മലപ്പുറം: ഒൻപതു വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ മരിച്ചതിൽ ദുരൂഹതയെന്ന് ആരോപണം. തിരൂര്‍ – ചെമ്പ റോഡില്‍ തറമ്മല്‍ റഫീഖ് – സബ്‌ന ദമ്പതികളുടെ മക്കളാണ് മരിച്ചത്. ഏറ്റവും ഒടുവിലായി ഇന്ന് പുലർച്ചെ ഇവരുടെ നവജാത ശിശു കൂടി മരിച്ചതോടെയാണ് ദുരൂഹതയെന്ന സംശയവുമായി പ്രദേശവാസികൾ രംഗത്തെത്തിയത്.
മൂന്ന് മാസം മാത്രം പ്രായമുള്ള ആൺ കുഞ്ഞാണ് ഇന്ന് പുലർച്ചെ മരിച്ചത്. മരിച്ച ആറ് കുട്ടികളിൽ അഞ്ച് പേരും ഒരു വയസിൽ താഴെ പ്രായമുള്ളപ്പോഴാണ് മരിച്ചതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഒരു കുട്ടി നാലര വയസ്സുള്ളപ്പോഴാണ് മരിച്ചത്. നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് ഇവർക്കുണ്ടായിരുന്നത്. അപസ്മാര ബാധയെ തുടർന്ന് കുട്ടികൾ മരിച്ചെന്നാണ് മാതാപിതാക്കൾ പ്രദേശവാസികളോട് പറഞ്ഞിരുന്നത്.
ഇന്ന് പുലർച്ചെ മരിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ സംസ്കരിച്ചു. ഇതിന് മുൻപ് മരിച്ച കുട്ടികളുടെ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ലെന്നാണ് വിവരം.
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനെ കുറിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്.