മനാമ: ഇസ്രഈല്‍ ദേശീയ പതാക കത്തിച്ച കേസില്‍ ബഹ്‌റിന്‍ പൗരന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ബഹ്‌റിന്‍ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. ഫലസ്തീന്‍ ജനങ്ങള്‍ക്കനുകൂലമായി പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാവ് ഇസ്രഈല്‍ പതാക കത്തിക്കുകയായിരുന്നു. ബഹ്‌റിനിലെ ബുദായിയ ടൗണില്‍ ആണ് യുവാവുള്‍പ്പെടുന്ന പത്തംഗ സംഘം പ്രതിഷേധം നടത്തിയത്.
പൊതുസുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തിയെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി പ്രവര്‍ത്തിച്ചെന്നും ആരോപിച്ചാണ് കോടതി വിധി.
ആദ്യമായാണ് ഒരു അറബ് രാജ്യത്തില്‍ ഇസ്രഈല്‍ ദേശീയ പതാക കത്തിച്ചതിന്റെ പേരില്‍ തടവു ശിക്ഷ ലഭിക്കുന്നതെന്നാണ് കോടതി വിധിക്കെതിരെ ഉയരുന്ന ആരോപണം.
ഇസ്രഈല്‍ രാജ്യത്തെ ബഹ്‌റിന്‍ ഔദ്യോഗികമായി അംഗീകരിക്കുന്നില്ലെങ്കിലും ഇസ്രഈലുമായി ധാരണയിലെത്താന്‍ ബഹ്‌റിനും സൗദിയുള്‍പ്പെടുന്ന സഖ്യ രാജ്യങ്ങളും രഹസ്യ നീക്കം നടത്തുന്നെണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.





































