കഴുത്തറ്റം കടവും, ജപ്തി ഭീഷണിയും നേരിട്ടിരുന്ന ബുധന്നൂരിലെ പച്ചക്കറി വ്യാപാരിയായ നരേന്ദ്രനനെ ഭാഗ്യദേവത തേടിയെത്തിയത് കാരുണ്യ ഭാഗ്യക്കുറിയുടെ രൂപത്തില്‍.
കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത് നരേന്ദ്രനാണ്. സമ്മാനം നേടി കൊടുത്ത പി എം 822404 എന്ന നമ്പരിലുള്ള ഭാഗ്യക്കുറി ജില്ലാസഹകരണ ബാങ്കിന്റെ എണ്ണയ്ക്കാട് ശാഖയിൽ ഏല്‍പ്പിച്ചു.
ബുധനൂർ പഞ്ചായത്ത് എണ്ണയ്ക്കാട് പതിനൊന്നാം വാർഡിൽ മാനാംകുഴി സ്വദേശിയാണ് നരേന്ദ്രന്‍. സുനിൽ എന്ന ഏജന്റിൽ നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റ് നരേന്ദ്രൻ വാങ്ങിയത്.
സ്ഥിരമായി ലോട്ടറി പരീക്ഷണം നടത്താറുള്ള നരേന്ദ്രന് ചെറിയ സമ്മാനങ്ങൾ മുൻപ് ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്.
പെണ്‍മക്കളുടെ വിവാഹാവശ്യത്തിനായി സ്വന്തം പേരിലുള്ള വസ്തു പണയപ്പെടുത്തി സ്വകാര്യ വ്യക്തിയിൽനിന്നു നരേന്ദ്രന്‍ പണം വാങ്ങിയിരുന്നു. വസ്തു പിന്നീട് ആ വ്യക്തി സ്വന്തം പേരിലാക്കിയെന്നു നരേന്ദ്രൻ പറയുന്നു. ഇതുസംബന്ധിച്ച കേസ് കോടതിയില്‍ പുരോഗമിക്കവെയാണ് നരേന്ദ്രനെയും കുടുംബത്തെയും ഭാഗ്യദേവത കനിഞ്ഞത്.
കഴിഞ്ഞ മുപ്പത് വർഷമായി എണ്ണയ്ക്കാട് ജംഗ്ഷനിൽ വാടകയ്ക്ക് മുറിയെടുത്ത് പച്ചക്കറി കച്ചവടം നടത്തിവരികയാണ് നരേന്ദ്രന്‍. ഭാര്യ പ്രഭാവതി, മകൻ പ്രദീപ്, മരുമകൾ മഞ്ജു എന്നിവരടങ്ങുന്ന കുടുംബമാണ് നരേന്ദ്രന്റേത്. പ്രേമലത, പ്രസന്ന എന്നീ മക്കളുടെ വിവാഹമാണ് കഴിഞ്ഞത്.
സമ്മാനമായി ലഭിച്ച തുകയിലൂടെ തന്റെ കട ബാധ്യതകൾ തീർക്കണമെന്നും പച്ചക്കറി കച്ചവടം വിപുലമാക്കണമെന്നുമാണ് നരേന്ദ്രന്റെ ആഗ്രഹം.