gnn24x7

ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും സബർമതി ആശ്രമത്തിൽ

0
341
gnn24x7

അഹമ്മദാബാദ്: ആദ്യ ഇന്ത്യൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് രാജകീയ വരവേൽപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്ന് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും സബർമതി ആശ്രമത്തിലെത്തി. ട്രംപും ഭാര്യയും ചേർന്ന് ചർക്കയിൽ നൂൽ നൂറ്റു. അതിനുശേഷം ഗാന്ധിചിത്രത്തിൽ ട്രംപ് മാല ചാർത്തി.

സബർമതി ആശ്രമത്തിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും പാദരക്ഷകൾ ഒഴിവാക്കിയിരുന്നു. ഏകദേശം 20 മിനുട്ടോളം സബർമതി ആശ്രമത്തിൽ ചെലവഴിച്ച ട്രംപിനും ഭാര്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്രമത്തിലെ പ്രത്യേകതകൾ വിവരിച്ചുനൽകി. നേരത്തെ വിമാനത്താവളത്തിൽനിന്ന് 22 കിലോമീറ്റർ ദൈർഘ്യമുളള റോഡ് ഷോയിൽ ഡോണൾഡ് ട്രംപും നരേന്ദ്രമോദിയും ഭാഗമായി. ഇന്ത്യയുടെ വൈവിധ്യം വിളിച്ചോതുന്ന വാദ്യ കലാപരിപാടികളാണ് ട്രംപിനായി ഒരുക്കിയത്.

സബർമതിയിൽനിന്ന് മൊട്ടേര സ്റ്റേഡിയത്തിൽ എത്തുന്ന ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വൻ ജനാവലിയെ അഭിസംബോധന ചെയ്യുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതി നേടിയ മൊട്ടേരയിൽ സംഘടിപ്പിക്കുന്ന നമസ്തേ ട്രംപ് എന്ന പരിപാടിയിൽ ഏകദേശം ഒരുലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കുന്നുണ്ട്.

ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഘവും ഇന്ത്യയിലെത്തിയത്. ഭാര്യ മെലാനിയ, മകൾ ഇവാൻക, ഇവാൻകയുടെ ഭർത്താവ് ജെറാദ് കുഷ്നർ തുടങ്ങി വലിയൊരു പ്രതിനിധി സംഘവും ട്രംപിനൊപ്പമുണ്ട്. മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍നിന്നാണ് ഇവർ പുറപ്പെട്ടത്. 11.40ഓടെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ അമേരിക്കയുടെ എയർഫോഴ്സ് വൺ വിമാനം ഇറങ്ങിയത്.

അതേസമയം ട്രംപിന്റെ വരവിന് മുന്നോടിയായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് അഹമ്മദാബാദില്‍ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ പരിപാടികൾക്ക് ശേഷം പ്രണയകുടീരമായ താജ്മഹലിൽ സന്ദർശനം. പിന്നീട് സംഘം ഡൽഹിയിലേക്ക് പോകും. ഡൽഹിയിൽ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ചർച്ചകൾ നടക്കും. മുപ്പത്താറു മണിക്കൂർ നീളുന്ന സന്ദർശനം ഇന്ത്യാ-അമേരിക്ക ബന്ധത്തിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തലുകൾ. നിരവധി കരാറുകൾ ഒപ്പുവയ്ക്കുമെന്നും സൂചനകളുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here