ന്യൂദല്‍ഹി: യെസ് ബാങ്കിന്റെ തകര്‍ച്ചയ്ക്കു പിന്നാലെ നിക്ഷേപകരെ ആശ്വസിപ്പിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. യെസ് ബാങ്കിലെ നിക്ഷേപകര്‍ക്ക് വിഷമിക്കേണ്ട കാര്യമില്ലെന്നും അവരുടെ പണം സുരക്ഷിതമാണെന്നുമായിരുന്നു നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.
”യെസ് ബാങ്ക് പ്രതിസന്ധിയില്‍ റിസര്‍വ് ബാങ്കുമായി ഞാന്‍ നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്. ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞിട്ടുണ്ട്. വിഷമിക്കേണ്ടതില്ല. യെസ് ബാങ്ക് നിക്ഷേപകന് ഒരു നഷ്ടവും സംഭവിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. റിസര്‍വ് ബാങ്കും സര്‍ക്കാരും യെസ് ബാങ്ക് പ്രശ്‌നം വിശദമായി പരിശോധിക്കുകയാണ്. എല്ലാവരുടെയും താല്‍പ്പര്യത്തിന് അനുസൃതമായി ഒരു തീരുമാനം എടുക്കും,” നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
യെസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് 50,000 രൂപയ്ക്കുള്ളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിന് അടിയന്തര മുന്‍ഗണന നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. 
വ്യാഴാഴ്ചയാണ് റിസര്‍വ് ബാങ്ക് യെസ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന തുക പരമാവധി 50,000 രൂപയാക്കി ചുരുക്കിയായിരുന്നു നടപടി.വൈകുന്നേരം ആറുമണി മുതല്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവ് ഏപ്രില്‍ മൂന്ന് വരെ നിലനില്‍ക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു.
വായ്പകള്‍ നല്‍കിയതിനെ തുടര്‍ന്ന് തകര്‍ച്ചയിലായ യെസ് ബാങ്കിന്റെ ഓഹരി വാങ്ങാന്‍ എസ്.ബി.ഐയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച അനുമതി നല്‍കുകയും ചെയ്തിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ആര്‍.ബി.ഐ യെസ് ബാങ്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം മോദിയും മോദിയുടെ ആശയങ്ങളുമാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
സാമ്പത്തിക സ്ഥാപനങ്ങളെ ഭരിക്കാനും നിയന്ത്രിക്കാനുമുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ കഴിവ് നശിച്ചു പോയെന്നായിരുന്നു യെസ് ബാങ്കിന്റെ തകര്‍ച്ചയെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരവും പ്രതികരിച്ചു.
 
                






