gnn24x7

ചൊവ്വാദോഷം !

0
1387
gnn24x7

റോസ്കോമണിലെ ഒരു സായാഹ്നം, ഞാനും ഇളയമകൾ തിങ്കളും ടി വിയില്‍ അന്ന് കണ്ട ” പെപ്പ പിഗ് ” എപിസോഡിനെ പറ്റി ഗഹനമായ ചില ചര്‍ച്ചകള്‍ നടത്തുകയായിരുന്നു.അഞ്ജു മൊബൈൽ ഫോണിൽ മാന്തിപ്പറിച്ചു കൊണ്ട് ഇരിപ്പുണ്ട്.. ദേ ഈ ന്യൂസ് കണ്ടോ ? ആമസോണ്‍ മഴക്കാടുകളില്‍ ജീവിക്കുന്ന ചില ഗോത്രവര്‍ഗക്കാരാണ് പോലും ലോകത്തില്‍ ഏറ്റവും സുന്ദരികളായ പെണ്ണുങ്ങൾ എന്ന് .അഞ്ജു മൊബൈൽ എന്റെ നേരെ നീട്ടിക്കാണിച്ചു. ശ്ശൊ ! 

അവിടുന്നെങ്ങാനും കല്യാണം കഴിച്ചാ മതിയാരുന്നു.. ഇനീപ്പ പറഞ്ഞിട്ടെന്തിനാ ? ഒരു റിഫ്ലക്സ് കമന്റ് എന്നില്‍ നിന്നും അടര്‍ന്നു വീണു. അഞ്ജു അത് ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. വായനയില്‍ ആണ് ശ്രദ്ധ! അവിടുത്തെ ഏതോ ചെടികള്‍ ഒക്കെ കൂടെ അരച്ച് തേക്കുന്നത് കൊണ്ടാണ് പോലും അവര്‍ക്ക് സൌന്ദര്യം കൂടുന്നത്.. എന്നാ ചെടി ആണോ ആവോ ? അഞ്ജുവിന്റെ ചോദ്യത്തിൽ അല്പം നിരാശ കലർന്നിരുന്നു ! എനിക്ക് സഹതാപം തോന്നി !നീ ബാക്കി കൂടെ വായിച്ചു നോക്ക് . അതില്‍ കാണും എന്നതാ ചെടി എന്ന്.. ഞാൻ പ്രോത്സാഹിപ്പിച്ചു..

അഞ്ജു വീണ്ടും മൊബൈലിൽ കുത്തിപ്പറിച്ചു .രണ്ടു മിനിറ്റ് കഴിഞ്ഞു കാണും ഒരു നിലവിളി കേട്ടു. അഞ്ജു പിന്നിലേക്ക്‌ മറിയുന്നതും കണ്ടു.ഞാന്‍ ഞെട്ടി! എന്‍റെ ഡിങ്കാ.ഞാന്‍ ആമസോണ്‍ ഗോത്രക്കാരിയെ അന്വേഷിച്ചു പോകേണ്ടി വരുമോ ? എന്‍റെ ആത്മഗതം ലേശം ഉറക്കെയായിപ്പോയി. അഞ്ജു , ഡീ എന്നാ പറ്റി ?ഹിഹി ഹിഹി…. കിലുക്കം സിനിമേല്‍ ഇന്നസെന്റിന് ലോട്ടറിയടിച്ച സീന്‍ പോലെ അഞ്ജു എണീറ്റിരുന്നു.ഒന്ന് ചിരിച്ചു ! .ആമസോണിലെ മാന്ത്രിക ചെടി അരച്ച ക്രീം ഓണ്‍ലൈനില്‍ വാങ്ങാന്‍ കിട്ടും എന്ന്.. അവര്‍ അയര്‍ലണ്ടിലോട്ട് അയച്ചും തരും ന്ന്. 

അഞ്ജു വിന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു..എനിക്കും അതിഭയങ്കര സന്തോഷം തോന്നി. ഒന്നുമില്ലേലും , ആമസോണ്‍ ഗോത്ര വര്‍ഗക്കാരില്‍ നിന്നും നേരിട്ട് കിട്ടുന്ന ക്രീമല്ലേ ? അപ്പൊ തന്നെ ഓര്‍ഡര്‍ ചെയ്തു. എഴുപതു യൂറോ! സാരമില്ല ഒരു നല്ല കാര്യത്തിനല്ലേ ?ഞാന്‍ സ്വയം ആശ്വസിപ്പിച്ചു.. അഞ്ജു ആകെ എക്സൈറ്റ്മെന്റിലാണ്. ആ ക്രീം ഒന്നിങ്ങും വന്നോട്ടെ , ഈ റോസ്കോമാണിൽ സുന്ദരികളാന്നും പറഞ്ഞു നടക്കുന്ന ചില അവളുമാരുണ്ട് എല്ലാ അവൾടെയും അഹങ്കാരം ഇതോടെ തീരും .ദേ മനുഷ്യാ , ഈ ക്രീമിന്റെ രഹസ്യം ആരോടേലും പറഞ്ഞാലൊണ്ടല്ലോ.. ങ്ഹാ ! എന്റെ സ്വഭാവം മാറും ! പറഞ്ഞേക്കാം.

എന്റെ പൊന്നോ ഞാനൊന്നും പറയുന്നില്ല. ഞാൻ ഉറപ്പു കൊടുത്തു ഉം .. ഇപ്പൊ ഇങ്ങനൊക്കെ പറയും രണ്ട് പെഗ്ഗങ് ചെന്ന് കഴിഞ്ഞാപിന്നെ നിങ്ങടെ മനസ്സിൽ ഒന്നും ഇരിക്കത്തില്ല. അതുകൊണ്ട് , കള്ളുകുടി ഇന്നത്തോടെ നിർത്തിക്കോണം . ഒരു റിസ്ക് എടുക്കാൻ ഞാനില്ല ! അഞ്ജു തീരുമാനമെടുത്തു കഴിഞ്ഞു! ഞാൻ മനസ്സില്ലാ മനസ്സോടെ തലയാട്ടി! കൃത്യം എട്ടാം ദിവസം പാഴ്സല്‍ വന്നു. ആമസോണ്‍ മഴക്കാടുകളിൽ നിന്ന് ..ഫ്രം അഡ്രസ്‌ വായിച്ച ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി ! കുറെ നേരം തുള്ളിച്ചാടിയിട്ട് കിതപ്പ് മാറ്റാന്‍ അടുത്തുള്ള കസേരയിലോട്ട് വീണു! ഫ്രം അഡ്രസ് ഇങ്ങനാരുന്നു ..ലിന്‍ഡാ മേരി തോമസ്‌. മേരീസ് ആയുര്‍വേദിക് പ്രോഡക്റ്റ്സ് പള്ളിക്കത്തോട് .കോട്ടയം ഈ പള്ളിക്കത്തോടൊക്കെ ആമസോണില്‍ ആണെന്ന് ഞാനപ്പഴാ അറിയുന്നത് ഹോ! ഈ , ലിന്‍ഡാ മേരി തോമസ്‌ സീറോ മലബാര്‍ ഗോത്രക്കാരി ആണെന്ന് തോന്നുന്നു പേര് കേട്ടിട്ട്!

Rajesh S Roscommen

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here