മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ട നീക്കം അവസാന ഘട്ടത്തിലേക്ക്. രണ്ടു ഫ്ളാറ്റുകളിലേതു പൂർണ്ണമായും നീക്കി കഴിഞ്ഞു.
ബാക്കിയുള്ളത് രണ്ടു ദിവസം കൊണ്ട് നീക്കും. മരട് ഫ്ലാറ്റുകൾസംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പൂർത്തീകരണത്തിന് ഇനി ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.
അഞ്ചു ഫ്ലാറ്റുകൾ തകർത്തിടുമ്പോൾ പിന്നെ അവശേഷിച്ചത് ടൺ കണക്കിന് കോൺക്രീറ്റുകൾ മാത്രമായിരുന്നു. മാലിന്യങ്ങൾ ഒരു ഘട്ടത്തിൽ ആശങ്ക ഉയർത്തിയെങ്കിലും പറഞ്ഞ സമയത്തിൽ വലിയ വ്യത്യാസമില്ലാതെ നീക്കി കഴിഞ്ഞു.
ഏഴുനിലയോളം ഉയരത്തിൽ കോൺക്രീറ്റു നിറഞ്ഞ ഹോളി ഫെയ്ത്തും ഗോൾഡൻ കായലോരവും നിന്ന സ്ഥലവും ഇപ്പോൾ മൈതാനം പോലെയായി.
രൂക്ഷമായ പൊടി ശല്യവും ആദ്യ ഘട്ടത്തിൽ ഉയർന്ന പ്രാദേശിക എതിർപ്പുകളും മറികടന്നാണ് മാലിന്യ നീക്കം വിജയകരമായി നടത്തിയത്.
ഇനി അവശേഷിക്കുന്നത് ആൽഫാ ഫ്ലാറ്റിലെയും ജെയിൻ കോറൽ കോവിലെയും മാലിന്യങ്ങളാണ്. ഈ സ്ഥലങ്ങളും ഉടൻ പൂർത്തിയാക്കുമെന്ന് കരാറുകാരായ പ്രോംപ്റ്റ് കമ്പനി അറിയിച്ചു. കോൺക്രീറ്റിൽ നിന്നും വേർതിരിച്ച കമ്പികൾ വിജയ സ്റ്റീൽസ് നീക്കം ചെയ്തു കഴിഞ്ഞു.


































