ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തിത്തരുന്നവര്‍ക്ക് പൊലീസ് 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ അര്‍ധരാത്രിയാണ് പൊലീസ് പ്രതികളെ പിടികൂടുന്നതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് പ്രബല്‍ പ്രതാപ് സിങ് പറഞ്ഞു.
പ്രതി അച്ചാമന്‍ ഉപാധ്യായയ്‌ക്കൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടെയുള്ളയാള്‍ രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്.
പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് യു.പി പൊലീസ് പറഞ്ഞിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് വെച്ചാണ് പിതാവിനെ വെടിവെച്ചു കൊന്നത്.
ലൈംഗികാതിക്രമണം പരാതിപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനു മേല്‍ ഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ആഗ്ര പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആഗ്ര പൊലീസില്‍ നിന്നും മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ഫിറോസാബാദ് സ്വദേശിയായ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്. ഇതിനു ശേഷം പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പ്രതികള്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടിയുടെ പിതാവ്.