gnn24x7

പുഷ്പ 2ന്‍റെ പ്രീമിയറിനിടെ ശ്വാസം മുട്ടി സ്ത്രീ മരിച്ച സംഭവം; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അല്ലു അർജുൻ

0
173
gnn24x7

ഹൈദരാബാദ്:  പുഷ്പ 2ന്‍റെ പ്രീമിയറിനിടെ ശ്വാസം മുട്ടി ഒരു സ്ത്രീ മരിച്ച സംഭവത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ ബുധനാഴ്ച തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. ഡിസംബർ 4 ന് രാത്രിയാണ് ഹൈദരാബാദ് സന്ധ്യ തിയേറ്ററിൽ പുഷ്പ 2 പ്രീമിയറിനിടെ അല്ലു അര്‍ജുന്‍ എത്തിയപ്പോള്‍ വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെത്തുടർന്ന് 35 കാരിയായ ആരതി എന്ന സ്ത്രീ മരിച്ചു, എട്ട് വയസ്സുള്ള മകന്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. 

ഡിസംബർ 5 ന്, അല്ലു അർജുനും അദ്ദേഹത്തിന്‍റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെന്‍റിനും എതിരെ  ചിക്കാടപ്പള്ളി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 105, 118 (1) പ്രകാരം ഹൈദരാബാദ് സിറ്റി പോലീസ് കേസെടുത്തു. മരിച്ച സ്ത്രീയുടെ കുടുംബം നല്‍കിയ പരാതിയിലായിരുന്നു കേസ്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. തിയേറ്ററിന്‍റെ ഉടമകളില്‍ ഒരാള്‍, സീനിയർ മാനേജർ, ലോവർ ബാൽക്കണിയിലെ സുരക്ഷ ജീവനക്കാരന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

അതിനിടെയാണ് സംഭവത്തില്‍ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർജുൻ ഹർജി സമർപ്പിച്ചത്. ഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ തുടർനടപടികളും നിർത്തിവയ്ക്കണമെന്നും അല്ലു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ വരും ദിവസങ്ങളിൽ ഹൈക്കോടതി വാദം കേൾക്കുമെന്നാണ് കരുതുന്നത്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അര്‍ജുന്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

അതേ സമയം പുഷ്പ 2 വിജയാഘോഷത്തിനിടെ ഈ വാര്‍ത്ത കേട്ട് പത്ത് മണിക്കൂറോളം തനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നുവെന്നും, മാനസികമായി തകര്‍ന്നുവെന്നും അല്ലു പറ‌ഞ്ഞിരുന്നു. അതേ സമയം ആശുപത്രിയില്‍ കഴിയുന്ന ഗുരുതര പരിക്ക് പറ്റിയ കുട്ടിയുടെ നില മെച്ചപ്പെട്ടുവെന്നാണ് വിവരം. ഡിസംബര്‍ 5ന് റിലീസായ പുഷ്പ 2 അതിനിടയില്‍ ബോക്സോഫീസില്‍ 1000 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7