തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം.
തെളിവുകള്‍ മറച്ചുവെക്കാനും നശിപ്പിക്കാനും ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആശുപത്രിയില്‍ രക്ത പരിശോധന വൈകിപ്പിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
കെ.എം ബഷീറിനെ ഇടിച്ചിട്ട വെള്ളയമ്പലം റോഡിലുള്ള വാഹനങ്ങളുടെ വേഗത 50 കിലോമീറ്റര്‍ പരിധിയാണ്. എന്നാല്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചു വന്ന ശ്രീരാമന്‍ കെ.എം ബഷീറിനെ ഇടിച്ചിട്ടുകയും സംഭവസ്ഥലത്തെത്തയ പൊലീസിനോട് താനല്ല വാഹനം ഓടിച്ചതെന്ന് പറയുകയും ചെയ്തു.
അപകടത്തില്‍ വെറും നിസാര പരിക്കുപറ്റിയ ശ്രീറാം വെങ്കിട്ടരാമന്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും റഫറന്‍സ് വാങ്ങി കിംസ് സ്വകാര്യ ആശുപത്രിയില്‍ പോയാണ് ചികിത്സ തേടിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ജനറല്‍ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയില്‍ നിന്നും രക്ത പരിശോധന നടത്താന്‍ ശ്രീറാം വെങ്കിട്ടരാമന്‍ സമ്മതിച്ചില്ല. രക്തത്തില്‍ മദ്യത്തിന്റെ അളവ് കുറയുന്നതു വരെ മനഃപൂര്‍വ്വം പരിശോധന വൈകിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ഉദ്ദേശമെന്നും കുറ്റപത്രം പറയുന്നു.
ആദ്യഘട്ടത്തില്‍ വാഹനമോടിച്ചത് താനല്ല എന്നും സുഹൃത്ത് വഫ ഫിറോസാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ വഫയെ ചോദ്യം ചെയ്തപ്പോള്‍ തിരിച്ചാണ് മറുപടി കിട്ടിയത്.
സി.സി.ടി.വി ദൃശ്യങ്ങളും സാഹചര്യങ്ങളും മൊഴികളും ശ്രീറാം വെങ്കിട്ടരാമന് എതിരാണെന്നും സി.സി.ടി.വി ദൃശ്യത്തില്‍ ശ്രീറാം തന്നെയാണ് വാഹനമോടിച്ചതെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രീറാം വെങ്കിട്ടറാം ഇപ്പോഴും സസ്‌പെന്‍ഷനിലാണ്.