സിംഗപ്പൂർ: ജീവനക്കാരിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാസ്റ്റ് ഫുഡ് ഭീമന്മാരായ മക്ഡൊണാൾഡ് സിംഗപ്പൂരിലെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. മെയ് 4വരെയാണ് പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് മക്ഡൊണാൾഡിലെ ഏഴ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഡ്രൈവ് ത്രൂ, ഡെലിവറി സേവനങ്ങൾ എന്നിവയും നിർത്തി. അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക് ഡൊണാൾഡ് സനിയാഴ്ച മുതൽ സിംഗപ്പൂരിൽ പ്രവർത്തനം നിർത്തിയതായി ന്യൂസ് ഏഷ്യ ചാനലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊറോണ വ്യാപനം തടയുന്നതിനായി മെയ് നാലു വരെ ഡ്രൈവ് ത്രൂ, ഡെലിവറി സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള റെസ്റ്റോറന്റിന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടതായി മക്ഡൊണാൾഡ് കുറിപ്പിൽ വ്യക്തമാക്കി.
ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്കായി എല്ലാ സുരക്ഷാ മുൻകരുതൽ നടപടികളും സ്വീകരിച്ചിരുന്നുവെന്നും ഒപ്പം വൈറസ് പടരുന്നത് തടയുന്നതിന് തങ്ങൾക്ക് ചെയ്യാനാവുന്നത് ചെയ്യുമെന്നും മക്ഡൊണാൾഡ് സിംഗപ്പൂർ മാനേജിംഗ് ഡയറക്ടർ കെന്നത്ത് ചാൻ പറഞ്ഞു.
“ഞങ്ങളുടെ ഉപഭോക്താക്കളുടെ നിരന്തരമായ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു, മെയ് 5 ന് വീണ്ടും സേവനം ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ 135 ഔട്ട്ലെറ്റുകളിൽ ജോലി ചെയ്യുന്ന പതിനായിരത്തിലധികം ജീവനക്കാരുടെ ശമ്പളം നൽകുന്നത് തുടരുമെന്നും കമ്പനി അറിയിച്ചു. ശനിയാഴ്ച മാത്രം 942 പുതിയ കോവിഡ് കേസുകളാണ് സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തത്. 11 പേരാണ് സിംഗപ്പൂരിൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 6000 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.