തിരുവനന്തപുരം: സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ വ്യക്തമായി മറുപടി പറഞ്ഞിട്ടില്ല. പക്ഷേ, തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യമണിക്കൂറിൽത്തന്നെ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും.
നക്ഷത്ര ചിഹ്നമിട്ട ആദ്യ ചോദ്യം കെഎം ഷാജിയുടേതാണ്. സിഎജി റിപ്പോർട്ടിന്മേൽ എന്തു നടപടിയാണ് സർക്കാർ എടുത്തത് എന്നാണ് ചോദ്യം. സഭാ സമ്മേളനം തുടങ്ങുക ഈ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയോടെയാകും. തിരുവനന്തപുരം ആംഡ് പൊലീസ് ബെറ്റാലിയനിൽ നിന്ന് 25 റൈഫിളുകളും 12,601 വെയിടുണ്ടകളും കാണാതായ വിഷയത്തിൽ സിഎജി റിപ്പോർട്ടിൽ എന്തു പറയുന്നു, രാജ്യസുരക്ഷയെ ബാധിക്കുന്ന ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ, കുറ്റക്കാർക്കെതിരേ എന്തു നടപടിയെടുത്തു തുടങ്ങിയ ഉപചോദ്യങ്ങളും പിന്നാലേ വരും.
കെൽട്രോണനും പൊലീസും സംയുക്തമായി നടത്തുന്ന സിംസ് പദ്ധതിയുടെ കരാർ ഗ്യാലക്സോൺ എന്ന സ്വകാര്യ കമ്പനിക്ക് നൽകിയത് സംസ്ഥാന സുരക്ഷയെ ബാധിക്കില്ലേയെന്ന ചോദ്യം ഉന്നയിക്കുന്നത് വി.ഡി.സതീശനാണ്. ഗ്യാലക്സോണിന്റെ ഡയറക്ടർമാരെ കേന്ദ്ര കമ്പനികാര്യമന്ത്രാലയം അയോഗ്യരാക്കിയോ എന്ന കാര്യവും മുഖ്യമന്ത്രിക്ക് വിശദീകരിക്കേണ്ടി വരും.
പൊലീസ് ക്വാർട്ടേഴ്സ് നിർമാണം, വാഹനങ്ങളും ഉപകരങ്ങളും വാങ്ങൽ, ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് എതിരേയുള്ള പരാമർശങ്ങൾ എന്നിവ സംബന്ധിച്ച സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംബന്ധിച്ചും ചോദ്യങ്ങൾ വരും. ഒന്നരവർഷമായി അന്വേഷിച്ചു കണ്ടെത്താത്ത തോക്കുകൾ ഒരു ദിവസം കൊണ്ട് ആഭ്യന്തര സെക്രട്ടറി എങ്ങനെ കണ്ടെത്തി എന്ന ചോദ്യവും സർക്കാരിനെ കുഴയ്ക്കും.
പ്രതിരോധിക്കാനുറച്ച് സർക്കാർസിഎജി റിപ്പോർട്ട് മുന്നിൽ നിർത്തി പ്രതിപക്ഷം ആഞ്ഞടിക്കുമെന്ന് സർക്കാരിന് ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ പ്രതിപക്ഷ ആരോപണങ്ങളെ നേരിടാൻ വേണ്ട തയാറെടുപ്പുകൾ സർക്കാർ നേരത്തേ തുടങ്ങിയിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് തന്നെയാകും സർക്കാരിന്റെ പ്രധാന ആയുധം. പിന്നെ, സിഎജി റിപ്പോർട്ട് സഭയിൽ വയക്കും മുൻപേ ചോർന്നെന്ന ആരോപണവും. സിഎജി റിപ്പോർട്ടിൽ എങ്ങനെ നീങ്ങണമെന്ന നിയമോപദേശവും സർക്കാരിന് ലഭിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, സമ്പൂർണ ബജറ്റ് പാസാക്കാൻ ചേരുന്ന സഭാസമ്മേളനം സിഎജി റിപ്പോർട്ടും ആഭ്യന്തരവകുപ്പിനെതിരേയുള്ള ആരോപണങ്ങളും മുൻനിർത്തിയുള്ള ഭരണ-പ്രതിപക്ഷ പോരിനാകും വഴിവയ്ക്കുക.
 
                






