തിരുവനന്തപുരം: സ്പ്രിംങ്ക്ളർ ഇടപാടിൽ സർക്കാരിന്റെ പങ്ക് മൂടിവെക്കാനുള്ള നീക്കമാണ് ഐടി സെക്രട്ടറി ശിവശങ്കർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാം ഉദ്യോഗസ്ഥ തലത്തിൽ ചെയ്തതാണെന്ന് വരുത്തി രക്ഷപ്പെടാനാണ് സർക്കാർശ്രമം. ശിവശങ്കർ സെക്രട്ടറിയായ ശേഷം ഐടി വകുപ്പിൽ നടന്നിട്ടുള്ള എല്ലാ ഇടപാടുകളെക്കുറിച്ചും അന്വേഷണം വേണം. ഐടി സെക്രട്ടറിയുടെ പ്രവർത്തനങ്ങളിലാകെദുരൂഹതയുണ്ടെന്നും സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കേവലം ഉദ്യോഗസ്ഥതലത്തിൽ നടന്ന ഇടപാടാണിതെന്ന് വിശ്വസിക്കാനാകില്ല. എല്ലാം തന്റെ വിവേചനാധികാരത്താൽ താൻ മാത്രം ചെയ്തതാണെന്ന ഐടി സെക്രട്ടറിയുടെ വാദം ഉന്നതരെ രക്ഷിക്കാനാണ്. സ്പ്രിംങ്ക്ളർ ഇടപാട് വിവാദമായപ്പോൾ പിഴവുകൾ തിരുത്താമെന്ന് പറയുന്നതും അതിനു തന്നെയാണ്. ഉന്നതതലത്തിലുള്ള ഇടപാടിന്റെ ഏജന്റാണ് ഐടി സെക്രട്ടറി. സർക്കാരിന് മൊത്തത്തിൽ ഇക്കാര്യത്തിൽ വ്യക്തമായ പങ്കുണ്ട്. അതിനാൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഐടി മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ശിവശങ്കറിന്റെ വിദേശയാത്രകളെക്കുറിച്ചും വിദേശ ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണം.
സ്പ്രിംങ്ക്ളർ ഇടപാടിൽ ഉയർന്നുവന്നിട്ടുള്ള ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി നൽകാൻ അദ്ദേഹത്തിനായില്ല. മാത്രമല്ല, ആ ഇടപാടിനു പിന്നിൽ വൻ ഗൂഢാലോചനയും അഴിമതിയും ഉണ്ടെന്ന് കൂടുതൽ വ്യക്തമാകുകയും ചെയ്യുകയാണിപ്പോൾ. കേളത്തിലെ ഐടി സംവിധാനങ്ങളെ വിശ്വാസത്തിലെടുക്കാനോ വികസിപ്പിക്കാനോ ഐടി സെക്രട്ടറി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.







































