gnn24x7

    ഒരു ചെറുകഥ – കാറ്റ്

    0
    377
    gnn24x7

    “എന്തൊരു നശിച്ച കാറ്റാണിത് ” പുറത്തേക്ക് ഓടി ഇറങ്ങിയതും കാറ്റിന്റെ ശക്തി കൊണ്ട് വേച്ച് പോയി ആരോടെന്നില്ലാതെ പറഞ്ഞു, പോക്കറ്റൊന്ന് തപ്പി, വാലറ്റ്, താക്കോൽ ഫോൺ എല്ലാം എടുത്തിട്ടുണ്ട്. വണ്ടി സ്റ്റാർട്ട് ചെയ്ത് റിവേഴ്സ് ഗിയറിടുമ്പോൾ കാറ്റിന്റെ ചൂളമടി ഏതോ മലയാളം പാട്ടിനെ ഓർമിപ്പിച്ചോ എന്നൊരു സംശയം. ചിന്തകളെ ഓരോ നിമിഷവും വഴി തിരിച്ചു വിട്ടു കൊണ്ടിരിക്കുന്ന പൊന്നാമന ഫോണിൽ നോട്ടിഫിക്കേഷൻ മൂളി. പുത്രന്റെ നോട്ടിഫികേഷനാണ്. ബാഡ്മിന്റൺ ട്രെയിനിങ്ങ് ക്യാൻസൽ ചെയ്തുവത്രെ, മോശം കാലാവസ്ഥ . സമാധാനം. കാർ മുന്നോട്ടു എടുത്ത് കിടന്നിടത്തു തന്നെയിട്ടു. ജീവിതത്തിലും ഇത് പോലെ ഒന്ന് റിവേഴ്സെടുത്ത് പിന്നെയും മുന്നോട്ട് പോകാമായിരുന്നെങ്കിൽ എന്തായിരുന്നേനെ . എങ്കിൽ പിന്നെ ഈ പ്രായത്തിൽ റിവേഴ്സ് ഗിയർ മാറ്റാനേ പറ്റുമായിരുന്നില്ല എന്നോർത്ത് മനസ്സിൽ ഒരു ചിരി ഊറി വന്നപ്പോഴായിരുന്നു വീണ്ടും ചൂളമടി . കാറ്റാണ് …തകർക്കുകയാണ് ….” ചൂളമടിച്ച് കറങ്ങി നടക്കും ” എന്ന പാട്ടോണോർമ്മ വന്നത്. എന്നാലും ഇത്ര മനോഹരമായ ചൂളമടി ഈ പ്രവാസ ലോകത്താണ് കേട്ടത് . കാണുമ്പോഴൊക്കെ ചൂളമടിക്കുകയും കണ്ണ് കൊണ്ട് ഗോഷ്ടി കാണിക്കുകയും ചെയ്യുന്ന ഒരു കാമുകി ഉണ്ടായിരുന്നു. എന്റെ പല പകൽ  സ്വപ്നങ്ങളിലും സിനിമ പാട്ടുകളിൽ എന്നോടൊപ്പം നായികയായി അഭിനയിച്ചവൾ, പാവം അതൊന്നു അറിയാനുള്ള ഒരു ഭാഗ്യം പോലും അവൾക്കുണ്ടായില്ല. സത്യം പറഞ്ഞാൽ മുന്നിൽ കാണുന്ന മരത്തിനൊന്നു ചാഞ്ഞ് വന്ന് ഭൂമിയിൽ തൊടാൻ ഒത്തിരി കൊതിയുണ്ടെന്ന് തോന്നുന്നു. ഒരു കാറ്റു വരാൻ കാത്തിരുന്നതുപോലെ ആശാൻ നല്ല പോലെ ആയുന്നുണ്ട്. ഇങ്ങനെ എത്തി പിടിക്കാൻ ശ്രമിച്ച എത്രയോ പേരുടെ അടിവേരിളകിയിരിക്കുന്നു. പാവം മരം. മൂട് ഇളക്കുന്നത് വരെ അവനും കൊതിയോടെ ശ്രമിക്കട്ടെ. വണ്ടിയിൽ പാട്ട് മൂളുന്നുണ്ടായിരുന്നോ …അറിഞ്ഞതേയില്ല തിരക്കോടെ ഓടുകയല്ലേ .പണ്ടത്തെപോലെ പാട്ടുകൾ കേൾക്കാനായി മാത്രം ഒന്നിരുന്നിട്ട് എത്ര നാളായി ..പാട്ടുള്ള ബസ്സിൽ മാത്രം തിരഞ്ഞ് കയറിയിരുന്ന ഒരു കാലം. അങ്ങനെ ഒരു യാത്രയിലാണ് അവളെ പരിചയപ്പെട്ടത്, വലിയ വായനക്കാരിയാണ്. റൂമിയുടെ The Spiritual  Poems ആണ് കയ്യിൽ . പുള്ളിക്കാരി റൂമിയുടെ പൂന്തോട്ട ശകലങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുകയായിരുന്നു. അതാണത്രെ അവളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്. മോട്ടിവേഷൻ ചെയ്തത്. ഞാനൊക്കെ റൂമിയെ വായിച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അവൾ പറഞ്ഞത്  മുഴുവൻ ശരിയാണ്. ചുറ്റുമുള്ള ഒന്നിന്റെയും ഭംഗി നമ്മൾ ആസ്വദിക്കുന്നില്ല. പൂർണ്ണ ചന്ദ്രനെ നോക്കി ഇരുന്ന് മൂളി പാട്ട് പാടാതെ എത്രയോ പൗർണമികൾ കടന്നു പോയി. തിരമാലകളുടെ ആരവത്തിന്റെ അകമ്പടിയോടെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി മണൽപ്പരപ്പിൽ കിടക്കാതെ എത്രയെത്ര ബീച്ചുകൾ കണ്ടു തീർത്തു. ശരിക്കും അതൊക്കെയൊരു ധ്യാനമായിരുന്നുവെന്ന് തിരിച്ചറിയുന്നത് തന്നെ ഇപ്പോഴാണ് . ചിലപ്പോഴൊക്കെ സ്ക്കൂൾ വിട്ട് വീട്ടിലേക്കോടുമ്പോൾ വലിയ കാറ്റും ഇപ്പോൾ പെയ്യുമെന്നുള്ള മഴക്കാറും കാണുമ്പോൾ മത്സരിച്ച് ഓട്ടമാണ്. ഉടുപ്പും  ബുക്കും നനയുമെന്ന പേടിയോടെ ഓടിയിരുന്നെങ്കിലും കൊതിയോടെ ആഗ്രഹിച്ചിരുന്നു. ..മഴയൊന്ന് ആർത്തു പെയ്തിരുന്നെങ്കിൽ,കാറ്റ് കുറച്ചൂടെ ശക്തിയോടെ വീശിയിരുന്നെങ്കിൽ…എല്ലാം ആസ്വദിക്കണം. .ജീവിതം വളരെ വേഗം മുന്നോട്ട് പോവുകയാണ്. …കാറിൽ നിന്നിറങ്ങി …

    ആഹാ എത്ര മനോഹരമാണ് ഈ കാറ്റ് …എന്തു രസം, മനസ്സിൽ വല്ലാത്ത സന്തോഷം …ബോണറ്റിൽ ചാരി ഒരു ചിരിയോടെ അങ്ങനെ ആസ്വദിച്ച് നിൽക്കുമ്പോൾ സുന്ദരിയായ ഒരു പെൺകുട്ടി ഓടി നടന്ന് നൃത്തം ചെയ്യുന്നു. എന്തൊരു മനോഹരമായ കാഴ്ച. അവൾ തന്റെ അടുക്കലേക്ക് നൃത്തം ചെയ്ത് നടന്നു വരുകയാണ്. പനങ്കുല പോലത്തെ മുടി ..പ്രണയം തുളുമ്പുന്ന കണ്ണുകൾ …ദേവരാഗത്തിലെ പാട്ടു  ആരോ  മൂളുന്നുവോ ..ആനന്ദലബ്ധിക്കിനിയെന്തുവേണം….പിന്നെകേട്ടത് ഒരലർച്ചയായിരുന്നു…..

    “കാറ്റത്ത് ക്ലോത് സ്റ്റാൻഡും തുണിയുമൊക്കെ പറന്നു പോകുമ്പോൾ ഇളിച്ചോണ്ട് നിൽക്കാതെ പോയി പറക്ക് മനുഷ്യാ…””

    ശുഭം 

    സുനിൽ കാർലോ

    GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

    https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

    gnn24x7