദു ഷെയ്ഖ് ഗ്രാമത്തിലെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു. ഇദ്ദേഹത്തിന്റെ കൊലപാതകം നാട്ടുകാരെ രോഷകുലരാക്കിയെന്നും ഇതാണ് അക്രമങ്ങളിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രി തീപ്പിടിത്തമുണ്ടായപ്പോള്‍ തന്നെ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചെന്നും ഗ്രാമത്തിലെ വീടുകള്‍ കത്തിനശിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്നാണെന്നായിരുന്നു തൃണമൂല്‍ ജില്ലാ പ്രസിഡന്റായ അനുഭാത്ര മൊണ്ഡാലിന്റെ പ്രതികരണം. പ്രദേശത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടില്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് വീടുകള്‍ക്ക് തീപിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിര്‍ഭൂം ജില്ലയിലെ അക്രമസംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ പ്രത്യേക സംഘത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ബിര്‍ഭൂം രാംപുരഹാത് പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ഓഫീസറെയും എസ്.ഡി.പി.ഒ.യെയും സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

Sub Editor

Share
Published by
Sub Editor
Tags: west bangal

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

10 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

10 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

14 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

17 hours ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

17 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

22 hours ago