കോട്ട: രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കോട്ടയില്‍നിന്ന് സവൈ മധോപുരിലേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ചിരുന്ന ബസാണ് ഇന്നു രാവിലെ ലഖേരി പട്ടണത്തില്‍ അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം.
ആകെ 28 പേരാണ് ബസിലുണ്ടായിരുന്നത്. കൈവരി ഇല്ലാതെ പാലത്തിൽ നിന്നാണ് ബസ് മെജ് നദിയിലേക്ക് പതിച്ചത്. 13 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. മരിച്ചവരിൽ 11 പുരുഷന്മാരും 10 സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.