ന്യൂദല്‍ഹി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പാര്‍മെന്റില്‍ നിന്നും സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങാന്‍ സ്വന്തം എം.പിമാരോട് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റ് നിര്‍ത്തിവെക്കാന്‍ ഇരുസഭകളുടെയും പ്രിസൈഡിംഗ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എം.പി ഡെറക് ഒബ്രയാന്‍ കത്ത് നല്‍കി.
അടുത്ത പത്ത് ദിവസത്തേക്ക് പാര്‍മെന്റ് നിര്‍ത്തിവെക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യം. തൃണമൂല്‍ കോണ്‍ഗ്രസിന് ലോക്‌സഭയില്‍ 22 എം.പിമാരും രാജ്യസഭയില്‍ 13 എം.പിമാരുമാണുള്ളത്.
സാമൂഹികമായി അകലം പാലിക്കണമെന്നും വലിയ കൂട്ടങ്ങളായി ആളുകള്‍ ഒത്തുചേരരുതെന്നും 65 വയസിന് മുകളിലുള്ളവര്‍ പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി തന്നെ ആവശ്യപ്പെടുന്നു. രാജ്യസഭയിലെ 44 ശതമാനം എം.പിമാരും ലോക്‌സഭയിലെ 22 ശതമാനം എം.പിമാരും 65 വയസിന് മുകളിലുള്ളവരാണ്. എം.പിമാരുടെ മാത്രം കാര്യമല്ല, ആയിരങ്ങളാണ് പാര്‍ലമെന്റ് കോംപ്ലക്‌സില്‍ ദിനേന വരുന്നത്. ഈ സന്ദേശം അപകടകരമായിട്ടാണ് ഭവിക്കുകയെന്നും ഡെറിക് ഒബ്രയാന്‍ നല്‍കിയ കത്തില്‍ പറയുന്നു.
രാജ്യത്ത് കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നാമത്തെ മരണമാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തില്‍ ചികിത്സയിലുണ്ടായിരുന്ന 69കാരനാണ് മരിച്ചത്.
മഹാരാഷ്ട്രയിലും ബിഹാറിലുമാണ് ഞായറാഴ്ച രണ്ട് മരണങ്ങള്‍ സംഭവിച്ചത്. ഞായറാഴ്ച മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. മാര്‍ച്ച് 21 ന് എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 56 കാരനാണ് മരിച്ചത്.