ചേര്‍ത്തല: ഓഫീസിന് പിന്നില്‍ ഉപേക്ഷിച്ച കസേര ചോദിച്ചെത്തിയ കുട്ടിയ്ക്ക് പുതിയ കസേര വാങ്ങി നല്‍കി പോലീസ്. രണ്ടു പുതിയ കസേരകളാണ് പോലീസ് കുട്ടിയ്ക്ക് വാങ്ങി നല്‍കിയത്.
ചേര്‍ത്തല ഡിവൈഎസ്പി ഓഫീസിലെ ഉദ്യോഗസ്ഥരാണ് ആറാം ക്ലാസുകാരന് കസേര വാങ്ങി നല്‍കിയത്. ഓഫീസിന് പിന്നില്‍ ഉപേക്ഷിച്ച കസേര ചോദിച്ചാണ് കുട്ടി പോലീസുകാരെ സമീപിച്ചത്.
വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം സര്‍ക്കാര്‍ ഓഫീസിലെ സാധനങ്ങല്‍ കൈമാറാന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്ന് പറഞ്ഞ് കുട്ടിയെ മടക്കിയയച്ച ഉദ്യോഗസ്ഥര്‍ പിന്നീട് പുതിയ കസേര വാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു.
എഎസ് കനാല്‍ തീരത്തെ ആയുര്‍വേദ ആശുപത്രിയ്ക്ക് സമീപമുള്ള പുറമ്പോക്കില്‍ താമസിക്കുന്ന കുട്ടി തന്‍റെ വീട്ടില്‍ കസേരയില്ലാത്തതിനാലാണ് പഴയ കസേര ചോദിച്ചെത്തിയത്. ഡിവൈഎസ്പി എജി ലാലാണ് കസേര കൈമാറിയത്. കുട്ടിയുടെ പിതാവ് അരയ്ക്കുതാഴെ തളര്‍ന്ന് കിടപ്പിലാണ്. മാതാവ് ലോട്ടറി വിറ്റാണ് കുടുംബം പുലര്‍ത്തുന്നത്.
എന്തത്യാവശ്യമുണ്ടെങ്കിലും പറയാന്‍ മടിക്കരുതെന്നും കഴിയും വിധം സഹായിക്കാമെന്നും വാഗ്ദാനം നല്‍കിയാണ് പോലീസ് കുട്ടിയുടെ വീട്ടില്‍ നിന്ന് മടങ്ങിയത്. വീട്ടില്‍ ആകെയുണ്ടായിരുന്ന കസേര ഒടിഞ്ഞുപോയ കുട്ടിയ്ക്ക് പുതിയ കസേര വാങ്ങാന്‍ നിര്‍വാഹമില്ലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് പോലീസ് ഓഫീസിനു പിന്നില്‍ കൂട്ടിയിട്ടിരിക്കുന്ന പഴയ കസേരകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
 
                






