ന്യൂഡല്‍ഹി: സൈന്യത്തിലെ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന് പദവി നല്‍കണമെന്ന് സുപ്രീംകോടതി. സൈന്യത്തിലെ ഉന്നത പദവികളില്‍ വനിതകളെ നിയമിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി തള്ളി.
സൈന്യത്തിലെ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന് പദവി നല്‍കണമെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ശരിയായ സ്ത്രീ പുരുഷ സമത്വം സൈന്യത്തില്‍ കൊണ്ടുവരണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. സ്ത്രീകളുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്നും സ്ത്രീകളുടെ ശാരീരികമായ ഘടനയും അവരുടെ അവകാശങ്ങളും തമ്മില്‍ ബന്ധമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, തുല്യതയ്ക്കായി നിലകൊണ്ട സുപ്രീംകോടതി സായുധ പോരാട്ടങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരെ ഒഴിവാക്കാമെന്നും നിര്‍ദേശിച്ചു. പുരുഷന്മാര്ക്ക് നല്കുന്ന പദവികള്‍ വനിതകള്‍ക്കും നല്കാന് തയാറാകണമെന്നും സേവന-വേതന വ്യവസ്ഥകളില്‍ വനിതകളോട് വിവേചനം പാടില്ലെന്നും സുപ്രീംകോടതി നിഷ്ക്കര്‍ഷിച്ചു.
2010ല്‍ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. ഡല്‍ഹി ഹൈക്കോടതിയുടെ വിധി നടപ്പാക്കണമെന്നും വനിതകളെ നിയമിക്കുന്നതിന് സ്ഥിരം സമിതി വേണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്രത്തിന്‍റെ നിലപാട് സ്ത്രീവിരുദ്ധമാണെന്നും സുപ്രീംകോടതി പറഞ്ഞു
സൈന്യത്തിലെ കമാന്‍ഡര്‍ പോസ്റ്റിലേക്ക് വനിതകളെ നിയമിക്കുന്നതിനുള്ള വിലക്ക് നീക്കാനാകില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. പുരുഷ സൈനികര്‍ വനിതാ കമാന്‍ഡര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ മാനസികമായി പാകപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. അതേസമയം കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് മാനസിക ചിന്തയിലും മാറ്റം വരുത്തണമെന്നും സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
വനിതകളെ കമാന്‍ഡര്‍ പോസ്റ്റില്‍ നിയമിച്ചാല്‍ അത് സൈന്യത്തിന്‍റെ പ്രവര്‍ത്തന രീതിയെ ബാധിക്കും. വനിതകളുടെ ശാരീരികവും കുടുംബപരവുമായ പരിമിതികളും നിയമനത്തിന് തടസമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വനിതകള്‍ യുദ്ധത്തടവുകാര്‍ ആകുന്നത് ഒഴിവാക്കപ്പെടണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പുരുഷന്മാരേക്കാള്‍ വളരെയധികം ഉയരാന്‍ കഴിയുന്ന വനിതകള്‍ എന്തിനാണ് തുല്യത എന്ന ചെറിയ ആവശ്യം ഉന്നയിക്കുന്നത് എന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടിയിരുന്നു.





































