അറുപത്തിയൊന്നു വയസുകാരനായ ഒരു സൂപ്പര്‍ മോഡലാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. അഭിനേതാവും മോഡലുമായ ദിനേശ് മോഹനെ കണ്ടാല്‍ 61 വയസുണ്ടെന്നു തോന്നില്ല.
വിഷാദ രോഗിയായിരുന്ന ദിനേശ് ആരോഗ്യത്തിനു ഹാനീകരവും എണ്ണമയമുള്ളതുമായ ഭക്ഷണത്തിലൂടെയാണ് ആശ്വാസം കണ്ടെത്തിയിരുന്നത്. ഉത്തര്‍പ്രദേശിലെ ഗുഡ്ഗാവ് സ്വദേശിയായ ദിനേശിന് അമിത ഭാരമായിരുന്നു പ്രശ്നം. അഞ്ചു വർഷം മുൻപു വരെ ഡൽഹി സ്വദേശി ദിനേഷിന്റെ തൂക്കം 130 കിലോഗ്രാം ആയിരുന്നു.
ഹരിയാനയിലെ വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ദിനേശ് 2004ൽ വൊളന്ററി റിട്ടയർമെന്റ് വാങ്ങി. ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവും ശരീരത്തെ ഉലച്ചതോടെ ഒന്നനങ്ങാന്‍ പോലുമാകാതെ ദിനേശ് ഒരു വര്‍ഷത്തോളം കിടക്കയില്‍ തന്നെ കഴിച്ചു കൂട്ടി.
ആ കിടപ്പാണ് വീണ്ടുമൊരു തിരിച്ചുവരവിനു ദിനേശിനെ പ്രേരിപ്പിച്ചത്. താന്‍ ഇങ്ങനെയല്ല ജീവിക്കേണ്ടത് എന്ന ചിന്തയാണ് ഇന്ന് കാണുന്ന ദിനേശിനെ ലോകത്തിനു നല്‍കിയത്.
ഓരോ രണ്ടു മണിക്കൂറിലും പഴങ്ങളും പച്ചക്കറികളു൦ കഴിക്കുകയും ജിമ്മിൽ പോയി ചിട്ടയായ വ്യായാമം ചെയ്യുകയും ചെയ്തതോടെ ആറു മാസം കൊണ്ട് 50 കിലോഗ്രാം ഭാരം കുറഞ്ഞു.
2016 ലായിരുന്നു അദ്യ ഫോട്ടോഷൂട്ട്. തുടര്‍ന്ന്, പ്രമുഖ ഡിസൈനർമാരുടെയും ബ്രാൻഡുകളുടെയും മോഡലായി മാറിയ ദിനേശ് വോഗ് ഉൾപ്പെടെ പ്രമുഖ മാഗസിനുകളിൽ കവർ മോഡലായി മാറി. കൂടാതെ സൽമാൻ ഖാനോടൊപ്പം ‘ഭാരത്’ എന്ന സിനിമയിലും ഇന്ത്യയിലെ സീനിയർ മോഡൽ അഭിനയിച്ചു.





































