മുംബൈ: കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചുവെന്ന പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവിന്റെ വാദത്തിനെതിരെ ആരോഗ്യവിദഗ്ധര്‍. ബാബാ രാംദേവിന്റെ അവകാശവാദത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ എപിഡെമോളജി ഡോക്ടറായ ഗിരിധര്‍ പറഞ്ഞു.
അടിസ്ഥാനരഹിതമായ ഇത്തരം പ്രവൃത്തികള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാരണമാവുമെന്നും അഭ്യസ്ഥരായ ആളുകള്‍ ഇതിലൂടെ വഴിതെറ്റുന്നതിന് കാരണമായേക്കാമെന്നും ഗിരിധര്‍ പറഞ്ഞു.
‘ഇത്തരം പരസ്യങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് നിരോധിക്കണം. രോഗ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള അപകടകരമായ ട്വീറ്റുകള്‍ പോലും ജനങ്ങളെ ആശയകുഴപ്പത്തിലാക്കുന്നുണ്ട്’, ഡോക്ടര്‍ പറഞ്ഞു.
ഈ ആഴ്ച്ച പുറത്തിറക്കിയ പരസ്യത്തിലായിരുന്നു ബാബ രാംദേവ് കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിനായി തന്റെ പതജ്ഞലിയെന്ന കമ്പനി വികസിപ്പിച്ചെടുത്ത മരുന്നിനെക്കുറിച്ച് പറഞ്ഞത്.
ഞങ്ങള്‍ ശാസ്ത്രീയമായ പരീക്ഷണത്തിലൂടെ അശ്വഗന്ധയെന്ന ആയുര്‍വേദ സസ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കൊറോണ പ്രോട്ടീന്‍ മനുഷ്യ ശരീരത്തിലെ പ്രോട്ടീനുമായി കൂടിച്ചേരാന്‍ അനുവദിക്കില്ലയെന്നായിരുന്നു ബാബ രാംദേവിന്റെ പ്രചാരണം. എന്നാല്‍ ശാസ്ത്രീയ പരീക്ഷണം നടത്തിയെന്ന് പറയുമ്പോഴും ഇതിന് യാതൊരു തെളിവുകളും അദ്ദേഹം നിരത്തിയിരുന്നില്ല.
നിലവില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി വാകിസിനുകള്‍ കണ്ടെത്തിയിട്ടില്ല. അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.