gnn24x7

യെസ് ബാങ്ക് തകര്‍ച്ചയില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

0
262
gnn24x7

ന്യൂദല്‍ഹി: യെസ് ബാങ്കിന്റെ തകര്‍ച്ചയ്ക്കുപിന്നാലെ ആര്‍.ബി.ഐ ബാങ്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം മോദിയും മോദിയുടെ ആശയങ്ങളുമാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ഇനി യെസ് ബാങ്കില്ല. മോദിയും അദ്ദേഹത്തിന്റെ ആശയങ്ങളും ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥയെ തകര്‍ത്തു,’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

സാമ്പത്തിക സ്ഥാപനങ്ങളെ ഭരിക്കാനും നിയന്ത്രിക്കാനുമുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ കഴിവ് നശിച്ചു പോയെന്ന് യെസ് ബാങ്കിന്റെ തകര്‍ച്ചയെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ  പി. ചിദംബരം പറഞ്ഞിരുന്നു.

‘ബിജെപി അധികാരത്തിലെത്തിയിട്ട് ആറു വര്‍ഷമായി. സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കാനും ഭരിക്കാനുമുള്ള സര്‍ക്കാരിന്റെ കഴിവുകള്‍ നശിച്ചു പോയിരിക്കുന്നു,’ ചിദംബരം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് യെസ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന തുക പരമാവധി 50,000 രൂപയാക്കി ചുരുക്കിയായിരുന്നു നടപടി.
വ്യാഴാഴ്ചയാണ് മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. വൈകുന്നേരം ആറുമണി മുതല്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവ് ഏപ്രില്‍ മൂന്ന് വരെ നിലനില്‍ക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു.

വായ്പകള്‍ നല്‍കിയതിനെ തുടര്‍ന്ന് തകര്‍ച്ചയിലായ യെസ് ബാങ്കിന്റെ ഓഹരി വാങ്ങാന്‍ എസ്.ബി.ഐയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച അനുമതി നല്‍കുകയും ചെയ്തിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here