gnn24x7

സീറോ മലബാർ സഭയുടെ നോക്ക്  തീർത്ഥാടനം;  ആയിരങ്ങൾ ഇന്ന് മാതൃസന്നിധിയിൽ ഒത്തുചേരും

0
160
gnn24x7

പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള  അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ  മരിയൻ തീർത്ഥാടനം ഇന്ന് (മെയ് 10, ശനിയാഴ്ച്ച) നടക്കും. രാവിലെ 10 മണിക്ക് നോക്ക് ബസലിക്കയിൽ ആരാധന. തുടർന്ന് ആഘോഷമായ സീറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും.

സീറോ മലബാർ സഭയുടെ യൂറോപ്പ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരിക്കും.  സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും അയർലണ്ടിലെ മുഴുവൻ സീറോ മലബാർ വൈദീകരും തീർത്ഥാടനത്തിൽ പങ്കെടുക്കും. 

റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ വിശ്വാസികൾ  ഒത്തുചേരുന്ന അയർലണ്ടിലെതന്നെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിൽ  ഒന്നാണ്   മെയ്‌മാസം  രണ്ടാം ശനിയാഴ്ച  നടത്തപ്പെടുന്ന സീറോ മലബാർ സഭയുടെ ദേശീയ നോക്ക് തീർത്ഥാടനം.  

കൊടികളും  മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും മാതാവിൻ്റേയും വിശുദ്ധരുടേയും  തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട്  ജപമാലയോടുകൂടി  വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം അയർലണ്ടിലെ സീറോ മലബാർ പ്രവാസി സമൂഹത്തിൻ്റെ വിശ്വാസ പ്രഘോഷണമായിരിക്കും.  അയർലണ്ട് സീറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃവേദി, പിതൃവേദി, അൾത്താര ബാലസഖ്യം, സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് എന്നിവർ പ്രദക്ഷിണത്തിൽ അണിചേരും. അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽനിന്ന്  ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ നോക്ക് തീർത്ഥാടനത്തിൽ ഒരുമിച്ചുകൂടും.

കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും, ബൈബിൾ ക്വിസ് മത്സരത്തിൽ ദേശീയ തലത്തിൽ ഉന്നത വിജയം നേടിയ കുട്ടികളേയും അയർലണ്ടിലെ ലിവിങ് സെർട്ട് (A Level -Northen Ireland) പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലണ്ടിലെ വലിയ കുടുംബങ്ങളേയും ആദരിക്കും. അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് പുതുതായി ആരംഭിക്കുന്ന യംഗ് കപ്പിൾസ് മിനിസ്ട്രിയുടെ ഉത്ഘാടനവും തദ്ദവസരത്തിൽ നടക്കും. 

സീറോ മലബാര്‍ സഭ നാഷണല്‍  പാസ്റ്ററൽ കൗൺസിലിൻ്റെ   നേതൃത്വത്തില്‍  നോക്ക് മരിയൻ തീര്‍ഥാടനത്തിന്  വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.   തീർത്ഥാടനത്തിൻ്റെ ലൈവ് സംപ്രേക്ഷണം ശാലോം ചാനലിൽ ലഭ്യമാണ്.

നോക്ക് മരിയന്‍ തീര്‍ഥാടനത്തിൽ  പങ്കെടുക്കുവാൻ അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7