ന്യൂഡല്‍ഹി: അയോധ്യ രാമജന്മ ഭൂമിയില്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
നിര്‍മ്മാണ രംഗത്തെ പ്രമുഖരായ L&Tയ്ക്കാണ് നിര്‍മ്മാണ ചുമതലയെന്നാണ് റിപ്പോര്‍ട്ട്.
VHP ഉപാദ്ധ്യക്ഷന്‍ ചംപത് റായ് ആണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. രാമക്ഷേത്ര നിര്‍മാണത്തില്‍ താത്പര്യം അറിയിച്ച് L&T VHP യെ സമീപിച്ചതായി അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും വിദഗ്ധരും L&T കമ്പനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
10 വര്‍ഷം മുന്‍പ് അശോക് സിംഗാള്‍ VHP അദ്ധ്യക്ഷനായിരുന്ന സമയത്ത് നിര്‍ദ്ദിഷ്ട മാതൃകയില്‍ ക്ഷേത്രനിര്‍മാണം നടത്താന്‍ L&T താത്പര്യം അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ക്ഷേത്രനിര്‍മാണത്തിന് മുമ്പ് സ്ഥലത്തിന്‍റെ മണ്ണ് പരിശോധന നടത്തും. നിര്‍മിതിയുടെ ബലം എത്രത്തോളം വേണമെന്ന് കണക്കാക്കുന്നതിന് വേണ്ടി റൂര്‍ക്കി IITയിലായിരിക്കും മണ്ണ് പരിശോധന നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ അതില്‍ സ്ഥാപിക്കാനുള്ള കല്ലുകളുടെ കൊത്തുപണികള്‍ തുടരുമെന്നും ചംപത് റായ് വ്യക്തമാക്കി
അതേസമയം, ക്ഷേത്രനിര്‍മാണം ആരംഭിക്കുന്നത് സംബന്ധിച്ചും അദ്ദേഹം സൂചനകള്‍ നല്‍കി.
ഏപ്രില്‍ മാസം അനുയോജ്യമായ ദിനത്തില്‍ ക്ഷേത്രനിര്‍മാണം ആരംഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോള്‍ രാം ലല്ല വിഗ്രഹത്തെ താത്കാലികമായി മാനസ് ഭവനിലേക്ക് മാറ്റുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഫെബ്രുവരിയില്‍ രാമക്ഷേത്രനിര്‍മാണത്തിനായി “ശ്രീ റാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്” ട്രസ്റ്റ് രൂപീകരിച്ചിരുന്നു.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ട്രസ്റ്റിൽ ആകെ 15 അംഗങ്ങളാണ് ഉള്ളത്. 9 സ്ഥിര അംഗങ്ങളും 6 നാമനിർദ്ദേശം ചെയ്ത അംഗങ്ങളും ഉള്‍പ്പെട്ടതാണ് ട്രസ്റ്റ്.