ഡബ്ലിന്‍: അയര്‍ലൻഡില്‍ ഇതിനകം 72,000 പേര്‍ക്ക് കൊറോണ വൈറസ് ടെസ്റ്റ് പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ്. സ്വാബ് എടുത്ത 11,000 കേസുകളുടെ റിസള്‍ട്ട് കൂടി ഇനിയും ലഭിക്കാനുണ്ട്. ഇവയില്‍ കൂടുതലും ജര്‍മ്മന്‍ ലാബോട്ടറികളിലേയ്ക്ക് അയച്ചിട്ടുള്ളവയാണെന്നും. ഉടന്‍ റിസള്‍ട്ട് പ്രതീക്ഷിക്കുന്നതായും എച്ച്എസ്ഇ ചീഫ്, പോള്‍ റൈഡ് വെളിപ്പെടുത്തി.
ഇതിനിടെ കൊറോണവൈറസ് ടെസ്റ്റ് നടത്തിയ നൂറോളം ആളുകള്‍ക്ക് നല്‍കിയ റിസള്‍ട്ട് തെറ്റായിരുന്നുവെന്ന് എച്ച്എസ്ഇ കുറ്റസമ്മതം നടത്തി. കഴിഞ്ഞ വാരാന്ത്യത്തില്‍ നടത്തിയ ടെസ്റ്റില്‍ നെഗറ്റിവാണെന്ന് അറിയിച്ച നിരവധി പേര്‍ യഥാര്‍ത്ഥത്തില്‍ പോസിറ്റിവ് ആയിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍.തെറ്റായ റിസള്‍ട്ട് നല്‍കിയവരെ ഇപ്പോള്‍ ഈ വിവരം അറിയിച്ചു വരികയാണെന്നും പുനര്‍ പരിശോധന ഉടന്‍ നടത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നലെ മാത്രം അയര്‍ലൻഡില്‍ 992 പുതിയ വൈറസ് ബാധിതരെ കൂടി കണ്ടെത്തിയതായി സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു. ജർമനിയില്‍ നിന്നും ലഭ്യമായ 465 കേസുകളുടെ റിസള്‍ട്ട് ഉള്‍പ്പെടെയാണിത്.
ഇതോടെ രാജ്യത്തെ ആകെ കൊറോണബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞു. (10647 കേസുകള്‍ ). ടെസ്റ്റ് ചെയ്തതില്‍ മാത്രം ഏഴിലൊന്ന് പേര്‍ക്ക് വൈറസ് സാന്നിധ്യം കണ്ടെത്തി. അന്തര്‍ ദേശിയകണക്കുകള്‍ പ്രകാരം താരതമ്യേനെ ഉയര്‍ന്ന ശതമാനമാണിത്.
ഇന്നലെ 31 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 365 ആയി വർധിച്ചു .മരിച്ചവരുടെ ശരാശരി പ്രായം 82 ആയി തുടരുകയാണ്. മരിച്ചവരില്‍ 247 പേര്‍ മാത്രമേ ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നുള്ളു.എച്ച്എസ്ഇയ്ക്ക് വേണ്ടിയുള്ള രണ്ടാം ഘട്ട പിപിഇ അടുത്ത ആഴ്ച ചൈനയില്‍ നിന്നും എത്തുമെന്ന് ആരോഗ്യ വകുപ്പ് കേന്ദ്രങ്ങള്‍ അറിയിച്ചു.
ഗുണനിലവാരം നിജപ്പെടുത്തിയ ശേഷമാണ് പുതിയ ബാച്ച് കൊണ്ടുവരികയെന്നു സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. അതിനിടെ കൊറോണ വൈറസിനെതിരെയുള്ള ഒരു വാക്‌സിന്‍ കണ്ടെത്തിയ ശേഷമേ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും മാറ്റാന്‍ സാധ്യതയുള്ളുവെന്ന് എച്ച്എസ്ഇ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ടോണി ഹോളോഹന്‍ വ്യക്തമാക്കി.ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും സോഷ്യല്‍ ഡിസ്റ്റന്‍സിങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.










































