gnn24x7

ടൂര്‍ ഓപ്പറേറ്റര്‍ കബളിപ്പിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും പഠന യാത്രയ്ക്ക് എത്തിയ വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ കുടുങ്ങി

0
323
gnn24x7

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും പഠന യാത്രയ്ക്ക് എത്തിയ മലയാളി സംഘം ഡല്‍ഹിയില്‍ കുടുങ്ങി. ടൂര്‍ ഓപ്പറേറ്റര്‍ കബളിപ്പിച്ചതിനെ തുടര്‍ന്നാണ് 39 ഓളം വിദ്യാര്‍ത്ഥികള്‍ തട്ടിപ്പിനിരയായത്.

തൃശൂര്‍ മണ്ണുത്തി ഡയറി സയന്‍സ് കോളേജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമാണ് പ്രതിസന്ധിയിലായത്.  11 ആണ്‍കുട്ടികളും 28 പെണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്. 

25 ദിവസത്തെ സന്ദര്‍ശനത്തിന് ഈ മാസം 18 നാണ് സംഘം വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലെത്തിയത്.  കരോള്‍ബാഗിലെ ഹോട്ടലിലായിരുന്നു താമസം.  മൂന്നുദിവസം ഡല്‍ഹിയില്‍ തങ്ങിയ ശേഷം വെള്ളിയാഴ്ച ഹരിയാനയിലെ കര്‍ണാലിലുള്ള നാഷണല്‍ ഡയറി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് പോകാനിരിക്കെയാണ് പ്രശ്നം ഉടലെടുത്തത്.

വെള്ളിയാഴ്ച മുറിയൊഴിയവേ ടൂര്‍ ഓപ്പറേറ്റര്‍ പണം അടച്ചിട്ടില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന്‍ വിദ്യാര്‍ത്ഥികള്‍ ടൂര്‍ ഏജന്‍സിയെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ്‌ ആയിരുന്നു. 

കാശടയ്ക്കാതെ പോകാന്‍ സമ്മതിക്കില്ലെന്ന്‍ ഹോട്ടലുകാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തം കയ്യില്‍നിന്നും 86000 രൂപ അടച്ചു. വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും എട്ട് ലക്ഷത്തോളം രൂപ അഡ്വാന്‍സ് വാങ്ങിയാണ് തിരുവനന്തപുരം ആദിത്യ ഡെസ്റ്റിനേഷന്‍ എന്ന സ്ഥാപനം ടൂറിന് നേതൃത്വം നല്‍കിയത്.

10 ലക്ഷം രൂപയുടേതാണ് ടൂര്‍ പാക്കേജ്. അതില്‍ 7.14 ലക്ഷത്തോളം രൂപ ഓപ്പറേറ്റര്‍മാര്‍ക്ക് മുന്‍‌കൂര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്.  ട്രാവല്‍ ഏജന്‍സിയുടെ ഒരു ഗൈഡ് ഇവര്‍ക്കൊപ്പമുണ്ടെങ്കിലും ഇയാള്‍ക്ക് ഓപ്പറേറ്ററെ കുറിച്ചൊന്നും കൂടുതല്‍ അറിയില്ല. 

കോളേജ് അധികൃതര്‍ മണ്ണൂത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.  തുടര്‍ന്ന്‍ കേരളാ ഹൗസ് അധികൃതര്‍ വിഷയത്തില്‍ ഇടപെടുകയും ഇവരെ അവിടെ താമസിപ്പിക്കുകയും ചെയ്തു. 

ശേഷം ഇന്നലെ വൈകുന്നേരം തന്നെ സംഘം കര്‍ണാലിലേയ്ക്ക് പുറപ്പെട്ടു. ഇതിനിടയില്‍ ടൂര്‍ ഏജന്‍സി ഉടമ അരുണിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ അയാള്‍ മൂന്നു ദിവസമായി വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞിരിക്കുന്നത്.  മാത്രമല്ല ആദിത്യ ഡെസ്റ്റിനേഷന്‍ എന്ന സ്ഥാപനം പൂട്ടിയ നിലയിലാണ് ഇപ്പോള്‍ കാണുന്നതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. 

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here