തിരുവനന്തപുരം: ലോക്ക് ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
വിവിധമേഖലകള്‍ക്ക് പിന്നീട് ഇളവുനല്‍കാനും തീരുമാനമായി. ഈ മാസം 20ന് ശേഷമായിരിക്കും കേന്ദ്ര നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇളവ് അനുവദിക്കുക. അതുവരെ ഇപ്പോഴത്തെ നിയന്ത്രണം തുടരും.
കയര്‍, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങിയ മേഖലകള്‍ക്കാണ് ഇളവ് നല്‍കുക.
കൊവിഡ് രോഗബാധയുടെ തീവ്രത അനുസരിച്ച് നാലു ജില്ലകള്‍ റെഡ് സോണായി മന്ത്രിസഭ നിശ്ചയിച്ചു. റെഡ് സോണ്‍ ജില്ലകളില്‍ കേന്ദ്രത്തോട് മാറ്റം നിര്‍ദേശിക്കാനും തീരുമാനമായി. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണില്‍.
വയനാടും, കോട്ടയവും ഗ്രീന്‍ സോണാക്കണമെന്നും മറ്റു ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
1. കടുത്ത നിയന്ത്രണവുമായി അതിതീവ്രമേഖല: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം
.2. ഭാഗിക ഇളവ് ഏപ്രില്‍ 24നു ശേഷം: പത്തനംതിട്ട, കൊല്ലം, എറണാകുളം
3. ഭാഗികമായി ജനജീവിതം അനുവദിക്കാം: ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്
4. പൂര്‍ണ ഇളവ്: കോട്ടയം, ഇടുക്കി








































