ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. ദല്‍ഹി കലാപത്തില്‍ ആരൊക്കെയാണോ പ്രതികളാകുന്നത് അവര്‍ക്ക് കര്‍ശനമായ ശിക്ഷ തന്നെ ലഭ്യമാക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടതായി കെജ്‌രിവാള്‍ പറഞ്ഞു. കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
” മോദിജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദല്‍ഹി കലാപവും നിലവിലെ സാഹചര്യവും പുനരധിവാസവും എല്ലാം ചര്‍ച്ച ചെയ്തു. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച ദല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതായുള്ള വ്യാജ വാര്‍ത്ത വന്നപ്പോള്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ആ കാര്യക്ഷമത അവര്‍ കലാപമുണ്ടായ ദിവസങ്ങളില്‍ കാണിച്ചിരുന്നെങ്കില്‍ ആ കലാപം ഒരിടത്തുമാത്രമായി ഒതുങ്ങുകയും നിരപരാധികളായ ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു”, കെജ്‌രിവാള്‍ പറഞ്ഞു.
ദല്‍ഹി മുഖ്യമന്ത്രിയായി മൂന്നാം തവണ അധികാരത്തിലെത്തിയ ശേഷം കെജ്‌രിവാള്‍ മോദിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.