കൊച്ചി: പുതുവൈപ്പ് എൽപിജി ടെർമിനൽ നിർമ്മാണത്തിനെതിരെ സമരം വീണ്ടും ശക്തമാകുന്നു. നിരോധനാഞ്ജ പ്രഖ്യാപിച്ച് നിർമ്മാണം തുടരുന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാണ്. പുതുവൈപ്പിൽ പദ്ധതി പ്രദേശത്ത് സർക്കാർ ഇപ്പോൾ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്.
കനത്ത പൊലീസ് കാവലിലാണ് ടെർമിനൽ നിർമ്മാണം. രണ്ടരവർഷത്തിന് ശേഷമാണ് കഴിഞ്ഞ ഡിസംബറിൽ സമരസമിതിയുടെ എതിർപ്പ് മറികടന്ന് പുതുവൈപ്പിൽ എൽപിജി ടെർമിനൽ നിർമ്മാണം തുടങ്ങിയത്. എന്നാൽ നിരോധനാഞ്ജ തുടരുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഇത് പിൻവലിക്കണമെന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് പി കെ ഷംസുദീൻ പറഞ്ഞു. പുതുവൈപ്പ് പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ജനവാസമേഖലയിൽ ടെർമിനൽ അനുവദിക്കില്ലെന്ന് സമരസമിതിയും കൺവെൻഷനിലൂടെ വ്യക്തമാക്കി.
ബഹുജന കൺവെൻഷൻ ഉൾപ്പടെയുള്ള പരിപാടികൾ സംഘടിപ്പിച്ച് ജനകീയ പിന്തുണയിൽ പ്രത്യക്ഷ സമരത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് സമരസമിതി. നേരത്തെ നടന്ന സമരങ്ങൾക്കു നേരെയുണ്ടായ പോലീസ് നടപടികൾ ഏറെ വിവാദമായിരുന്നു. നിർമ്മാണത്തിനെതിരെ സമരം തുടരുന്നതിനിടെയാണ് കഴിഞ്ഞ ഡിസംബറിൽ നാടകീയമായി സർക്കാർ നിർദ്ദേശ പ്രകാരം ജില്ലാ കളക്ടർ നിരോധനാഞ്ജ പ്രഖ്യാപിച്ചത്. തുടർന്നു പോലീസ് സംരക്ഷണയിലാണ് നിർമ്മാണം ആരംഭിച്ചത്.








































