gnn24x7

കട്ടപ്പന ഹിൽ ടൌൺ ഹോട്ടലിൽ CC ക്യാമറ വെയ്ക്കാൻ ഓർഡർ ! കട്ടപ്പന ഭാഗത്തു നിന്നുള്ള ഓർഡറുകൾ എനിക്കിഷ്ടമാണ്

0
1210
gnn24x7

അഞ്ജുവിന്റെ വീട്ടിൽ  പോയി സ്റ്റേ  ചെയ്യാം.. അത്യാവശ്യം അമ്മായിയപ്പനും  അളിയനും  ഒക്കെ ആയിട്ട് കൂടാം, അടിപൊളി!  അങ്ങനെ, ഞാനും മൂന്നു ക്യാമറാമാന്മാരും (ക്യാമറ ഫിറ്റ്  ചെയ്യുന്ന മാൻ) കൂടെ കട്ടപ്പനയ്ക്കു തിരിച്ചു. രണ്ടു മൂന്നു ദിവസത്തെ പണിയുണ്ട്. ആദ്യ ദിവസം പണി കഴിഞ്ഞു  ക്യാമറാമാന്മാരെ ഒരു ലോഡ്ജിൽ  ആക്കി കുടിവെള്ളവും, സോഡയും ടച്ചിങ്‌സും ഒക്കെ വാങ്ങാൻ ഇറങ്ങി.അളിയനാണു വണ്ടി ഓടിക്കുന്നത് – രഞ്ജു!

സെൻട്രൽ ജംക്ഷനിൽ  എത്തിയപ്പോ രഞ്ജു  അടുത്തുള്ള പോസ്റ്റിലേക്ക്  കൈ ചൂണ്ടി.അളിയാ  നോക്കിക്കേ. പോസ്റ്റിൽ ഒരു  ചെറുപ്പക്കാരന്റെ പടമുള്ള വലിയൊരു  ഫ്ളക്സ്. ആദരാഞ്ജലികൾ!! രാജു  – 41 വയസ്സ്. ഇന്നലെ അത്താഴം കഴിഞ്ഞു ഉറങ്ങാൻ കിടന്നതാണ്. രാവിലെ പെണ്ണുംപിള്ള ചെന്ന് വിളിച്ചപ്പോ  എണീക്കുന്നില്ല. ഉറക്കത്തിൽ തന്നെ ആള് പോയി. ഇന്നുച്ചക്കായിരുന്നു അടക്ക്. രഞ്ജു  ഒറ്റശ്വാസത്തിൽ പറഞ്ഞു.

രാജുവിന്റെ പ്രായത്തിൽ തന്നെ  എന്റെ  മനസ്സുടക്കി നിന്നു. 41  വയസ്സ്. എന്റെ അതേ പ്രായം. എന്നെ  ലോഡ്ജിന്റെ മുന്നിൽ വിട്ടിട്ട്   രഞ്ജു വീട്ടിലേക്കു  പോയി. കുപ്പിയും  ഉപദംശങ്ങളുമായി ലോഡ്ജിന്റെ  രണ്ടാം നിലയിലേക്ക് സ്റ്റെപ്പ്  കയറുമ്പോ , എന്തോ  ഒരു അസ്വസ്ഥത. തോളിൽ ഒരു വേദന,ഇടതു കൈക്കും, നെഞ്ചിലുമൊക്കെ, ഒരു ഭാരം പോലെ. എന്നതാണോ?  ഒന്ന് ഗൂഗിൾ  ചെയ്തു നോക്കിയേക്കാം  ഇന്റർനെറ്റും ഗൂഗിളുമൊക്കെ ഉള്ളത് കൊണ്ട് അങ്ങനെയൊരു  ഗുണമുണ്ട്.

ചെറിയൊരു  അസുഖം വന്നാലേ  നമുക്ക് സിംപ്റ്റംസു നോക്കി , ഡയഗ്‌നോസ്  ചെയ്ത് ,ചികിത്സയും , മരുന്നും  നിശ്ചയിച്ച്, വല്ല സർജറിയും  വേണമെങ്കിൽ അതെവിടെ ചെയ്യും എന്നും കണ്ടുപിടിച്ച് ഇനീപ്പോ ശവമടക്ക് വേണ്ടിവന്നാൽ   അത് വരെ  പെട്ടന്ന്  അറേഞ്ച്  ചെയ്യാം. ജലദോഷത്തിന് മരുന്ന് തേടി  സിംപ്റ്റംസ്‌ ഗൂഗിൾ ചെയ്താലും മറ്റന്നാൾ തന്നെ തട്ടിപ്പോകാൻ  സാധ്യത ഉള്ള ഏതെങ്കിലും രോഗമാണെന്ന്  ഡയഗ്നോസ് ചെയ്തായിരിക്കും ഫോൺ താഴെ വെക്കുക. പക്ഷെ, കാര്യങ്ങൾ  അറിയണ്ടേ?

ലോഡ്ജ്മുറിയിൽ  ചെന്ന്  സാധനങ്ങൾ താഴെ വെച്ച് അപ്പൊ തന്നെ ഗൂഗിൾ ചെയ്തു  സംശയിച്ചതു പോലെ, ഇതതു തന്നെ !ഹാർട്ട് അറ്റാക്ക് .ഫ്ലെക്സിൽ  കണ്ട രാജുവിന്റെ  മുഖം  മനസ്സിൽ  തെളിഞ്ഞു.ചെറുതായി  വിയർക്കുന്നുണ്ടോ  ? മരിച്ചു പോകുമോ  ? ഞാൻ മരിച്ചാൽ , അഞ്ജു  ?അവള് വേറെ കല്യാണം  കഴിക്കുമോ  ? അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ  ?വേഗം താഴെയിറങ്ങി ഒരോട്ടോക്കു കൈ കാണിച്ചു. ചേട്ടാ സെന്റ് ജോൺസ് ! കട്ടപ്പനയിലെ  പ്രധാന ആശുപത്രിയാണ്.ഒ രു നെഞ്ചു വേദന ചേട്ടാ  , വേഗം വിട്ടോ.ഓട്ടോക്കാരൻ  അവസരത്തിനൊത്തുയർന്നു. ലൈറ്റിട്ടു, ഹോൺ നീട്ടിയടിച്ചു  കൊണ്ട് ഓട്ടോ പാഞ്ഞു.

പോണ വഴി രഞ്ജു നെ വിളിച്ചു കാര്യം പറഞ്ഞു. രഞ്ജു  ചിരിച്ചോ ? ഒരു സംശയം  !  സംശയിച്ചു കഴിഞ്ഞപ്പോളേക്കും  ഓട്ടോ  ക്യാഷ്വാലിറ്റിയുടെ മുൻപിലെ പോർച്ചിൽ  എത്തി. പേഴ്സിൽ  നിന്ന്  കയ്യിൽ കിട്ടിയ നോട്ടൊക്കെ വലിച്ചെടുത്ത്  അയാൾക്ക് കൊടുത്തിട്ട്   ഞാൻ അകത്തേക്ക് ഓടിക്കയറി. അകത്ത്  നാലഞ്ച്  മാലാഖമാർ കൂട്ടം കൂടി  നിന്ന്  എന്തൊക്കെയോ  പറഞ്ഞു ചിരിക്കുന്നു. മനുഷ്യൻ ഹാർട്ട് അറ്റാക്ക്  വന്നു ചാവാൻ നിൽക്കുമ്പോളാണ്  അവളുമാരുടെ  ചിരി. എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.ഒരു മാലാഖ   വന്നു  ചോദിച്ചു . എന്നാ   പറ്റി  ചേട്ടാ ..? എനിക്ക് കാർഡിയാക്  അറസ്റ്റ്.

കാർഡിയാക് അറസ്റ്റോ  ?  മാലാഖക്കു സംശയം. ആ , ഹാർട്ട് അറ്റാക്കേ ..  എന്താ ?  രണ്ടും ഒന്നല്ലേ ? എവക്കിതൊന്നും  അറിയാൻ മേലെ  എന്ന ഭാവത്തിൽ ഞാൻ ചോദിച്ചു .. ഇതൊരു  നടക്കു പോവൂല  എന്നൊരു എക്സ്പ്രെഷൻ  മാലാഖയുടെ മുഖത്ത് !  നിന്ന്സ  തിരിഞ്ഞു  സമയം കളയല്ലേ, നെഞ്ചു വേദന എടുക്കുന്നെന്ന്. ഗോൾഡൻ  അവർ  കഴിഞ്ഞിട്ടില്ല  ഇനി 27 മിനിട്ടൂടേ  ഉണ്ട്    വേഗം  ഈ സി ജി എടുക്ക് !  വേരിയേഷൻ  ഉണ്ടേൽ ആഞ്ജിയോഗ്രാം  ചെയ്യണം. ഞാൻ ലേശം ദേഷ്യത്തിൽ  പറഞ്ഞു  മാലാഖയുടെ മുഖത്ത് അത്ഭുതം.

രണ്ടുമൂന്നു  മിനിറ്റ് അവിടെത്തന്നെ  നിന്ന്   അത്ഭുതപ്പെട്ടിട്ട്  മാലാഖ  ഡോക്ടറെ  വിളിക്കാൻ പോയി. ഡോക്ടർ വന്നില്ല. കൂടെ  മുൻപേ കണ്ട മാലാഖയെക്കാൾ സീനിയർ ആയ  വേറെ രണ്ടു മാലാഖമാർ വന്നു. സംഗതി സീരിയസ്  ആയി  എന്നെനിക്ക്  തോന്നി.കൂട്ടത്തിൽ സുന്ദരിയായ  ഒരു മാലാഖ  ഒരു ജെൽ എന്റെ നെഞ്ചിലും കയ്യിലും കാലിലും ഒക്കെ  പുരട്ടി  ഈ സി ജി എടുക്കുന്ന സാധനത്തിന്റെ  കുഴൽ  ഫിറ്റ്  ചെയ്യാൻ ശ്രമിച്ചു.

സത്യം പറയാല്ലോ എനിക്ക്  ഇക്കിളിയെടുത്തു. ഞാൻ ഒന്ന് പുളഞ്ഞു. എന്നാ  പറ്റി  .. ? മാലാഖ ചോദിച്ചു ഇക്കിളി. ഞാൻ ചിരിച്ചു..ചേട്ടന്  .. ചേട്ടന്  ഹാർട്ടറ്റാക്ക് ആണെന്നല്ലേ  പറഞ്ഞത് ? മാലാഖമാർ  പരസ്പരം നോക്കി  എന്നെ പുച്ഛിച്ചു  ചിരിച്ചു ,അതെന്താ  മരിക്കാൻ പോകുന്നവർക്ക്  ഇക്കിളി ഉണ്ടാവില്ലേ ? ഞാൻ മനസ്സിൽ ചിന്തിച്ചു  .. ഈ സി ജി മെഷീന്റെ  മൂളൽ  കേട്ട് തുടങ്ങി .ഞാൻ അതിലേക്കു ശ്രദ്ധിച്ചു. ഗ്രാഫ്  പേപ്പറിൽ  പ്രിന്റ് ചെയ്യുന്ന “തിരകൾ  “മാറി സ്ട്രെയ്റ്റ്  ലൈൻ  ആകും. അതോടെ  എല്ലാം തീരും.

ലോങ്ങ് ബീപ്പ്  കേൾക്കുന്ന സമയവും കാത്ത്  ഞാൻ കിടന്നു. എല്ലാം തീരാൻ പോകുന്നു .എന്റെ ഡിങ്കാ…..ഡോക്ടർ  കേറി വന്നു.ഈ സി ജി മെഷീനിൽ  നിന്ന്  ഗ്രാഫ്  പേപ്പർ  കീറിയെടുത്തു!  എന്താ അസ്വസ്ഥത  ? പേപ്പറിൽ  നിന്ന്  കണ്ണെടുക്കാതെ  ഡോക്ടർ ചോദിച്ചു. കാലിന് വേദനയുണ്ട് !ഡോക്ടർ  സംശയഭാവത്തിൽ  മാലാഖമാരെ  നോക്കി.കാലിനു വേദനയ്ക്ക്  എന്തിനാ ആൻസീ  ഈ സി ജി  ? ഇയാടെ ഹാർട്ട് കാലേൽ  ആണോ  ? ആൻസി  – മാലാഖേടെ പേര്  കിട്ടി  – ഞാൻ മനസ്സിലോർത്തു .വന്നപ്പ  പറഞ്ഞത് നെഞ്ചുവേദനയാണെന്നാ  ഡോക്റ്റർ , അതാ ! ആൻസിമാലാഖ എന്നെ കലിപ്പിച്ചു  നോക്കിക്കൊണ്ട്  യാന്ത്രികമായി ഡോക്ടറോട്  പറഞ്ഞു. ആണോ  ?  ഡോക്ടർ  എന്റെ നേരെ തിരിഞ്ഞു. അതെ  , പക്ഷെ കാലുവേദനയും ഉണ്ട്  ഡോക്ടർ ! ഉം..വീട്ടിൽ ആർക്കെങ്കിലും  ഈ പ്രോബ്ലം  ഉണ്ടോ ? ഉണ്ട് ഡോക്റ്റർ എന്റെ വല്യമ്മച്ചി കാലുവേദന വന്നാ മരിച്ചത്.

എന്റെ വിധിയോർത്ത്  ഞാൻ ഗദ്ഗദകണ്ഠനായി ! .ഓ  .. വെല്യമ്മച്ചിയുടെ ഹാർട്ടും  കാലേൽ  ആരുന്നോ ?  ആട്ടെ  വല്യമ്മച്ചി മരിച്ചിട്ട്  എത്ര നാളായി  ?  അറിയില്ല ഡോക്റ്റർ  , ഞാനോക്കെ ഉണ്ടാകുന്നതിനു  മുന്നേ ആരുന്നു..  ഡോക്റ്റർ  എന്നെ തുറിച്ചു നോക്കി. തനിക്കു കുഴപ്പമൊന്നുമില്ല. ഇന്നിവിടെ ഒബ്സെർവഷനിൽ  കിടക്ക്. രാവിലെ  ഡിസ്ചാർജ്  ചെയ്യാം..ഓഹോ  ?അപ്പൊ കുഴപ്പമൊന്നുമില്ല. ഞാൻ ദീർഘമായി ഒന്ന് നിശ്വസിച്ചു പെട്ടന്നാണ്  ഓർത്തത്  കുപ്പി , സോഡാ  , ടച്ചിങ്‌സ് ….അയ്യോ  .. ഞാൻ പൊക്കോട്ടെ ഡോക്റ്റർ  ?  നാളെ രാവിലെ വന്ന്  ഒബ്‌സേർവ്  ചെയ്തോളാം ..എന്താന്ന് ?  ഡോക്റ്റർക്കു  ദേഷ്യം  വന്നു ..താൻ ഇവിടൊന്നും  ഒബ്‌സേർവ് ചെയ്യണ്ട..

തന്നെ ഒബ്‌സേർവ് ചെയ്യാനാ കിടക്കാൻ പറഞ്ഞത്.  അല്ല ഡോക്റ്റർ  എന്റെ വീട്  ടൗണിൽ  തന്നെയാണ്  എപ്പോ വിളിച്ചാലും  ഞാൻ വന്നോളാം  ..വിളിക്കാനോ  ?  ഇതെന്താ പോലീസ് സ്റ്റേഷൻ  വല്ലോം ആണോ  തന്നെ ഇങ്ങോട്ടു  വിളിപ്പിക്കാൻ ?എന്തേലും കാണിക്ക് ,,ഇയ്യാടെ  ബില്ല്  എടുപ്പിച്ചു  കൊടുത്തേരെ  ആൻസി.ഡോക്റ്റർ  പോയി, എന്തോ   കുറ്റബോധം കൊണ്ടാരിക്കണം , ആൻസി   യാന്ത്രികമായി ബില്ലെടുപ്പിക്കാൻ  പോയി. ബില്ലിലേക്ക്  നോക്കിയപ്പോ  ഒരു അസ്വസ്ഥത ,തോളിനു  ഒരു വേദന.ഇടതു കൈക്കും, നെഞ്ചിലും ഒരു ഭാരം പോലെ.. വേണ്ടാ  !  ഇപ്പൊ  ഒന്ന് കഴിഞ്ഞതേ  ഒള്ളു  . ബില് അടച്ചിട്ടു  പോകാൻ നോക്ക്. ഞാൻ എന്നോട് തന്നെ പറഞ്ഞു ..

ബില്ലടച്ച്   പുറത്തേക്കിറങ്ങിയപ്പോ രഞ്ജു  ഉണ്ട് പുറത്ത്  ..കണ്ട പാടെ  രഞ്ജു ന്റെ ഡയലോഗ്  .,രാജു ന്റെ ഫ്ലെക്സ്  കണ്ടിട്ടാ അളിയൻ പോയത്, ഇപ്പൊ വിളിക്കും ഹാർട്ടാക്കാണെന്നും  പറഞ്ഞ്  എന്ന് ഞാൻ മമ്മിയോട് പറഞ്ഞു  തീരുകേം .. അളിയൻ വിളിക്കുകേം  ഒരുമിച്ചാരുന്നു  കേട്ടോ?.ഓഹോ ?  .പെങ്ങള് വിധവയാകാൻ  പോകുന്നു  എന്ന് കേട്ടപ്പോ  അവനു തമാശയാണ്  തോന്നിയത് പോലും  . ബെസ്ററ്  ആങ്ങള . ങ്‌ഹും !

Rajesh S Roscommen

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here