ന്യൂദല്‍ഹി: കൊറോണ വൈറസ് വായുവിലൂടെ പകരും എന്നതിന് യാതൊരു തെളിവും ഇല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). അമേരിക്കന്‍ ശാത്രജ്ഞരുടെ വാദം തള്ളിയാണ് ഐ.സി.എം.ആര്‍ രംഗത്തെത്തിയിരിക്കുന്നത്.
ശാസ്ത്രത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ, സന്തുലിതവും തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ കഴിയുന്നതുമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും ഐ.സി.എം.ഐര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘കൊറോണ വൈറസ് വായുവിലൂടെ പടരുന്നതാണെങ്കില്‍, രോഗം ബാധിച്ചവരുടെ കുടുംബങ്ങളിലെ എല്ലാവര്‍ക്കും അണുബാധ ഉണ്ടാവേണ്ടതാണ്. കുടുംബാംഗങ്ങളും അതേ അന്തരീക്ഷത്തിലെ വായുവാണല്ലോ ശ്വസിക്കുന്നത്. കൊറോണ ബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയിലുള്ള എല്ലാവര്‍ക്കും രോഗം ഉണ്ടാവേണ്ടതായിരുന്നു. പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല’, ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അതുകൊണ്ട് തന്നെ, കൊറോണ വായുവിലൂടെ പടരുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളിനോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഐ.സി.എം.ആര്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
കൊറോണ വൈറസ് വായുവിലൂടെ പടരുമെന്ന യു.എസ് ശാസ്ത്രജ്ഞരുടെ വാദം തള്ളിയാണ് ഐ.സി.എം.ആര്‍ രംഗത്തെത്തിയിരിക്കുന്നത്.






































