ചെന്നൈ: ആകാശത്ത് ഒരു ഓഡിയോ ലോഞ്ച്. അതും വിമാനത്തില്‍ ഇതുവരെ കയറാത്ത നൂറ് കുട്ടികളുമായി. സൂര്യയുടെ ഏറ്റവും പുതിയ ചിത്രം ‘സൂരാരൈ പൊട്രു’വിന്റെ ഓഡിയോ ലോഞ്ചാണ് ആകാശത്തില്‍ വെച്ച് വ്യത്യസ്തമായി നടന്നത്.
സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ വെച്ചായിരുന്നു ഓഡിയോ ലോഞ്ച്. സ്പൈസ് ജെറ്റ് ഉടമ അജയ് സിങ്ങുമായി ചേര്‍ന്നാണ് പാട്ടു പുറത്തിറക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപന്യാസ മത്സരം നടത്തിയിരുന്നു.
അതിലെ വിജയികള്‍ക്കാണ് വിമാന യാത്രയ്ക്ക് അവസരം ലഭിച്ചത്. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥിനെയാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സുധാ കൊങ്കര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം ജാക്കി ഷെറോഫ്, മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.