gnn24x7

സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും

0
359
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. കൊവി‍ഡ് ബാധിച്ച് രോഗി മരിച്ചതിന് പിന്നാലെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച പോത്തൻകോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന. സംസ്ഥാനത്ത് റാപ്പിഡ് റെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

ശശിതരൂര്‍ എംപിയാണ് എംപി  ഫണ്ട് വിനിയോഗിച്ച് കഴിഞ്ഞ ദിവസം 1000 റാപ്പിഡ് റെസ്റ്റ് കിറ്റുകളെത്തിച്ചത്. ആകെ 3000 കിറ്റുകളാണ് എംപി തിരുവനന്തപുരം ജില്ലയിലെത്തിക്കുന്നത്. 2000 എണ്ണം കൂടി വരുന്ന ഞായറാഴ്ച എത്തും. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വഴി രണ്ടര മണിക്കൂറിനുള്ളിൽ കൊവിഡ് 19ന്‍റെ ഫലം ലഭിക്കും. നിലവില്‍ ഫലം അറിയാനായി ആറ്, ഏഴ് മണിക്കൂറുകള്‍ വേണം.എംപി ഫണ്ടില്‍ നിന്നും 57 ലക്ഷം രൂപ ചെലവിട്ടാണ് 3000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ശശിതരൂര്‍ എത്തിക്കുന്നത്. കൂടാതെ ഒരു കോടി രൂപ ചെലവിട്ട് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുമെന്നും എംപി പറയുന്നു. കിറ്റുകളെത്തിച്ച എംപിയെ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പേരെടുത്ത് അഭിനന്ദിച്ചിരുന്നു.

നിലവിൽ രോഗബാധിതപ്രദേശത്തുനിന്ന്‌ എത്തിയവരും രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരുമായ പനി, ശ്വാസതടസ്സം, വരണ്ട ചുമ തുടങ്ങിയ അഞ്ച്‌ രോഗലക്ഷണങ്ങൾ ഉള്ളവർക്കാണ്‌ പരിശോധന. ഒന്നോ രണ്ടോ ലക്ഷണം ഉള്ളവരെയും പരിശോധനയ്‌ക്ക്‌ വിധേയരാക്കും.സാമ്പിൾ പരിശോധിക്കൽ വേഗത്തിലാക്കാൻ 10 റിയൽ ടൈം പിസിആർ മെഷീൻ വാങ്ങും. ഇതിൽ ഏഴെണ്ണം ലഭ്യമാക്കി. ഉന്നതവിദ്യാഭ്യാസ വകുപ്പിൽ 14 പിസി ആർ മെഷീനുകളുണ്ട്‌. ഇവ അനുമതി ലഭിച്ച ലാബുകളിലേക്ക്‌ മാറ്റി കൂടുതൽ സാമ്പിളുകൾ പരിശോധിക്കാനും ആലോചനയുണ്ട്‌. കാസർകോട്‌ കേന്ദ്ര സർവകലാശാലയിൽ നിലവിൽ 20 സാമ്പിളുകളാണ്‌ ഒരു ദിവസം പരിശോധിക്കുന്നത്‌. ഇത്‌ 100 ആയി ഉയർത്തും.

സംസ്ഥാനത്ത്‌ പ്രതിദിനം 2000 സാമ്പിളുകൾ പരിശോധിക്കാൻ ശേഷിയുണ്ട്‌. എന്നാൽ, സർക്കാർ തീരുമാനിച്ചാൽപോലും പ്രതിദിനം ഇത്രയും പരിശോധന നടത്താനാകില്ല. ഐസിഎംആർ മാനദണ്ഡപ്രകാരം മാത്രമേ ടെസ്‌റ്റുകൾ ചെയ്യാനാകൂ.റാപ്പിഡ്‌ ടെസ്‌റ്റ്‌ ശനിയാഴ്ച ആരംഭിക്കും. എന്നാൽ, വൈറസിനെതിരെ ശരീരത്തിൽ ആന്റി ഡി രൂപപ്പെട്ടാൽമാത്രമേ റാപ്പിഡ്‌ ടെസ്‌റ്റിൽ വ്യക്തമാകൂ. അതിനാൽ റാപ്പിഡ്‌ ടെസ്‌റ്റ്‌ ഫലം നെഗറ്റീവായാലും നിരീക്ഷണത്തിൽ തുടരേണ്ടിവരും. റാപ്പിഡ്‌ ടെസ്‌റ്റ്‌ ഫലം പോസിറ്റീവായ വ്യക്തികളെ ആർടി പിസിആർ പരിശോധനയ്‌ക്കും വിധേയരാക്കും.

പോത്തൻകോട് രോഗിയുമായി അടുത്ത് ഇടപഴകിയവരുടേതടക്കം കൂടുതൽ പേരുടെ ഫലം ഇന്ന് ലഭിക്കും. അതേ സമയം പോത്തന്‍കോട് കൊറോണ ബാധിച്ച് മരിച്ച അബ്ദുൽ അസിസിൽ എങ്ങനെ രോഗം പകർന്നതെന്ന് ഇതു വരെ കണ്ടെത്താനായിട്ടില്ല. ഇതിനായുളള ശ്രമം തുടരുകയാണ്. അതേസമയം ശ്രീചിത്ര ഇൻസ്റ്റിറ്റിയൂട്ട് വികസിപ്പിക്കുന്ന റാപ്പിഡ് റെസ്റ്റ് കിറ്റ് പരീക്ഷണത്തിനായി 4 രോഗികളിൽ നിന്നും സാമ്പിൾ എടുക്കാൻ സർക്കാർ അനുമതി നല്‍കി. കോവിഡ് 19 രോഗം ഭേദമായ 4 രോഗികളിൽ നിന്നുള്ള പ്ലാസ്മ ആണ് ശേഖരിക്കുക. 3 നിബന്ധനകളോടെ ആണ് അനുമതി നൽകിയിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here