ഞാൻ ജയിലിൽ കിടന്നിട്ടുണ്ട് എന്നു പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല. എന്നാൽ ഉണ്ട്. 1980 സെപ്റ്റംബർ മാസം. ഒരു പീഡകനോ, കൊലപ്പുള്ളിയോ മോഷ്ടാവോ ഒന്നുമായിരുന്നില്ല ഞാൻ. പിന്നെന്തിനാ ജയിലിൽ കിടന്നത് എന്നു ചോദിച്ചേക്കാം. അയ്യപ്പ പണിക്കരുടെ ‘മോഷണം’ എന്ന കവിത വായിച്ചിട്ടുണ്ടോ? “വെറുമൊരു മോഷ്‌ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ, കള്ളനെന്നു വിളിച്ചില്ലേ അപ്പോപ്പിന്നെ തുണി മോഷ്‌ടിച്ചതോ? തുണി മോഷ്ടിച്ചതേ നാണം മറയ്ക്കാനായിരുന്നല്ലോ നിങ്ങടെ നാണം മറയ്ക്കാനായിരുന്നല്ലോ”
അതുപോലെയേ ഉള്ളൂ എൻ്റെ കാര്യവും. നാട്ടാർക്കു വേണ്ടി. ശരിക്കും പറഞ്ഞാൽ ഒരു കാര്യവും ഇല്ലെന്നേ. വെറും നിസ്സാരം. ചോരത്തിളപ്പിന്റെ കാലം. എന്തിനു വേണ്ടിയും ചാടി പുറപ്പെടും. വീണ്ടു വിചാരം ലേശം കുറവ്. ചങ്ങനാശ്ശേയിയിൽ നിന്നു ചെത്തിപ്പുഴ വഴി കോട്ടയത്തിനു പോകുന്ന ചില സ്വകാര്യ ബസ്സുകൾ അന്യായമായി ചാർജ് കൂട്ടിയതാണ് പ്രശ്നം. അന്നത്തെ കാലത്തെ പത്തോ ഇരുപതോ പൈസയേ ഉള്ളൂ. നാട്ടുകാർ വിടുമോ, ഇല്ല. പൗരസമിതി കൂടി ബസ്സ് തടയാൻ ആഹ്വാനം ചെയ്തു. സ്ഥലത്തെ ഗ്രന്ഥശാലയുടെ പ്രസിഡന്റും, സർവ്വോപരി ഇടതു ചേരി രാഷ്ട്രീയം തലയ്ക്കു പിടിച്ചിരിക്കുന്ന സമയവും ആയതു കൊണ്ട് സമരത്തിന്റെ മുൻപന്തിയിൽ നിൽക്കാൻ ഞാനും നിയോഗിക്കപ്പെട്ടു.
സമരത്തിന്റെ ഒന്നാം ദിവസം ബസ്സുകൾ തടഞ്ഞു കൊണ്ട് റോഡ് ഉപരോധിച്ചു. ഒരു വണ്ടി പോലീസെത്തി കുറച്ചു പേരെ പിടിച്ചു കൊണ്ടുപോയി ചങ്ങനാശേരി സ്റ്റേഷനിൽ നിർത്തിച്ചു. കൂട്ടത്തിൽ എന്നെയും. വൈകുന്നേരം ആയപ്പോൾ എല്ലാവരെയും താക്കീത് ചെയ്ത് പറഞ്ഞു വിട്ടു. രണ്ടാം ദിവസവും ബസ്സുകൾ തടഞ്ഞു കൊണ്ടു സമരം ചെയ്തു. വീണ്ടും പോലീസെത്തി കണ്ണിൽ കണ്ട ഞാനുൾപ്പെടെ പതിനൊന്നു പേരെ പിടിച്ചു കൊണ്ടുപോയി. അറസ്റ്റ് വരിക്കുന്നതിൽ നിന്ന് ചില തല്പര കക്ഷികൾ തന്ത്രപൂർവ്വം ഒഴിഞ്ഞു നിൽക്കുകയും ചെയ്‌തു. തലേ ദിവസത്തെ പോലെ വൈകുന്നേരം തിരികെ വിടുമെന്നാണ് പലരും കരുതിയത്. പക്ഷെ, രാത്രി ആയിട്ടും വിട്ടില്ല. പകലന്തിയോളം ഒരുവക കഴിക്കുകയോ കുടിക്കുകയോ
ചെയ്തിട്ടില്ല. ഞങ്ങൾക്ക് പന്തികേട് മനസ്സിലായിത്തുടങ്ങിയിരുന്നു. ജാമ്യം എടുക്കാനുള്ള അവസരം നൽകാതെ ഞങ്ങളെ ജയിലിൽ അടയ്ക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. രാത്രി എട്ടു മണിക്ക് മജിസ്ട്രെറ്റിന്റെ വീട്ടിൽ ഹാജരാക്കി. മജിസ്ട്രേട്ട് 14 ദിവസത്തേക്ക് കോട്ടയം സബ് ജയിലിൽ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടു. രാത്രി ഒൻപതു മണിക്ക് പോലീസ് വാനിൽ ചങ്ങനാശേരിയിൽ നിന്നു കോട്ടയം സബ് ജയിലിലേക്കു ഞങ്ങളെയും വഹിച്ചുള്ള യാത്ര. ഞങ്ങൾ പതിനൊന്നു പേരെ കൂടാതെ മൂന്നു പോലീസുകാർ. രണ്ട് ആൺ പോലീസും ഒരു പെൺ പോലീസും. ഇതിനു പുറമെ ജയിലിൽ അടയ്ക്കാൻ കൊണ്ടു പോകുന്ന വേറെ നാലു പേർ. രണ്ട് ആണുങ്ങളും, രണ്ടു പെണ്ണുങ്ങളും. ആണുങ്ങൾ മോഷണത്തിനു പിടിക്കപ്പെട്ടവർ. പെണ്ണുങ്ങൾ വ്യഭിചാരക്കുറ്റം
ചെയ്തവർ. കോട്ടയത്തേക്കുള്ള യാത്രക്കിടയിൽ പോലീസുകാർ പെണ്ണുങ്ങളുടെയടുത്തു അശ്ലീലം പറഞ്ഞു രസിക്കുന്നുണ്ടായിരുന്നു. ഒൻപതര ആയപ്പോൾ സബ് ജയിലിനു മുമ്പിലെത്തി. പെണ്ണുങ്ങളെ ജയിലിലെ പെൺ പോലീസുകാർ ഏറ്റുവാങ്ങി കൊണ്ടുപോയി.
ഞങ്ങൾ പതിമൂന്നു പേരെ ജയിൽ സൂപ്രണ്ടിന്റെ മുറിയിലേക്ക് കന്നുകാലികളെ കൊണ്ടുപോകും പോലെ തെളിച്ചു കൊണ്ടുപോയി. അവിടെ സൂപ്രണ്ടിന്റെ ചോദ്യം ചെയ്യൽ.
ആദ്യം ഒന്നാം കള്ളനെ ഒരു പോലീസുകാരൻ സൂപ്രണ്ടിന്റെ മുന്നിലേക്കു മാറ്റി നിർത്തി.
എന്താടാ നീ ചെയ്‌ത കുറ്റം? കസേരയിൽ ഇരുന്നു കൊണ്ടു തന്നെ സൂപ്രണ്ടിന്റെ
ചോദ്യം ചെയ്യൽ.
“സ്വർണം മോട്ടിച്ചു”, ഒന്നാം കള്ളന്റെ
മറുപടി.
“എങ്ങനെയാ നീ മോഷ്ടിച്ചത്”?
“വീട് കുത്തിത്തുറന്ന്”
സൂപ്രണ്ട് കസേരയിൽ നിന്നെഴുന്നേറ്റു.
നിന്റെ പേര് പറഞ്ഞില്ലല്ലോ, എന്താടാ
നിന്റെ പേര്?
ജോസ്
മുഴുവൻ പേര് എന്താടാ?
പള്ളിപ്പറമ്പിൽ ജോസ്(യഥാർത്ഥ പേരല്ല)
നീ പള്ളീൽ പോകാറുണ്ടോടാ?
വല്ലപ്പോഴുമൊക്കെ
പൊലയാടി മോനേ എന്തിനാടാ നീ പള്ളീ പോകുന്നതെന്നു ചോദിച്ചു കൊണ്ട് ഒന്നാം കള്ളന്റെ പെടലി തീർത്ത് ഒറ്റയൊരെണ്ണം. അവൻ മൂക്കു കുത്തി സൂപ്രണ്ടിന്റെ കാൽക്കൽ വീണു.
ഞങ്ങൾ പേടിച്ചു വിറച്ചു. അമ്പതു കിലോ തൂക്കം പോലുമില്ലാതിരുന്ന എന്റെ അന്നത്തെ അവസ്ഥയോർത്താൽ ഇപ്പോഴും ഞാൻ വിറയ്ക്കും.
അടുത്തത് രണ്ടാം കള്ളന്റെ ഊഴം.
എന്താടാ നിന്റെ പേര്?
കല്ലുവെട്ടാം കുഴിയിൽ ശശി(യഥാർത്ഥ പേരല്ല)
നീ എങ്ങനെയാടാ മോട്ടിച്ചത്? ഓടിളക്കി വീട്ടിക്കേറി. “എന്തൊക്കെ മോഷ്ടിച്ചു”? കിണ്ടിയും മൊന്തയുമൊക്കെ മോട്ടിച്ചതേയുള്ളൂ. വേറെയൊന്നും കിട്ടിയില്ല.
കള്ള കഴുവർടമോനെ, നിനക്കു മോട്ടിക്കാൻ പോകാതെ പണിയെടുത്തു ജീവിക്കാൻ മേലേടാ എന്നു ചോദിച്ചു കൊണ്ട് അവന്റെ പെടലിക്കിട്ടും കൊടുത്തു ഒരെണ്ണം. അവൻ താഴെ വീഴാൻ
തുടങ്ങിയതേയുള്ളൂ, പക്ഷെ വീണില്ല. ഇനിയാണ് ഞങ്ങളുടെ ഊഴം. അടി വീഴുന്നതു മുന്നിൽ കണ്ട് പേടിച്ചു വിറച്ച് ഭയഭക്തിയോടെ സൂപ്രണ്ടിൻ്റെ മുമ്പിൽ ഓഛാനിച്ചു നിന്നു. ജയിലിൽ എത്തുന്ന ഏതവനിട്ടും രണ്ടെണ്ണം കൊടുത്തിട്ടേ അകത്തു കേറ്റുള്ളൂ എന്നു കേട്ടിട്ടുണ്ട്. ഇതിന്റെ പേര് നടയടി എന്നും കേട്ടിട്ടുണ്ട്.
അപ്പോൾ സൂപ്രണ്ടിന്റെ കനത്ത ശബ്ദം, നീയൊക്കെ കണ്ടല്ലോ ഇത്, മര്യാദക്കു നിന്നാൽ നിനക്കൊക്കെ കൊള്ളാം. ഇല്ലെങ്കിൽ ഇവമ്മാരുടെ ഗതിയാകും, പറഞ്ഞേക്കാം.
ഞങ്ങൾക്കു ശ്വാസം നേരെ വീണു. പക്ഷെ, പേടി കൊണ്ടുള്ള വിറയലു മാറിയിരുന്നില്ല. എന്തു കൊണ്ടു ഞങ്ങളെ തല്ലിയില്ല എന്നതിൽ അത്ഭുതം. ബസ്സ് പിക്കറ്റിങ് എന്നതൊക്കെ വെറും ചീളു കേസായി തോന്നിയിരിക്കാം.
ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന സാധനങ്ങളൊക്കെ അവിടെ വാങ്ങി വെച്ചു. പരിശോധനക്കു ശേഷം ദിനേശ് ബീഡിയും, സിഗരറ്റും തീപ്പെട്ടിയും അനുവദിച്ചു. ഇതിനപ്പുറം ഉടുതുണി അല്ലാതെ മറ്റൊന്നും കയ്യിലില്ല.
പതിനൊന്നു പേരെ ഒരുമിച്ച് ഒരുസെല്ലിലിട്ടു പൂട്ടി.
സമരക്കേസായതു കൊണ്ടാകാം വേറെ ജയിൽ വേഷമൊന്നും തന്നില്ല. “മര്യാദക്ക് ഒച്ചയും ബഹളവും ഉണ്ടാക്കാതെ ഇവിടെ കിടന്നോളണം. ഇവിടെയുള്ള മറ്റുള്ളവരുടെ കൂടെ നിന്നെയൊക്കെ ഇടാൻ മേലാഞ്ഞിട്ടല്ല. അവിടെയിട്ടാൽ അവമ്മാര് നിന്നെയൊക്കെ ഇടിച്ചു നിരത്തും. അതൊഴിവാക്കാനാണ് ഒരുമിച്ചിടുന്നത്. രാത്രിയിൽ ഇവിടെ ആഹാരമൊന്നുമില്ല. ലൈറ്റ് കെടുത്തിയിട്ട് എല്ലാവനും കിടന്നുറങ്ങിക്കോണം”, ജയിൽ വാർഡൻ താക്കീതു ചെയ്‌തിട്ടു പോയി.
അന്നത്തെ ദിവസം മുഴു പട്ടിണി. വയറുവിശക്കുമ്പോൾ എങ്ങനെ ഉറക്കം വരാൻ!
ജയിൽ മുറിയിലെ സ്ഥാവരജംഗമ വസ്തുക്കൾ എന്തൊക്കെയാണെന്നോ? കിടന്നുറങ്ങാൻ ചവുക്കാളം (ചണം കൊണ്ടുള്ള ഒരുതരം പായ), തലയിണ ഇല്ല, ആഹാരം കഴിക്കാനുള്ള അലൂമിനിയത്തിന്റെ കുറച്ചു പാത്രങ്ങൾ(മുമ്പുണ്ടായിരുന്ന ജയിൽപ്പുള്ളികൾ ഉപയോഗിച്ചിരുന്നവ), വെള്ളം കുടിക്കാൻ വളരെ പഴക്കം ചെന്ന സ്റ്റീൽ ഗ്ലാസുകൾ, ആ മുറിക്കകത്തു തന്നെ അടച്ചുറപ്പില്ലാത്ത ദുർഗന്ധം വമിക്കുന്ന കക്കൂസ്, ഒരു ചെറിയ ഇരുമ്പിൻ്റെ തൊട്ടി (ബക്കറ്റ്), ഒരു അലൂമിനിയത്തിൻ്റെ മഗും, പല്ലു തേക്കാൻ ഉമിക്കരി, ഇതൊക്കെ ആയിരുന്നു ഞങ്ങൾക്ക് അവകാശപ്പെട്ട വസ്തുക്കൾ.
ചിലരൊക്കെ ഉറങ്ങി. വിശപ്പിന്റെ വിളി ശല്യം ചെയ്തതു കൊണ്ട് പലർക്കും ഉറങ്ങാൻ കഴിഞ്ഞില്ല. നാലഞ്ചുപേർ കല്യാണം കഴിഞ്ഞു കുടുംബമായി കഴിയുന്നവരാണ്. ഭാര്യയും കുട്ടികളുമൊക്ക അവരെ അന്വേഷിക്കുന്നുണ്ടാകുമെന്നു പറഞ്ഞു. വെളുപ്പിന് അഞ്ചര മണിക്ക് ജയിലഴികളിലെ തട്ടും മുട്ടും കേട്ട് എല്ലാവരും ഞെട്ടിയെഴുന്നേറ്റു. തലേ രാത്രിയിൽ സൂപ്രണ്ടിൻ്റെ മുറിയിലെ ഭീകരാവസ്ഥ ചിലരെയെങ്കിലും അസ്വസ്ഥരാക്കിയിരുന്നു. അഞ്ചര മണിക്കു കാപ്പി (bed coffee)) കുടിക്കാനുള്ള വിളി ആയിരുന്നു കേട്ടത്. പാലൊഴിച്ച കാപ്പി എല്ലാവർക്കും ഒഴിച്ചു തന്നു. നായനാർ സർക്കാർ അധികാരത്തിൽ വന്ന സമയം. പുതിയ പരിഷ്ക്കാരമായി ജയിൽപ്പുള്ളികൾക്ക് കട്ടൻകാപ്പിക്കു പകരം പാൽകാപ്പി കൊടുക്കാനുള്ള ഉത്തരവ് പത്രത്തിൽ
വായിച്ചിരുന്നു. ഏഴര മണിക്ക് പ്രഭാത ഭക്ഷണം. എല്ലാവരും മുറിക്കു പുറത്ത് പാത്രവുമായി വരിവരിയായി നിന്നു. മൂന്നു ഗോതമ്പുണ്ടയും ചമ്മന്തിയും ഗോതമ്പുണ്ടയുടെ വെള്ളവും. ഗോതമ്പ് മാവ് കുഴച്ചു തിളച്ച വെള്ളത്തിലിട്ടു പുഴുങ്ങിയെടുക്കുന്ന ഉണ്ടയും, തിളച്ച ആ വെള്ളവുമാണ് തന്നിരുന്നത്. ഒട്ടും ശീലിച്ചിട്ടില്ലാത്ത ഭക്ഷണം. പക്ഷെ, പോഷക ഗുണം നിഷേധിക്കാനാവില്ല. പന്ത്രണ്ട് മണിക്ക് ഉച്ചഭക്ഷണം. എല്ലാവരും വരാന്തയിൽ പാത്രവുമായി വരിവരിയായി വീണ്ടും ഇരുന്നു. ചോറും സാമ്പാറുമായിരുന്നു വിഭവങ്ങൾ. എല്ലാവർക്കും ഒരു പ്രാവശ്യം മാത്രമേ വിളമ്പിയിരുന്നുള്ളൂ. വിളമ്പുന്നതാകട്ടെ, പല നാളുകളായി തടവിൽ കഴിയുന്നവരും. വൈകിട്ട് അഞ്ചര മണിക്കുള്ള അത്താഴത്തിനു പുഴുക്ക്. പലവിധ കിഴങ്ങുകൾ കുഴച്ചുണ്ടാക്കിയ പുഴുക്ക്. അതോടെ ഒരു ദിവസത്തെ
ഭക്ഷണം തീർന്നു. എത്ര ചിട്ടയായുള്ള ഭക്ഷണക്രമം. ഒമ്പതു മണിക്ക് ലൈറ്റ് അണച്ചിട്ട് കിടന്നുറങ്ങിക്കൊള്ളണം. ഒച്ചയുണ്ടാക്കാൻ പാടില്ല.
ഞങ്ങൾ സൊറ പറഞ്ഞിരുന്നു. കൂട്ടത്തിലൊരാൾ ഒരാശയം മുന്നോട്ടു വെച്ചു. ജയിൽ മുറിയിൽ ഒരു കോടതി സൃഷ്ടിക്കുക. കഥാപാത്രങ്ങളായി ജഡ്‌ജിയും വക്കീലമ്മാരും തടവു പുള്ളികളും. വിസ്‌താരത്തിനൊടുവിൽ ജഡ്ജിയുടെ വിധി പ്രസ്‌താവിക്കൽ. ഓരോരുത്തർക്കും രസകരമായ തരത്തിലുള്ള വിധി പ്രസ്‌താവം. അപ്പച്ചൻകുട്ടിയുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസം കഴിഞ്ഞതേയുള്ളൂ. അങ്ങേർക്കു കിട്ടിയ ശിക്ഷ എന്താണെന്നോ. ആദ്യരാത്രിയിലെ സംഭവങ്ങൾ വള്ളിപുള്ളി തെറ്റാതെ വിശദീകരിക്കണം. പാവം പെട്ടുപോയി. ഞങ്ങൾക്കു ജാമ്യം കിട്ടാനുള്ള നടപടികൾ പിറ്റെ ദിവസം ഉണ്ടാകുമെന്നും അറിയിച്ചു. അവർ കൊണ്ടുത്തന്ന സിഗരറ്റും ബീഡിയും ആഞ്ഞു വലിച്ചിട്ട് ലാത്തിചാർജിൽ പരിക്കേറ്റവരെയോർത്ത് ഞങ്ങൾ സങ്കടപ്പെട്ടു.
ജയിലിൽ രണ്ടു രാത്രിയും ഒരു പകലും കൊഴിഞ്ഞു വീണു. മൂന്നാം ദിവസവും പതിവു പോലെ കാപ്പികുടി, ഉണ്ടയും വെള്ളവും തീറ്റ, സൊറ പറച്ചിൽ ഇതൊക്കെത്തന്നെ. ഉച്ചക്ക് ചോറും മീൻകറിയും കിട്ടി. ശനിയാഴ്‌ച ദിവസം ആയിരുന്നെങ്കിൽ മട്ടൻ (ആട്ടിറച്ചി) കിട്ടിയേനെ എന്നു പറയുന്നതു കേട്ടു. ഗോവിന്ദച്ചാമിയെ പോലുള്ളവർ തടിച്ചു കൊഴുക്കുന്നതിൽ എന്തതിശയിക്കാൻ.
ഇന്ന് ആവശ്യമുള്ളവർക്ക് ഷേവ് ചെയ്യാനും കുളിക്കാനുമുള്ള അവസരമുണ്ടെന്ന് വാർഡൻ അറിയിച്ചു. ഷേവ് ചെയ്യാൻ ബാർബറിന്റെ അടുത്തു പോയി വന്ന കൊച്ചായൻ പറഞ്ഞതു കേട്ടപ്പോൾ പോകാത്തവർ ഭാഗ്യവാന്മാർ എന്നു തീർച്ചപ്പെടുത്തി. സോപ്പ് ഉപയോഗിക്കാതെ മുഖത്ത് വെള്ളം തളിച്ചുള്ള ഷേവിങ് ആയിരുന്നെന്നും മുഖമാകെ നീറുന്നെന്നും പറഞ്ഞു.
ഇന്നു ജാമ്യം കിട്ടുമെന്ന് തലേ ദിവസം സന്ദർശനത്തിനു വന്ന സുഹൃത്തുക്കൾ പറഞ്ഞിരുന്നു. പക്ഷെ, അഞ്ചു മണിക്കു മുമ്പായി ജാമ്യം കിട്ടിയ കടലാസുകൾ ജയിലിൽ എത്തിയില്ലെങ്കിൽ മോചനം നീണ്ടു പോകുമെന്ന് വാർഡൻ അറിയിച്ചു. ജയിൽ ജീവിതം മൂന്നാം ദിവസത്തേക്ക് കടന്നപ്പോൾത്തന്നെ എല്ലാവരും മടുത്തു തുടങ്ങിയിരുന്നു. ഞങ്ങളുടെ ഭാഗ്യത്തിന് അഞ്ചു മണിക്കു മുമ്പായി സുഹൃത്ത് ബാബു ബുള്ളറ്റ് ബൈക്ക് ഓടിച്ച് കടലാസുകൾ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ എത്തിച്ചു. ഞങ്ങളുടെ നാട്ടിൽ അക്കാലത്തു ബൈക്ക് ഉണ്ടായിരുന്നത് ബാബുവിനു മാത്രമായിരുന്നു.
സൂപ്രണ്ട് ഓരോരുത്തരെക്കൊണ്ട് തള്ള വിരലിൽ മഷി പുരട്ടി കയ്യിൽ പിടിച്ച് രജിസ്റ്ററിൽ അടയാളം പതിപ്പിച്ചു. എന്റെ കൈയ്യിൽ മഷി പുരട്ടി അടയാളം പതിപ്പിക്കുമ്പോൾ പറഞ്ഞു, “ഇത് പേന പിടിക്കണ്ട കൈ ആണെന്നു തോന്നുന്നു. വെറുതെ സമരവും രാഷ്ട്രീയവും കളിച്ച് ഭാവി കളയാതിരുന്നാൽ നിനക്കു കൊള്ളാം”.
ജാമ്യം കിട്ടി നാട്ടിലെത്തിയപ്പോൾ ജയിലിൽ കിടന്ന വീര യോദ്ധാക്കൾക്ക് സ്വീകരണം. ഇതിനോടകം, വർധിപ്പിച്ച ബസ്സ് ചാർജ് വാഹന ഉടമകൾ പിൻവലിച്ചിരുന്നു. പക്ഷെ, എനിക്കു വീട്ടിൽ കേറാൻ പറ്റാത്ത അവസ്ഥയിലായി. അപ്പനും അമ്മയും കുറെ കാലത്തേക്ക് ഒരക്ഷരം പോലും മിണ്ടിയില്ല.
ജാമ്യം കിട്ടിയെങ്കിലും കേസ് തീരുന്നില്ലല്ലോ. നാലഞ്ചു മാസം വക്കീലാപ്പീസും കോടതിയും കേറിയിറങ്ങി. ഒടുവിൽ കേസ് വെറുതെ വിട്ടു. പക്ഷെ, എനിക്കു നാട്ടിൽ നിൽക്കാൻ പറ്റാത്ത ഗതികേടിലായി. അങ്ങനെ ഒരു മുന്നൊരുക്കവുമില്ലാതെ, ബോംബെയിലുണ്ടായിരുന്ന സുഹൃത്തിന്റെ ദയാവായ്പ്പിൽ, കയ്യിലുണ്ടായിരുന്ന വലിയ പൊലിമയൊന്നുമില്ലാത്ത ഡിഗ്രി വരെയുള്ള സർട്ടിഫിക്കറ്റുകൾ പെറുക്കി കെട്ടി, അതിലേറെ ഒരു ഭാണ്ഡക്കെട്ടു നിറയെ സ്വപ്നങ്ങളും പൊതിഞ്ഞു കെട്ടി അങ്ങോട്ടു വണ്ടി കയറി.
ആദ്യ കാലത്ത് ജോലിക്കായി ഏറെ കഷ്ടപ്പെട്ടെങ്കിലും 1984-ൽ സിൻഡിക്കേറ്റ് ബാങ്കിൽ ജോലി കിട്ടിയപ്പോൾ ജയിൽ സൂപ്രണ്ടിന്റെ ഒടുവിലത്തെ വാക്കുകൾക്ക് എത്ര മാത്രം അർത്ഥമുണ്ടെന്നു മനസ്സിലായി. ഭാവി ജീവിതം അസുന്ദരമാകാൻ ഏറെ സാധ്യത ഉണ്ടായിരുന്ന ഒരു കാലത്തു നിന്ന് രത്നത്തിളക്കം ഇല്ലെങ്കിലും ഒരു കനൽത്തരിയുടെ തിളക്കമെങ്കിലും ഉണ്ടാക്കിയെടുക്കാൻ സാധിച്ചത് ആ ജയിൽ സൂപ്രണ്ടിന്റെ വാക്കുകളുടെ കരുത്തു കൊണ്ടാകാം എന്നു കരുതുന്നു.
ഇപ്പോൾ ഞാൻ ഇതാ ഇവിടെ വരെ എത്തിനിൽക്കുന്നു. റിട്ടയർമെന്റ് ജീവിതത്തിന്റെ ലഹരി ആസ്വദിച്ചു കൊണ്ട്, ഇവിടെ ഡബ്ലിനിൽ.
രാജൻ ദേവസ്യ വയലുങ്കൽ