ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പരമ്പരാഗത ഹോളി ആഘോഷങ്ങള്‍ രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കില്ലെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. കൊവിഡ് 19 നെ തുരത്താന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.
നേരത്തെ ദല്‍ഹിയിലെ സ്‌കൂളുകള്‍ മുന്‍കരുതലുകള്‍ സ്വീകരണിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതുവരെ 28 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ 14 പേര്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണ്. ഇന്ത്യയിലെത്തിയ ഇറ്റാലിയന്‍ വംശജര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ഇന്ത്യന്‍ വംശജനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ചാവ്‌ള ഐടിബിപി ക്യാപിലേക്ക് മാറ്റി.
കേരളത്തില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അവര്‍ക്ക് പൂര്‍ണമായി രോഗം ഭേദമായി. രാജ്യതലസ്ഥാനത്താണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗികള്‍ ഐസൊലേഷന്‍ ക്യാമ്പില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശങ്ക വേണ്ടെന്നും ഉന്നതതല യോഗത്തിന് ശേഷം കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
ഹൈദരാബാദിലെ കോവിഡ് ബാധിതനൊപ്പം ബസില്‍ യാത്രചെയ്ത 27 പേരും നിരീക്ഷണത്തിലുണ്ട്. ചൈന, ഇറ്റലി, ഇറാന്‍ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പൂര്‍ണമായി ഒഴിവാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.










































