ജനീവ: ലോകാരോഗ്യ സംഘടന ചൈനയോട് അടുപ്പം കാണിക്കുന്നതിനാല്‍ അമേരിക്കയുടെ ധനസഹായം ലഭിക്കില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ലോകാരോഗ്യസംഘടന ഡയരക്ടര്‍ ടെഡ്രൊസ് അധനം.
കൊവിഡ്-19 പ്രതിസന്ധി രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ശ്രദ്ധകൊടുക്കണമെന്നുമാണ് ഡബ്ല്യു.എച്ച്.ഒ ഡയരക്ടര്‍ പറയുന്നത്.
‘ എല്ലാ രാഷട്രീയപാര്‍ട്ടികളുടെയും ശ്രദ്ധ അവരുടെ ജനങ്ങളെ രക്ഷിക്കുന്നതിലായിരിക്കണം. ദയവായി ഈ വൈറസിനെ രാഷട്രീയവല്‍ക്കരിക്കരുത്. ദേശീയതലത്തിലുള്ള വ്യത്യാസങ്ങളെ ഇത് (കൊവിഡ്) ഇല്ലാതാക്കും. ഡബ്ല്യു.എച്ച്.ഒ ഡയരക്ടര്‍ പറഞ്ഞു.
ഒപ്പം ഇനിയും മരണങ്ങള്‍ നടക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ രാഷട്രീയവല്‍ക്കരിക്കല്‍ തുടര്‍ന്നോളൂ എന്നും ഡബ്ല്യു.എച്ച്.ഒ ഡയരക്ടര്‍ വിമര്‍ശിച്ചു.
‘നിങ്ങള്‍ക്ക് ഇനിയും മൃതശരീരങ്ങളുടെ ബാഗ് വേണമെങ്കില്‍ അങ്ങനെ ചെയ്‌തോളൂ. മൃതശരീരങ്ങളുടെ ബാഗുകള്‍ ഇനി വേണ്ട എന്നാണെങ്കില്‍ രാഷ്ട്രീയവല്‍ക്കരണത്തില്‍ നിന്നും മാറി നില്‍ക്കുക.,’ ടെഡ്രൂസ് അധനം പറഞ്ഞു.
ഇന്നലെയാണ് ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പിടിച്ചു വെക്കുന്നത് പരിഗണനയിലുണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ലോകാരോഗ്യ സംഘടന ചൈനയോട് അടുത്ത് നില്‍ക്കുന്നെന്നും അതിനാല്‍ ലോകാരോഗ്യസംഘടനയ്ക്ക് അമേരിക്ക നല്‍കുന്ന ഫണ്ടിംഗ് പിടിച്ചുവെക്കുന്നതിനെ പറ്റി ആലോചിക്കുകയുമാണെന്നാണ് ട്രംപ് പറഞ്ഞത്.
‘ഡബ്ല്യു.എച്ച്.ഒയ്ക്ക് നല്‍കുന്ന പണം പിടിച്ചുവെക്കാന്‍ പോവുകയാണ്. ശക്തമായി പിടിച്ചു വെക്കാന്‍,’ ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ പറ്റി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം.
എന്നാല്‍ ഡബ്ല്യു.എച്ച്.ഒക്ക് പണം നല്‍കാതിരുന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ പറ്റി ചോദിച്ചപ്പോള്‍ ഇതേ പറ്റി ആലോചിക്കുന്നതേ ഉള്ളൂ ഇപ്പോള്‍ ചെയ്യുന്നില്ല എന്നാണ് ട്രംപ് നല്‍കിയ മറുപടി. നേരത്തെ ട്വിറ്ററിലൂടെ ലോകാരോഗ്യ സംഘടനയ്ക്കെതിരെ ട്രംപ് രംഗത്തു വന്നിരുന്നു. ഡബ്ല്യു.എച്ച്.ഒ ക്ക് യു.എസില്‍ നിന്ന് വലിയ ധനസഹായം ലഭിച്ചിട്ടും സംഘടന ചൈനീസ് കേന്ദ്രീകൃതമാണെന്ന് ട്രംപ് ആരോപിച്ചിരുന്നു.
ഡബ്ല്യു.എച്ച്.ഒയ്ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. 2019 ല്‍ 400 മില്യണ്‍ ഡോളറാണ് അമേരിക്ക ഈ സംഘടനയ്ക്ക് നല്‍കിയത്. ഇതേ വര്‍ഷം 44 മില്യണ്‍ ഡോളറാണ് ചൈന ഡബ്ല്യു.എച്ച്.ഒ യ്ക്ക് നല്‍കിയത്. അമേരിക്കയുടെ ധനസാഹയം ഇല്ലാതാവുന്നത് ഡബ്ല്യ.എച്ച്.ഒയെ കാര്യമായി ബാധിക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അമേരിക്കന്‍ നിയമപ്രകാരം ഫെഡറല്‍ ഫണ്ടുകള്‍ വിനിയോഗിക്കാനുള്ള അധികാരം കോണ്‍ഗ്രസിനാണ്.




































