ന്യൂദല്‍ഹി: ഇന്ത്യയിലുള്‍പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ പ്രതിസന്ധിയുണ്ടാവുമോ എന്ന് ആശങ്ക തുടരുന്നു.
ഇന്ത്യയില്‍ നിന്നുള്ള ജനറിക് മരുന്നുകളുടെയും മരുന്ന് ചേരുവകളുടെയും കയറ്റുമതി കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ വെട്ടിച്ചുരുക്കിയതാണ് ഒടുവിലത്തെ ആശങ്ക. ജെനറിക് മരുന്നിനുള്ള 26 ചേരുവകളുടെ കയറ്റുമതിക്കാണ് ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ലോക മെഡിസിന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള പാരസെറ്റമോളും ഉള്‍പ്പെടുന്നു.
ആഗോള ജനറിക് മരുന്ന് കയറ്റുമതിയില്‍ 20% ആണ് ഇന്ത്യയുടെ കയറ്റുമതി. എന്നാല്‍ ഈ മരുന്ന് ഉണ്ടാക്കാനുള്ള ചേരുവയ്ക്കായി ഇന്ത്യ ആശ്രയിക്കുന്നത് ചൈനയെയാണ്. 66% ആണ് ഇന്ത്യ ചൈനയില്‍ നിന്നും മരുന്ന് ചേരുവകളുടെ നടത്തുന്ന ഇറക്കുമതിയുടെ തോത്.
ചൈനയില്‍ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ മരുന്നുല്‍പാദന കമ്പനികള്‍ കയറ്റുമതി നിര്‍ത്തലാക്കിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി. ഇന്ത്യയുടെ ആഭ്യന്തര ആവശ്യത്തിനുള്ള മരുന്ന് ലഭ്യതയില്‍ കുറവ് വരാതിരിക്കാനായിരുന്നു ഇത്.
അതോടൊപ്പം ആഗോള തലത്തില്‍ മരുന്ന് വിപണിയില്‍ വലിയ അസന്തുലിതാവസ്ഥ ഇതുണ്ടാക്കും. ഇന്ത്യയും ചൈനയുമാണ് ജെനറിക് മരുന്നുകളുടെ ചേരുവകള്‍ ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്ന രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. ചൈനയില്‍ വ്യാപകമായി കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഇവിടെ നിന്നുമുള്ള ഇറക്കുമതി നിര്‍ത്തലാക്കിയിട്ടുണ്ട്. തൊട്ടുപിന്നാലെയുള്ള ഇന്ത്യയും കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ അത് ആഗോള മരുന്ന് വിപണിയെ കാര്യമായി ബാധിക്കും.
‘ചൈനയിലും ഇന്ത്യയിലും ഇറക്കുമതി തടസ്സപ്പെട്ടാല്‍ അത് ആഗോളതലത്തില്‍ പ്രതിസന്ധിയുണ്ടാക്കും,’ ചൈനയിലെ മാര്‍ക്കറ്റ് റിസേര്‍ച്ച് ഗ്രൂപ്പിലെ അംഗമായ ഷെന്‍ റിന്‍ ബി.ബി.സിയോട് പറഞ്ഞു.
അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ കണക്കു പ്രകാരം 2018 ല്‍ അമേരിക്കയിലേക്കുള്ള ഇന്ത്യയില്‍ നിന്നുള്ള മരുന്ന് ചേരുവകളുടെ ഇറക്കുമതി 30% ആയിരുന്നു. ആകെ മരുന്ന് ഇറക്കുമതിയുടെ കാല്‍ഭാഗവും ഇന്ത്യയില്‍ നിന്നായിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നിയന്ത്രണം എത്തരത്തിലാണ് അമേരിക്കയെ ബാധിക്കുക എന്ന് നിരീക്ഷിച്ചു വരികയാണെന്നാണ് എഫ്.ഡി.എ കമ്മീഷണര്‍ സ്റ്റീഫന്‍ ഹാന്‍ ബി.ബി.സിയോട് പ്രതികരിച്ചു.




































