gnn24x7

വാട്ടര്‍ ടാക്സി സര്‍വീസുള്ള വിമാനത്താവളം ഇന്ത്യയിൽ യാഥാര്‍ത്ഥ്യമാകുന്നു

0
372
gnn24x7

ഇന്ത്യയിൽ ആദ്യമായി വാട്ടര്‍ ടാക്സി സര്‍വീസുള്ള വിമാനത്താവളം യാഥാര്‍ത്ഥ്യമാകുകയാണ്. മഹാരാഷ്ട്രയിലാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. വാട്ടർ ടാക്സി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാകാനൊരുങ്ങുകയാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. പടിഞ്ഞാറൻ മഹാരാഷ്ട്രയിലേക്കുള്ള വ്യോമഗതാഗതം മെച്ചപ്പെടുത്തുക എന്നതാണ് ഈ വിമാനത്താവളത്തിന്റെ ലക്ഷ്യം. മുംബൈയിലേക്കും തിരിച്ചും സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഈ പുതിയ വിമാനത്താവളം ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. 

സ്റ്റേറ്റ് പ്ലാനിംഗ് അതോറിറ്റിയായ സിഡ്‌കോയുമായി നടന്ന ഒരു യോഗത്തിൽ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാട്ടർ ടാക്സി സേവനങ്ങൾ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കിയിരുന്നു. മുംബൈ മെട്രോപൊളിറ്റൻ റീജിയണുമായി (എംഎംആർ) ചേര്‍ന്നാണ് ഈ പദ്ധതി ആരംഭിക്കുക. മുംബൈ, റായ്ഗഡ്, താനെ, പാൽഘർ തുടങ്ങിയ സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന എട്ട് വാട്ടർ ടാക്സി റൂട്ടുകൾ അവതരിപ്പിക്കാൻ മഹാരാഷ്ട്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, 15 പുതിയ ബോട്ടുജെട്ടികളും നിര്‍മ്മിക്കും. 

കാർബൺ ബഹിർഗമനം കുറയ്ക്കുക, നഗരത്തിലെ തിരക്ക് ലഘൂകരിക്കുക, പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് നവി മുംബൈ വിമാനത്താവളത്തിലെ വാട്ടര്‍ ടാക്സികളിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. വാട്ടർ ടാക്സികൾ യാത്രാ സമയം മാത്രമല്ല, വാഹനങ്ങളുടെ അതിപ്രസരം കാരണം രൂക്ഷമാകുന്ന അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ സഹായിക്കും. പുതിയ ഗതാഗത രീതി ഉൾക്കൊള്ളുന്നതിനായി ആവശ്യമായ ബോട്ടുജെട്ടികളും ടെർമിനലുകളും നിർമ്മിക്കുന്നതിന് വിശദമായ ആസൂത്രണം നടക്കുന്നുണ്ടെന്ന് സിഡ്കോ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7